തിരുവനന്തപുരം: കാര്യങ്ങള്‍ പ്രതീക്ഷിച്ച തലത്തിലേക്ക് എത്തുന്നു. കെ എസ് ഇ ബിയില്‍ നിന്നും ബിജു പ്രഭാകറിനെ ഓടിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ചെയര്‍മാനെതിരെ സി.പി.എം അനുകൂല സംഘടനയുടെ സമരം പുതിയ തലത്തിലെത്തുന്നു. ചെയര്‍മാനെ നിലയ്ക്കുനിറുത്താന്‍ മന്ത്രി തയ്യാറാകണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പത്തനംതിട്ട മണിയാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതി ഏറ്റെടുത്ത കാര്‍ബോറാണ്ടം കമ്പനിയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതോടെ ചിലരുടെ കണ്ണിലെ കരടായി ബിജു പ്രഭാകര്‍ മാറിയിരുന്നു. കുത്തക കമ്പനിയ്ക്ക് വീണ്ടും കരാര്‍ പുതുക്കി നല്‍കുന്നതിനെ വൈദ്യുതി ബോര്‍ഡ് എതിര്‍ക്കുകായണ്. ഈ സാഹചര്യത്തിലാണ് ചെയര്‍മാനെതിരായ സിപിഎം സമരം പുതിയ തലത്തിലേക്ക് എത്തുന്നത്.

പത്തനംതിട്ട മണിയാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതി ഏറ്റെടുത്ത കാര്‍ബോറാണ്ടം കമ്പനി കെ.എസ്.ഇ.ബിയുടെ വൈദ്യുതി കെ.എസ്.ഇ.ബിക്കു തന്നെ മറിച്ചുനല്‍കി ലാഭമുണ്ടാക്കിയെന്ന് വ്യക്തമായിരുന്നു. ജലവൈദ്യുതി പദ്ധതിയുടെ വൈദ്യുതി ഉപയോഗിക്കുന്നതിനു പകരം കമ്പനിക്കാവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയും ബാക്കിവന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി തിരികെ കെ.എസ്.ഇ.ബിക്കു നല്‍കി കരാര്‍പ്രകാരം പണം കൈപ്പറ്റുകയും ചെയ്തു. ഇതുസംബന്ധിച്ച് 2022 നവംബറില്‍ രണ്ടു തവണ കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കിയെന്നും പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നത് വിലക്കിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇതെല്ലാം കെ എസ് ഇ ബി ചര്‍ച്ചയാക്കുന്നത് ചില കേന്ദ്രങ്ങള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇതിനിടെയാണ് ചെയര്‍മാനെതിരെ സിപിഎം സംഘടന തന്നെ പരസ്യമായി രംഗത്തു വരുന്നത്. കെ എസ് ഇ ബിയില്‍ മാ്റ്റങ്ങള്‍ക്ക് ശ്രമിക്കുന്ന ഐഎഎസുകാരെ എല്ലാം സമ്മര്‍ദ്ദത്തിലൂടെ പുറത്താക്കുന്നതാണ് രീതി.

വിവിധ മുദ്രാവാക്യങ്ങളുയര്‍ത്തി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവന്‍ വളയല്‍ സമരം തുടരുകയാണ്. അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം വൈദ്യുതി ഭവന്‍ തൊഴിലാളികള്‍ വളഞ്ഞത്. പ്രതിഷേധം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് മേഴ്സികുട്ടി അമ്മ, സിഐടിയു സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്നാല്‍ ഈ സമരം ബിജു പ്രഭാകറിനെതിരെയുള്ള സമര പ്രഖ്യാപനമാക്കി മാറ്റുകയായിരുന്നു സിപിഎം സംഘടന. പല വിധ വിഷയങ്ങളുയര്‍ത്തിയാണ് സമരം. ഇതെല്ലാം കെ എസ് ഇ ബി ചെയര്‍മാനും അപ്പുറം സര്‍ക്കാര്‍ തീരുമാനം വേണ്ടതുമാണ്.

22.10.2024ല്‍ മാനേജ്മെന്റും അംഗീകൃതസംഘടനയും നിയമനത്തിന് സംയുക്തമായി തീരുമാനിച്ച എണ്ണം നിയമനം പി. എസ്. സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുക. 22-10-2024 ല്‍ തീരുമാനിച്ച പ്രകാരം ആശ്രിത നിയമനം നടത്തുക. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുവാന്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനം നടത്തുക.

4, ഉപഭോക്താക്കള്‍ക്ക് തടസരഹിത സേവനം നല്‍കുവാന്‍ കോടതിയലഷ്യ കേസ് തീര്‍പ്പാക്കി വര്‍ക്കറില്‍ നിന്നും ലൈന്‍മാന്‍ പ്രൊമോഷന്‍ നടത്തുക. ഗുണമേന്മയുള്ള സാധന സാമഗ്രികള്‍ സമയബന്ധിതമായി വിതരണം ചെയ്യുക. ശമ്പള പരിഷ്‌ക്കരണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക-ഇതെല്ലാമാണ് ആവശ്യം. എന്നാല്‍ പെട്ടെന്ന് സമരം ബിജു പ്രഭാകറിനെതിരെ മാത്രമാകുന്നു. ഇവിടെയാണ് കാര്‍ബോറാണ്ടം ഇഫക്ട് ചര്‍ച്ചയാകുന്നത്.

ഭൂമിശാസ്ത്രപരമായി അനുകൂലസാഹചര്യമില്ലെങ്കിലും കേരളത്തില്‍ ദീര്‍ഘകാലമായി വ്യവസായവും പുതിയ നിക്ഷേപങ്ങളും നടത്തുന്നതു സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതു കൊണ്ടാണെന്നു കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ കമ്പനി വിശദീകരിച്ചിരുന്നു. മണിയാര്‍ ചെറുകിട ജലവൈദ്യുതപദ്ധതിയുടെ കരാര്‍ കാലാവധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടു കമ്പനി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമായില്ലെങ്കില്‍ വ്യവസായം തുടരാനാകില്ലെന്നും കമ്പനി പറയുന്നു. ഇതിനെ കെ എസ് ഇ ബി എതിര്‍ക്കുന്നു. വ്യവസായ വകുപ്പ് മണിയാര്‍ നല്‍കണമെന്ന നിലപാടിലാണ്. വഴങ്ങാത്ത കെ എസ് ഇ ബിയുടെ തലപ്പത്ത് പുതിയ ആളെ കൊണ്ടു വന്ന് തീരുമാനം മാറ്റിക്കാനാണ് ചില കേന്ദ്രങ്ങളുടെ ശ്രമം. ഇതിന്റെ ഭാഗമാണ് ബിജു പ്രഭാകറിനെതിരായ നീക്കമെന്നാണ് സൂചന.

പ്രതിവര്‍ഷം 3 കോടി യൂണിറ്റ് ഉല്‍പാദനശേഷിയുള്ള മണിയാര്‍ പദ്ധതിയില്‍നിന്നാണു കമ്പനിയുടെ വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതിയുടെ 20% കണ്ടെത്തുന്നത്. ബാക്കി കെഎസ്ഇബിയില്‍നിന്ന് ഓപ്പണ്‍ ആക്‌സസ് മുഖേന വാങ്ങുന്നു. 1991ല്‍ മണിയാര്‍ ജലവൈദ്യുതപദ്ധതി ആരംഭിക്കാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ സ്വകാര്യ മേഖലയില്‍ ഇത്തരത്തിലെ ആദ്യത്തെ സംരംഭമായതിനാല്‍ കരാര്‍ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് ധാരണയുണ്ടായിരുന്നില്ല. അതിനാല്‍ കരാര്‍ പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നാലെ വന്ന സംരംഭകര്‍ കരാര്‍ കാലാവധി കഴിയുമ്പോള്‍ ഉഭയധാരണ പ്രകാരം പുതുക്കാനുള്ള വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമ്പോള്‍ ആദ്യമായി ഈ മേഖലയില്‍ നിക്ഷേപം നടത്തിയ കാര്‍ബോറാണ്ടം കമ്പനിക്കു മാത്രം നിഷേധിക്കരുതെന്നാണ് കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ കെ.എസ്.ഇ.ബി 2022ല്‍ പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങരുതെന്ന് കമ്പനിയോട് ആവശ്യപ്പെട്ട കത്ത് പുറത്തു വന്നിരുന്നു. പകല്‍ സമയത്ത് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വൈദ്യുതിക്ക് വില കുറവാണെന്നിരിക്കേ യൂനിറ്റിന് രണ്ടു രൂപയില്‍ താഴെ മാത്രം വിലക്ക് വൈദ്യുതി വാങ്ങി കമ്പനി ആവശ്യത്തിന് ഉപയോഗിക്കുകയും ഇതുമൂലം ബാക്കിവന്ന ഉല്‍പാദിപ്പിച്ച കെ.എസ്.ഇ.ബി വൈദ്യുതി കെ.എസ്.ഇ.ബിക്ക് യൂനിറ്റിന് മൂന്നു മുതല്‍ നാലു രൂപ വരെ നിരക്കില്‍ തിരികെ നല്‍കുകയായിരുന്നു. കമ്പനിയുമായുള്ള കരാറില്‍ കമ്പനി ആവശ്യത്തിനു ശേഷമുള്ള വൈദ്യുതി തിരികെ നല്‍കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഫലത്തില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കെ.എസ്.ഇ.ബിക്കുതന്നെ നല്‍കി കമ്പനി ലാഭം കൊയ്യുകയായിരുന്നു. 2022 നവംബറിലാണ് ഇക്കാര്യം കെ.എസ്.ഇ.ബി അറിഞ്ഞതും നടപടി എടുത്തതും. ഇത്തരത്തില്‍ കാലങ്ങളായി കമ്പനി ലക്ഷങ്ങള്‍ ലാഭം കൊയ്തുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

കെ.എസ്.ഇ.ബി വൈദ്യുതി പൂര്‍ണമായി ഉപയോഗിച്ചശേഷം മാത്രമേ സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങാന്‍ പാടുള്ളൂവെന്ന് നവംബറില്‍ കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ കാര്‍ബോറാണ്ടത്തിന് നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. 2022 ജനുവരി മുതല്‍ വൈദ്യുതിക്ഷാമമുള്ള മേയ് ഒഴിച്ച് കെ.എസ്.ഇ.ബി വൈദ്യുതി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് കരാറില്‍ വ്യക്തമായി പറയുന്നുണ്ട്. ഇക്കാര്യം 2021 ആഗസ്റ്റ് 28ന് റെഗുലേറ്ററി കമീഷനും ആവര്‍ത്തിച്ചിട്ടുണ്ട്. 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18നാണ് കാര്‍ബോറാണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡുമായി കെ.എസ്.ഇ.ബി കരാര്‍ ഒപ്പുവെക്കുന്നത്. ബി.ഒ.ടി (ബില്‍ഡ്, ഓപറേറ്റ്, ട്രാന്‍സ്ഫര്‍) വ്യവസ്ഥപ്രകാരം 30 വര്‍ഷത്തേക്കായിരുന്നു കരാര്‍.