- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു മുറി വീട്, രണ്ട് എൽഇഡി ബൾബ്, രണ്ടു ഫാൻ; സാധു കുടുംബത്തിന് കെഎസ്ഇബി നൽകിയത് 17044 രൂപയുടെ ബിൽ! അടയ്ക്കാൻ വൈകിയപ്പോൾ വൈദ്യുതി വിച്ഛേദിച്ചു; ഡമ്മി മീറ്റർ പരീക്ഷണത്തിൽ വിജയം കെഎസ്ഇബിക്ക്; പണമടച്ചേ തീരുവെന്ന് അന്ത്യശാസനം; കൂലിപ്പണിക്കാരൻ വിജയൻ ഇനി ഇരുട്ടിൽ തന്നെ
തിരുവല്ല: രണ്ട് മുറി വീട്. അവിടെ ആകെയുള്ളത് രണ്ട് എൽഇഡി ബൾബും രണ്ടു ഫാനും മാത്രം. പക്ഷേ, വന്നിരിക്കുന്ന ദ്വൈമാസ വൈദ്യുതി ബിൽ 17044 രൂപ. പരാതി ചെന്നപ്പോൾ കെഎസ്ഇബിയുടെ ഡമ്മി മീറ്റർ പരീക്ഷണം. ഡമ്മി പരീക്ഷയിൽ വിജയം കെ.എസ്.ഇബിക്ക്. ബിൽ തുക അടച്ചേ തീരുവെന്ന് അവർക്ക് നിർബന്ധം. ഹൃദ്രോഗിയായ മാതാവ് അടക്കമുള്ള നിർധന കുടുംബത്തിന് ഇനി എന്നും ഇരുട്ടിൽ കഴിയാൻ വിധി. ബില്ല് നൽകിയതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
പെരിങ്ങര പഞ്ചായത്ത്12-ാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയനും കുടുംബത്തിനുമാണ് കെഎസ്ഇബി മണിപ്പുഴ സെക്ഷൻ അപ്രതീക്ഷിത ഇരുട്ടടി നൽകിയത്. വിജയനും ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളും 80 വയസോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടിൽ താമസിക്കുന്നത്. വിജയന്റെ ജ്യേഷ്ഠ സഹോദരൻ രമേശിന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 രൂപയിൽ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് 17044 രൂപയുടെ ബില്ല് മൊബൈൽ മുഖേന ലഭിക്കുന്നത്.
ഇതേ തുടർന്ന് വിജയൻ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ പരാതി നൽകി. അംഗീകൃത ഇലക്ട്രിഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നൽകാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യൻ വയറിങ് തകരാറുകൾ ഇല്ലെന്ന് അറിയിച്ചു. തുടർന്ന് മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയൻ വീണ്ടും കെഎസ്ഇബി ഓഫീസിൽ എത്തി. രണ്ട് ദിവസങ്ങൾക്കകം കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വിജയന്റെ നിലവിലുള്ളതിന് പുറമേ മറ്റൊരു മീറ്റർ കൂടി ബോർഡിൽ സ്ഥാപിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെ കൊണ്ടുപോയി.
ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ രണ്ട് ലൈന്മാന്മാർ എത്തി വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. മാതാവിന്റെ ആരോഗ്യ നില മോശമാണെന്നും മക്കളുടെ പരീക്ഷാക്കാലം കൂടി ആയതിനാലും വൈദ്യുതി ബന്ധം വിച്ഛേദിക്കരുത് എന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല എന്ന് വിജയൻ പറയുന്നു.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തനിക്ക് ഭീമമായ ഈ തുക അടയ്ക്കാൻ നിർവാഹമില്ലെന്നും പ്രശ്നം പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം എന്നതുമാണ് ഈ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച് കെഎസ്ഇബി മണിപ്പുഴ സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്