- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിസംബര്‍ അഞ്ചിന് ഊര്‍ജമന്ത്രി കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നത് തര്‍ക്കം പുറത്താക്കി; മണിയാര്‍ പദ്ധതിയെ കാര്ബോറാണ്ടത്തെ തന്നെ ഏല്‍പ്പിക്കും; രേഖാ ചോര്‍ച്ചയില്‍ വൈദ്യുതി വകുപ്പിലെ പ്രമുഖരുടെ തള ഉരുളും! പിണറായിയ്ക്ക് കൃഷ്ണന്‍കുട്ടിയോടും അതൃപ്തി
കൊച്ചി: ആരെന്തു പറഞ്ഞാലും മണിയാര്‍ പദ്ധതി കാര്‍ബോറാണ്ടം കമ്പനിക്ക് നല്‍കും. മണിയാര്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി-വ്യവസായ മന്ത്രിമാര്‍ക്കിടയിലെ ഭിന്നതയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ബോറാണ്ടം കമ്പനിക്ക് അനുകൂലമാണ്. സംഭവം വിവാദമായതില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയോട് മുഖ്യമന്ത്രി അതൃപ്തിയിലാണ്. നേരിട്ട് തന്റെ നിലപാട് വൈദ്യുതി മന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. അഴിമതിയുടെ സാധ്യതകള്‍ ചര്‍ച്ചയാകും വിധം രേഖകള്‍ പുറത്തായതില്‍ മുഖ്യമന്ത്രി അതൃപ്തിയിലാണ്. മണിയാറുമായി ബന്ധപ്പെട്ട് ഊര്‍ജവകുപ്പില്‍ നടന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നതില്‍ ഊര്‍ജ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് സൂചന.
മണിയാര്‍ കരാര്‍ നീട്ടാനുള്ള നീക്കത്തിനുപിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചു. ചെന്നിത്തല കാര്യം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് രാജീവ് പ്രതികരിച്ചു. മണിയാറിലൂടെ കാര്‍ബോറണ്ടം കമ്പനിക്ക് ആവശ്യമായ വൈദ്യുതിയുടെ 17 ശതമാനമേ ലഭിക്കുന്നുള്ളൂ. പഴയ കരാരില്‍നിന്ന് വ്യത്യസ്തമായി ക്യാപ്റ്റീവ് പവര്‍ പ്ലാന്റിന്റെ കാര്യത്തില്‍ ദേശീയതലത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും വിശദീകരിച്ചു. ഇതിനിടെയാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്തു വന്നത്. ഡിസംബര്‍ അഞ്ചിന് ഊര്‍ജമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നത്. ഡിസംബര്‍ 31-ന് ബൂട്ട് കാലാവധി അവസാനിക്കുമെന്നതിനാല്‍ പദ്ധതി വൈദ്യുതിബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് കാര്‍ബോറാണ്ടത്തിന് നോട്ടീസ് നല്‍കിയതായി സി.എം.ഡി. ബിജു പ്രഭാകര്‍ യോഗത്തെ അറിയിച്ചു.
വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ബോര്‍ഡ് സി.എം.ഡി. ബിജുപ്രഭാകറും മണിയാര്‍ പദ്ധതി കരാര്‍ പുതുക്കേണ്ടെന്ന് നിര്‍ദേശിച്ചതായി മിനിറ്റ്‌സിലുണ്ടായിരുന്നു. രാജീവ് മണിയാര്‍ പദ്ധതിയില്‍ കാര്‍ബോറാണ്ടം കമ്പനിക്ക് അനുകൂലമായി പരസ്യനിലപാടെടുത്ത ശേഷമാണ് ഇത് പുറത്തുവന്നത്. മൂന്നുമാസംമുന്‍പ് കെ.എസ്.ഇ.ബി. പെന്‍ഷനേഴ്സ് കൂട്ടായ്മ മുഖ്യമന്ത്രിക്ക് പരാതിനല്‍കിയിരുന്നു. കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡിന് 30 വര്‍ഷത്തിനുശേഷവും കരാര്‍ നീട്ടിക്കൊടുക്കാന്‍ നീക്കമുണ്ടെന്നായിരുന്നു പരാതി. ഇതിന് പിന്നില്‍ വൈദ്യുതി വകുപ്പിലെ ഉന്നതരാണെന്ന നിഗമനം ഇടതു മുന്നണിയ്ക്കുമുണ്ട്. രേഖകള്‍ പുറത്തു വിട്ടത് വൈദ്യുതി വകുപ്പില്‍ നിന്നാണെന്നാണ് വ്യവസായ വകുപ്പിന്റേയും വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (ബൂട്ട്) സമ്പ്രദായത്തില്‍ 1994-ല്‍ ഉത്പാദനം തുടങ്ങിയ പദ്ധതി 30 വര്‍ഷം തികയുന്ന 2024 ഡിസംബറില്‍ വൈദ്യുതി ബോര്‍ഡിന് കൈമാറേണ്ടതാണ്. കാലാവധി നീട്ടുന്നത് നിയമത്തിനെതിരാണെന്നും ഭാവിയില്‍ ഇതേ ആവശ്യമുന്നയിച്ച് മറ്റുകമ്പനികള്‍ സമീപിക്കുമെന്നും കെ എസ് ഇ ബി ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനുശേഷം വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി വൈദ്യുതിബോര്‍ഡിന്റെ ഈ നിലപാട് പരസ്യമായി പറയുകയും ചെയ്തു. ഇതോടെ എതിര്‍പ്പ് മറനീക്കി പുറത്തു വന്നു. ജെഡിഎസിന്റെ ഭാഗമാണ് കൃഷ്ണന്‍കുട്ടി. ദേശീയ തലത്തില്‍ ബിജെപിക്കൊപ്പമാണ് ജെഡിഎസ്. എന്നിട്ടും കേരളത്തിലെ ഇടതു മുന്നണി കൃഷ്ണന്‍ കുട്ടിയെ പുറത്താക്കിയില്ല.
അതിനിടെ സര്‍ക്കാര്‍ കാലാവധി നീട്ടിക്കൊടുത്ത മണിയാര്‍ ചെറുകിട വൈദ്യുതി പദ്ധതിയുടെ നടത്തിപ്പുകാരായ കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍ കമ്പനി കരാര്‍ ലംഘനം നടത്തിയെന്ന വൈദ്യുതി ബോര്‍ഡ് നിലപാടില്‍ വിദഗ്ധരുമായി കൂടിയാലോചനകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമാകും കരാര്‍ നീട്ടുന്നതില്‍ അന്തിമ തീരുമാനം എടുക്കൂ. വ്യവസായം നിലനില്‍ക്കാന്‍ ഈ പദ്ധതി സ്വകാര്യ കമ്പനിയുടെ കൈവശം തുടരാന്‍ അനുവദിക്കണമെന്ന് വ്യവസായ വകുപ്പ്. കരാറിന്റെ നിയമവശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് നിയമവിദഗ്ധരില്‍ നിന്നും മുഖ്യമന്ത്രി നേരിട്ട് അഭിപ്രായം ആരായുക.
സ്വന്തം ചെലവില്‍ ജലവൈദ്യുത പദ്ധതി നിര്‍മിച്ച് കൈവശം വച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറുകയെന്ന (ബിഒഒടി) വ്യവസ്ഥയോടെ 1991 മേയ് 18ന് ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തില്‍ മണിയാര്‍ പദ്ധതി പൂര്‍ണമായി കെഎസ്ഇബിക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് കെഎസ്ഇബി നവംബര്‍ 12ന് കത്തു നല്‍കിയിരുന്നു. 2025 ജനുവരി ഒന്നിനു മുന്‍പ് കൈമാറ്റം പൂര്‍ത്തിയാക്കണമെന്നാണ് കെ എസ് ഇ ബിയുടെ ആവശ്യം. ഇതിനിടെയാണ് മണിയാര്‍ വൈദ്യുതി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 1991 മേയ് 18-ന് വൈദ്യുതി ബോര്‍ഡുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന വാദം ഉയരുന്നത്.
2022 ഡിസംബറില്‍ അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജന്‍ ഖൊബ്രഗാഡെ സര്‍ക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ നടപടികളിലേക്ക് കടന്നില്ല. 2003ല്‍ ഓപ്പണ്‍ അക്സസ് (ഉപഭോക്താക്കള്‍ക്ക് ഉത്പാദകരില്‍നിന്ന് നേരിട്ടു വൈദ്യുതി വാങ്ങാനുള്ള സൗകര്യം) സംവിധാനം നിലവില്‍വന്നശേഷം കരാര്‍ വ്യവസ്ഥ ലംഘിച്ച് കമ്പനി വൈദ്യുതി ഉത്പാദനവും വില്‍പ്പനയും നടത്തിയെന്നാണ് കെ എസ് ഇ ബി വാദം. ഇത് അവഗണിച്ചാണ് 25 വര്‍ഷത്തേക്കുകൂടി കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ നീട്ടിനല്‍കുന്നതിനുള്ള നീക്കം വ്യവസായ വകുപ്പ് നടത്തുന്നതെന്നാണ് ആരോപണം.