തിരുവനന്തപുരം: കേരളം സംരംഭ സൗഹൃദ സംസ്ഥാനമായെന്ന സര്‍ക്കാര്‍ വാദം വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുമ്പോള്‍ വൈദ്യുത കണക്ഷന്‍ ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായി സംരംഭകര്‍. ട്രാന്‍സ്ഫോര്‍മറുകളുടെ ക്ഷാമമാണ് ഉപഭോക്താക്കളെ ദുരിതത്തിലായിരിക്കുന്നത്. കഴക്കൂട്ടം കെ.എസ്.ഇ.ബി സെക്ഷന് കീഴില്‍ പണമടച്ച 10 ഓളം സംരംഭകര്‍ക്ക് ട്രാന്‍സ്ഫോര്‍മറുകളുടെ ക്ഷാമം കാരണം വൈദ്യുത കണക്ഷന്‍ ലഭിച്ചിട്ടില്ല എന്നാണ് ആരോപണം. വ്യവസായ- വാണിജ്യ മേഖലയിലടക്കമുള്ളവര്‍ കണക്ഷനുകള്‍ക്ക് വേണ്ടി ട്രാന്‍സ്ഫോര്‍മറുകളുടെ പണമടച്ച് കാത്തുനില്‍ക്കുകയാണ്. പണമടച്ച് 8 മാസം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. പ്രതികാര നടപടികള്‍ ഭയന്ന് പരാതി പറയാനോ, വിശദീകരണം തേടാനോ സംരംഭകര്‍ക്കാവുന്നുമില്ല.

വ്യവസായ- വാണിജ്യ മേഖലയിലടക്കമുള്ളവര്‍ കണക്ഷനുകള്‍ക്ക് വേണ്ടി ട്രാന്‍സ്ഫോര്‍മറുകളുടെ പണമടച്ച് കാത്തുനില്‍ക്കുന്നത്. ട്രാന്‍സ്ഫോര്‍മറുകളും പുതിയ മീറ്ററുകളും സെക്ഷന്‍ ഓഫിസുകളില്‍ ലഭ്യമല്ലാത്തതിനാല്‍ വൈദ്യുത കണക്ഷന്‍ കിട്ടാന്‍ കാലതാമസം നേരിടുന്നത്. ഇതില്‍ ഭൂരിഭാഗവും പകല്‍ നേരത്തെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള വ്യവസായങ്ങളായതിനാല്‍ ഉപഭോക്താക്കളില്‍നിന്ന് ലഭ്യമാകേണ്ട കോടികളാണ് കെ.എസ്.ഇ.ബിയ്ക്ക് പ്രതിദിനം നഷ്ടമാകുന്നത്. സംസ്ഥാനത്ത് വൈദ്യത ഉപയോഗം വര്‍ധിച്ചിട്ടും ട്രാന്‍സ്ഫോമറുകളുടെ എണ്ണം കൂട്ടാന്‍ കെ.എസ്.ഇ.ബിയ്ക്ക് സാധിക്കുന്നില്ല.

അമിത ലോഡില്‍ കേടാവുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് പകരം സംവിധാനമൊരുക്കാനും കെ.എസ്.ഇ.ബിയ്ക്ക് കഴിഞ്ഞിട്ടില്ല. പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിലവിലുള്ളവയുടെ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രശ്‌നത്തിനുള്ള ഏക പരിഹാരം. എന്നാല്‍, ആവശ്യത്തിന് ട്രാന്‍സ്ഫോര്‍മറുകള്‍ ലഭ്യമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. വേനല്‍ ചൂട് രൂക്ഷമാകുമ്പോള്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. ഏപ്രില്‍ മാസം ആകുമ്പോഴേയ്ക്കും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ട്രാന്‍സ്ഫോര്‍മറുകളുടെ ക്ഷാമം പരിഹരിക്കേണ്ടത് അനിവാര്യമാണ്.

കുറച്ചുകാലമായി ട്രാന്‍സ്ഫോര്‍മറുകള്‍, എനര്‍ജി മീറ്ററുകള്‍ തുടങ്ങിയവക്ക് രൂക്ഷ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സാധന സാമഗ്രികള്‍ വാങ്ങുന്ന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ഇവയുടെ സംഭരണ ഉത്തരവാദിത്തം. അതോടൊപ്പം തകരാറിലായ മീറ്ററുകള്‍ മാറ്റാന്‍ പറ്റാതെയുണ്ടാകുന്ന കോടികളുടെ നഷ്ടവും കെ.എസ്.ഇ.ബിക്ക് തലവേദനയായിട്ടുണ്ട്. തകരാറിലായ മീറ്ററുകള്‍ ഏഴുദിവസംകൊണ്ട് മാറ്റണമെന്നാണ് നിയമമെങ്കിലും മാസങ്ങളായിട്ടും മാറ്റാത്തവ ധാരാളമാണ്. ശരാശരിയനുസരിച്ച് ബില്‍ നല്‍കുന്നതിനാലും കെ.എസ്.ഇ.ബിക്ക് വന്‍ നഷ്ടമുണ്ടാകുന്നു. കൃത്യസമയത്ത് മീറ്ററുകള്‍ എത്തിക്കുന്നതിലും ട്രാന്‍സ്ഫോര്‍മറുകള്‍ ലഭ്യമാക്കുന്നതിലും ഉന്നതര്‍ വരുത്തുന്ന വീഴ്ചയാണ് ഇതിന് കാരണം.

കഴിഞ്ഞ വര്‍ഷത്തെ വൈദ്യുതി പ്രതിസന്ധി കെ.എസ്.ഇ.ബി.യ്ക്ക് പാഠമായില്ലെന്നും ട്രാന്‍സ്‌ഫോര്‍മറുകളുടെ ക്ഷാമം മലബാര്‍ മേഖലയിലെ ഉപഭോക്താക്കളെ ഏറെ ദുരിതത്തിലാക്കുമെന്നും ഉള്ള തരത്തിലെ വാര്‍ത്ത വസ്തുതാപരമല്ലെന്ന് കെ എസ് ഇ ബി വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് പറഞ്ഞു വയ്ക്കുന്നതാണ് കഴക്കൂട്ടത്തെ സംഭവം. മേയ് 2025-ഓടെ ട്രാന്‍സ്‌ഫോര്‍മര്‍ നല്‍കാമെന്ന് കരാറില്‍ ഏര്‍പ്പെട്ടവരുമായി ആശയവിനിമയം നടത്തി മാര്‍ച്ചില്‍ തന്നെ ഇവ ലഭ്യമാക്കാനാവുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന ്‌കെ എസ് ഇ ബി പറയുന്നു.

മാര്‍ച്ച് മാസത്തില്‍ തന്നെ 25 ശതമാനം അധിക എണ്ണത്തിന് ഓര്‍ഡറും നല്‍കിയിട്ടുണ്ട്. കേടാവുന്നവ മാറ്റി സ്ഥാപിക്കുന്നതിനായി 100 ട്രാന്‍സ്‌ഫോര്‍മറുകള്‍ പ്രത്യേകം കരുതിയിട്ടുണ്ടെന്നാണ് കെ എസ് ഇ ബി അവകാശ വാദങ്ങള്‍.