തിരുവനന്തപുരം: ഈ തുകയും പാവപ്പെട്ട ഉപയോക്താക്കളില്‍ നിന്നും കെ എസ് ഇ ബി ഈടാക്കും. ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ കെഎസ്ഇബിയുടെ വീഴ്ചമൂലം സംഭവിച്ചത് 500 കോടിയുടെ നഷ്ടമാണ്. ഈ തുക സത്യത്തില്‍ പിടിച്ചെടുക്കേണ്ടത് വീഴ്ച വരുത്തിയവരില്‍ നിന്നാണ്. പക്ഷേ അത് അവര്‍ ചെയ്യില്ല. ഈ നഷ്ടക്കണക്ക് കൂടി പാവങ്ങളില്‍ നിന്നും പിഴിഞ്ഞെടുക്കും. അതായത് വൈദ്യുതി നിരക്ക് കൂട്ടാന്‍ ഒരു കാരണം കൂടി തെളിയുകയാണ്. ബിജു പ്രഭാകര്‍ ഐഎഎസ് കെ എസ് ഇ ബിയുടെ തലപ്പത്ത് എത്തിയതോടെയാണ് ഈ കള്ളക്കളി കണ്ടെത്തിയത്. കരാറുകാര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ചൈനീസ് കമ്പനി കയ്യൊഴിഞ്ഞ സ്ഥിതിക്ക് കെഎസ്ഇബിക്ക് പകരം എന്തെങ്കിലും ചെയ്യണമെങ്കില്‍ നിലവിലെ കരാറുകാരെ മാറ്റണം. അതിന്റെ ആദ്യപടിയായാണ് നോട്ടിസ് നല്‍കിയതെന്ന് ബിജു പ്രഭാകര്‍ പറയുന്നു.

ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ കരാര്‍ ലംഘനം നടത്തിയ കമ്പനിയെ ഒഴിവാക്കാതെയും മുന്‍കൂര്‍ തുക നല്‍കിയും വൈദ്യുതി ഉല്‍പാദനത്തിലുണ്ടായ നഷ്ടത്തിലൂടെയുമാണ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ക്രമവിരുദ്ധമായ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. അന്വേഷിച്ചാലും ഈ തുക കെ എസ് ഇ ബിയ്ക്ക് നല്‍കേണ്ടത് ഉപഭോക്താക്കളുടെ ബാധ്യതയായി മാറും. 24 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയോടെയാണ് 2015 മാര്‍ച്ചില്‍ തമിഴ്‌നാട്ടിലെ ശ്രീശരവണ എന്‍ജിനീയറിങ് ഭവാനി (എസ്എസ്ഇബി) എന്ന കമ്പനിക്കു കരാര്‍ നല്‍കിയത്. പദ്ധതിയുടെ സിവില്‍ ജോലികളും ഈ കമ്പനിയാണ് ചെയ്തത്. മനോരമയാണ് ഈ ചതിക്കഥ ചര്‍ച്ചയാക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്.

ചൈനയിലെ ഹുനാന്‍ ചൗയാങ് ജനറേറ്റിങ് എക്വിപ്‌മെന്റ്‌സ് കമ്പനിയില്‍നിന്ന് 2 ലോഡ് സാമഗ്രികള്‍ എത്തിച്ചെങ്കിലും റോട്ടര്‍, സ്റ്റേറ്റര്‍, റണ്ണര്‍ തുടങ്ങിയ പ്രധാന ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ ലോഡ് ഇവര്‍ എത്തിച്ചില്ല. എന്നാല്‍, ഇതു പരിഗണിക്കാതെ കരാര്‍ തുകയായ 81.80 കോടിയില്‍ 70.44 കോടി രൂപയും കെഎസ്ഇബി കൈമാറി. കരാര്‍ നിബന്ധനകള്‍ക്കു വിരുദ്ധമായിരുന്നു ഇതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് മനോരമയാണ്. 8 വര്‍ഷത്തിനിടയില്‍ കെഎസ്ഇബി പലതവണ ആവശ്യപ്പെട്ടപ്പോഴും കമ്പനി എല്ലാം ശരിയാക്കാമെന്നു പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ലെന്നതാണ് വസ്തുത. ഈ തുകയെല്ലാം സാധാരണ വൈദ്യുതി ഉപഭോക്താക്കളുടെ ബാധ്യതയായി മാറുമെന്നതാണ് വസ്തുത. ഈ നഷ്ടം ഉള്‍പ്പെടെ റെഗുലേറ്ററി കമ്മീഷന് നല്‍കുന്ന കണക്കുകളില്‍ കെ എസ് ഇ ബി ഉള്‍പ്പെടുത്തും. അതിന്റെ ആഘാതം സാധാരണക്കാര്‍ക്ക് കിട്ടുകയും ചെയ്യും.

സിവില്‍, ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ക്കായി കൈമാറിയത് ആകെ 169 കോടി രൂപയാണ്. ഇതുവരെ പൂര്‍ത്തിയാക്കാത്ത ഇലക്ട്രോ മെക്കാനിക്കല്‍ ജോലികള്‍ക്കാണ് ഇതില്‍ 70.44 കോടി രൂപയും. 2016 ഓഗസ്റ്റ് 3 മുതല്‍ ഉല്‍പാദനം തുടങ്ങേണ്ടിയിരുന്ന പദ്ധതിയില്‍ നിന്നു പ്രതിവര്‍ഷം 35 കോടി രൂപയുടെ വൈദ്യുതി ലഭിക്കേണ്ടതായിരുന്നു. ആ ഇനത്തില്‍ 8 വര്‍ഷത്തെ നഷ്ടം 280 കോടി രൂപ. മുടക്കിയ തുകയുടെ പലിശ, പുറത്തു നിന്നു വാങ്ങേണ്ടി വന്ന വൈദ്യുതിയുടെ വില, അതിന്റെ പലിശ എന്നിവയുള്‍പ്പെടെ ആകെ 500 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തലെന്ന് മനോരമ പറയുന്നു.

കഴിഞ്ഞ ജൂലൈയില്‍ കെഎസ്ഇബി ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ ഉപകരണങ്ങളെല്ലാം മറ്റൊരു കമ്പനിക്കു വിറ്റുവെന്നായിരുന്നു മറുപടി. ഇതിനിടെ, മറ്റൊരു ചൈനീസ് കമ്പനി മുഖേന കൂടുതല്‍ തുകയ്ക്ക് ഉപകരണങ്ങള്‍ ഇറക്കാനുള്ള ശ്രമം കരാര്‍ കമ്പനി നടത്തി. ഇതോടെ, 15 ദിവസത്തിനകം ഉപകരണങ്ങള്‍ എത്തിക്കാനുള്ള നടപടിയെടുക്കണമെന്നും 90 ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിയില്ലെങ്കില്‍ കമ്പനിയുടെ ബാധ്യതയിലും ചെലവിലും റീടെന്‍ഡര്‍ നടപടികളിലേക്കും നിയമനടപടിയിലേക്കും കടക്കുമെന്നും കമ്പനിയെ വിലക്കുപട്ടികയില്‍ (ബ്ലാക്ക് ലിസ്റ്റില്‍) ഉള്‍പ്പെടുത്തുമെന്നും അറിയിച്ച് കെഎസ്ഇബി കഴിഞ്ഞ ദിവസം കത്തയച്ചിട്ടുണ്ട്. കരാര്‍ കമ്പനിയുടെ പ്രതികരണത്തിനായി ഇമെയില്‍ മുഖേനയും ഫോണിലൂടെയും ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.