തിരുവനന്തപുരം: രാഷ്ട്രീയ എതിര്‍പ്പുകള്‍ അവഗണിച്ച് ആണവനിലയം സ്ഥാപിക്കാനുള്ള ഒരുക്കങ്ങളുമായി കെ.എസ്.ഇ.ബി മുന്നോട്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചാല്‍ കേരള തീരത്ത് സുലഭമായ തോറിയം ഉപയോഗിച്ച് ആണവനിലയം സ്ഥാപിക്കാനാണ് നീക്കം. നയപരമായ ചര്‍ച്ച നടക്കട്ടേ എന്നതാണ് സര്‍ക്കാര്‍ നിലപാട്. സിപിഎമ്മും ഇതിനെ അനുകൂലിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ തന്നെ സിപിഎം എതിര്‍പ്പുയര്‍ത്തുകയുമില്ല. ഇതും കെ എ്‌സ് ഇ ബിയ്ക്ക് പ്രതീക്ഷയാണ്. വൈദ്യുതി വിപണിയില്‍ വില കൂടിയതോടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗ്ഗമായാണ് ഈ ആണവ നിലയ പദ്ധതിയെ അവതരിപ്പിക്കുക.

വര്‍ധിക്കുന്ന വൈദ്യുതിയാവശ്യം നേരിടാന്‍ പുതിയ ഉത്പാദനസാധ്യതകള്‍ വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വാദം. കൊല്ലം ജില്ലയിലെ ചവറ തീരത്തോടുചേര്‍ന്നുള്ള കായംകുളത്തെ എന്‍.ടി.പി.സി. ഭൂമി ഉപയോഗപ്പെടുത്തി നിലയം യാഥാര്‍ഥ്യമാക്കാനാണ് നീക്കം. തമിഴ്‌നാട്ടിലെ കല്‍പാക്കം തീരത്ത് 32 മെഗാവാട്ടിന്റെ ആണവനിലയം ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) സ്ഥാപിച്ചതാണ് കേരളത്തിന് പ്രചോദനം. ലോകത്തെ തോറിയം ശേഖരത്തിന്റെ 30 ശതമാനവും കേരള കടല്‍ത്തീരത്താണ്. യുറേനിയം 35 റിയാക്ടറില്‍ തോറിയം നിക്ഷേപിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ യുറേനിയം 233 ഐസോടോപ്പ് ലഭ്യമാകും. ഇതിനെ ശുദ്ധീകരിച്ച് കൃത്രിമമായി ആണവോര്‍ജം ഉത്പാദിപ്പിക്കാം. ധാരാളം തോറിയം ശേഖരമുള്ളതുകൊണ്ടുതന്നെ ഊര്‍ജോത്പാദനത്തിന് ചെലവും കുറയും. ന്യൂക്ലിയര്‍ ഫിഷന്‍തന്നെയാണ് പ്രക്രിയ. ആണവറിയാക്ടറുകളെല്ലാം ശക്തമായ സുരക്ഷാകവചത്തോടെ ഒരുക്കുന്നതായതിനാല്‍ പാരിസ്ഥിതികമായോ അല്ലാതെയോ ഉള്ള ആശങ്കവേണ്ടാ എന്നാണ് വിദഗ്ധാഭിപ്രായം.

ചവറയില്‍ തോറിയം പ്ലാന്റാണ് പരിഗണനയില്‍. ചവറയിലും സമീപ പ്രദേശങ്ങളിലുമായി രണ്ട് ലക്ഷം ടണ്‍ തോറിയമുണ്ട്. കരിമണല്‍ മേഖലയായ ആലപ്പുഴയിലെ കായംകുളത്ത് എന്‍.ടി.പി.സി.ക്ക് 1180 ഏക്കര്‍ സ്ഥലമുണ്ട്. അതില്‍ 600 ഏക്കറില്‍ തോറിയം നിലയം സ്ഥാപിക്കാം. 385 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപ നിലയത്തില്‍ വൈദ്യുതി ഉത്പാദനമില്ല. കല്‍പാക്കത്ത് ഭാഭാ അറ്റോറിക് റിസര്‍ച്ച് സെന്ററിന് തോറിയം നിലയമുണ്ട്. അതുപോലൊന്ന് കായംകുളത്ത് സ്ഥാപിക്കാനാണ് ആലോചന. ഇതില്‍ വിവിധ ഘടങ്ങള്‍ നിര്‍ണ്ണായകമാകും. രാഷ്ട്രീയ അഭിപ്രായ ഐക്യമാകും ഇതില്‍ പ്രധാനം.

വിപണിയില്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 3.08രൂപ ആയിരുന്നത് 5.38രൂപയായി. വിതരണം ചെയ്യുമ്പോള്‍ 3 - 4 രൂപ അധികം വേണ്ടിവരും. സോളാര്‍ വൈദ്യുതി ഉത്പാദനം കൂടുന്നുണ്ടെങ്കിലും സ്റ്റോറേജ് ബാറ്ററി ഇല്ലാത്തതിനാല്‍ രാത്രിയില്‍ ഉപയോഗിക്കാനാവില്ല. ബാറ്ററി സംവിധാനത്തിന് ഭീമമായ ചെലവാണ്. അതുകൊണ്ട് തന്നെ സോളാറിന്റെ ഗുണം കിട്ടുന്നുമില്ല. നിലവില്‍ ദിവസം 70 ദശലക്ഷം യൂണിറ്റാണ് ശരാശരി ഉപയോഗം. ഇതില്‍ 20 ദശലക്ഷം യൂണിറ്റില്‍ താഴെ മാത്രമാണ് ജലവൈദ്യുതി ഉത്പാദനം. അതായത് മുക്കാല്‍ ഭാഗത്തില്‍ അധികവും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ കണ്ടെത്തണം.

കെ എസ് ഇ ബിയ്ക്ക് 22,000 കോടിയാണ് ഒരു വര്‍ഷത്തെ മൊത്തം ചെലവ്. ഇതില്‍ 15,000കോടിയും വൈദ്യുതി വാങ്ങാനാണ്. പ്രതിസന്ധി മറികടക്കാന്‍ അടിക്കടി താരിഫ് കൂട്ടുന്നു. ഇത് സര്‍ക്കാരിനെതിരെ ജനരോഷമുണ്ടാക്കുന്നു. ്അതുകൊണ്ടാണ് ചെലവ് കുറഞ്ഞ ബദലിന് സര്‍ക്കാരും സിപിഎം അനുകൂല നിലപാട് എടുക്കുന്നത്. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ചെലവ് കുറഞ്ഞ വൈദ്യുതി അനിവാര്യതയാണെന്ന തിരിച്ചറിവ് സര്‍ക്കാരിനുമുണ്ട്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പൂര്‍ണ്ണമായും ഇതിന് അനുകലമല്ല. എന്നാല്‍ സിപിഎം പിന്തുണ കെ എസ് ഇ ബിയ്ക്ക് മുമ്പോട്ട് പോകാനുള്ള പച്ചക്കൊടിയാണ്.

കുറഞ്ഞ ചെലവില്‍ ആണവ വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്ന ബാദ്ധ്യത ഒഴിവാക്കാമെന്നാണ് പ്രതീക്ഷ. 465 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിന്റെ പ്രതിസന്ധിയും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി. അതിനിടെ 500 മെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി (കോള്‍ ലിങ്കേജ് ) കിട്ടി. 500 മെഗാവാട്ട് സോളാര്‍ വൈദ്യുതി വാങ്ങാനും നടപടിയെടുത്തു. ഇതിനൊപ്പമാണ് കായംകുളം എന്‍.ടി.പി.സി. നിലയത്തിന്റെ ഭൂമി ഉപയോഗിച്ച് ചെറുകിട തോറിയം ആണവ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ ആലോചനയും എത്തുന്നത്.

32 മെഗാവാട്ട് ശേഷിയുള്ള കല്‍പാക്കം നിലയം മികച്ച മാതൃകയായാണ് വിലയിരുത്തുന്നത്. അപകടസാധ്യതയും ആണവമാലിന്യവും കുറയ്ക്കാന്‍ സുരക്ഷാസംവിധാനങ്ങളൊരുക്കിയാണ് ബാര്‍ക് കല്‍പാക്കം നിലയം സജ്ജീകരിച്ചിരിക്കുന്നത്. 30 മുതല്‍ 50 മെഗാവാട്ട് വരെ വൈദ്യുതിശേഷിയുള്ള ചെറുകിട നിലയങ്ങള്‍ അപകടസാധ്യത കുറയ്ക്കും. ഇതിന് എന്‍.ടി.പി.സി.യുടെ കൈവശമുള്ള 1180 ഏക്കറില്‍ നിന്ന് 500-600 ഏക്കര്‍ ഭൂമി മതിയാകും.