പത്തനംതിട്ട: വാഹനാപകടത്തെ തുടർന്ന് മരണം സംഭവിച്ചാൽ ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. എന്നാൽ, വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങൾക്കും മരണങ്ങൾക്കും ആരാണ് ഉത്തരവാദി? ഏത് വകുപ്പിട്ട് ആർക്കെതിരേ കേസെടുക്കും? അതിനുള്ള നിയമം ഏതാണ്? വളരെ നിരുപദ്രവകരമെന്ന് തോന്നുന്ന ചോദ്യം. പക്ഷേ, മറുപടി നൽകിയാൽ സ്വയം കുഴി തോന്നുന്നതിന് തുല്യമാകും. അപകടം മനസിലാക്കിയ കെ.എസ്.ഇ.ബി അധികൃതർ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ ഒളിച്ചു കളി നടത്തി. വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നൊരു മറുപടിയിൽ ഇക്കാര്യമെല്ലാം ഒതുക്കി. പക്ഷേ, ആ മറുപടി വിവരാവകാശ നിയമപ്രകാരം മറ്റൊരു കുരുക്കായി.

പത്തനംതിട്ടയിലെ വിവരാവകാശ പ്രവർത്തകൻ കല്ലറക്കടവ് കാർത്തികയിൽ ബി. മനോജ് ആണ് കെ.എസ്.ഇ.ബിയെ വട്ടം ചുറ്റിക്കുന്ന ചോദ്യങ്ങളുമായി വിവരാവകാശ അപേക്ഷ നൽകിയത്. തിരുവനന്തപുരത്തെ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്കാണ് മനോജ് അപേക്ഷ അയച്ചത്. ചോദ്യങ്ങൾ ഇവയായിരുന്നു. 1. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ കേരള സംസ്ഥാനത്ത് മരണപ്പെടുകയും പരുക്കേൽക്കുകയും ചെയ്ത കെ.എസ്.ഇ.ബി ജീവനക്കാരുടെയും കരാർ ജീവനക്കാരുടെയും പേര് വിവരങ്ങൾ ജില്ല തിരിച്ചും കേരളത്തിലെ മൊത്തം കണക്കും നൽകുക.

2. ഇതിന് ഉത്തരവാദികളായ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഔദ്യോഗിക സ്ഥാനവും പേര് വിവരങ്ങളും നൽകുക.

ആദ്യ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു.

1. കെ.എസ്.ഇ.ബി സ്ഥിരം ജീവനക്കാരുടെയും കരാർ ജീവനക്കാരുടെയും എണ്ണം മാത്രമാണ് തരം തിരിച്ചു സൂക്ഷിച്ചിട്ടുള്ളത്. അതിന്റെ പകർപ്പ് നൽകുന്നു. താങ്കൾ ആവശ്യപ്പെട്ട വിവരം അതേ വിധത്തിൽ ഓഫീസിൽ തയാറാക്കി സൂക്ഷിച്ചിട്ടില്ല. ആയതിനാൽ അനേകം ഫയലുകൾ അനേക ദിവസം പരിശോധിച്ച് അവയിൽ നിന്ന് വിവരങ്ങൾ കണ്ടെത്തി തയാറാക്കേണ്ടതുണ്ട്. ഇപ്രകാരം മറുപടി തയാറാക്കാൻ ശ്രമിക്കുന്നത് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അപ്രകാരം വിവരങ്ങൾ നൽകാൻ സാധിക്കില്ല. താങ്കൾക്ക് ആവശ്യപ്പെട്ട് വിവരം ഈ ഓഫീസിലോ അതാത് ജില്ലാ ഓഫീസുകളിലോ നേരിട്ട് എത്തി ലഭ്യമായി വിവരങ്ങൾ നേരിട്ടു പരിശോധിച്ച് ശേഖരിക്കാം.

രണ്ടാമത്തെ ചോദ്യത്തിന് ഒന്നാമത്തെ മറുപടി കോപ്പി പേസ്റ്റ് ചെയ്തുകൊടുത്തിരിക്കുകയാണ്. രണ്ടാമത്തെ ചോദ്യത്തിന് മറുപടി നൽകിയാൽ ജീവനക്കാർ വെട്ടിലാകുമെന്ന് കണ്ടാണ് അപേക്ഷകന് ഒരു ഹിമാലയൻ ടാസ്‌ക് നൽകിയിരിക്കുന്നത്. ഇതേ ചോദ്യം പത്തനംതിട്ട ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്കും അയച്ചിരുന്നു. അതിനും മേൽപ്പറഞ്ഞ അതേ മറുപടിയാണ് ലഭിച്ചത്. എന്നാൽ, ഇങ്ങനെ ഒരു മറുപടി നൽകാൻ വിവരാവകാശ നിയമപ്രകാരം പാടില്ലെന്ന് അപേക്ഷകനായ മനോജ് പറയുന്നു.

ഇക്കാര്യം സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ പല പല ഉത്തരവുകളിൽ കൂടി വ്യക്തമാക്കിയിട്ടുള്ളതാണ് അതായത് ഒരു കാരണവശാലും വിവരാവകാശ അപേക്ഷ സമർപ്പിക്കുന്ന ആളോട് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നോ അപേക്ഷ നൽകുന്നയാളെ വിവരാവകാശ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഫയലുകൾ പരിശോധിച്ചു വിവരങ്ങൾ കണ്ടെത്തിക്കോളാൻ പറയരുതെന്നുമാണ് കമ്മിഷണറടെ ഉത്തരവ്.

ഇവിടെ കെ.എസ്.ഇ.ബി ആ നിർദ്ദേശം ലംഘിച്ചിരിക്കുന്നത് തങ്ങളുടെ ജീവനക്കാരുടെ പേര് വിവരങ്ങൾ പുറത്തു വരാതിരിക്കാൻ വേണ്ടിയാണെന്ന് മനോജ പറയുന്നു. എന്തായാലും പിന്നോട്ടില്ലെന്നാണ് മനോജിന്റെ നിലപാട്. വൈദ്യുതി മൂലമുണ്ടാകുന്ന മരണങ്ങൾക്ക് ആരാണുത്തരവാദി എന്ന് പൊതുജനം മനസിലാക്കേണ്ടതുണ്ടെന്നും മനോജ് പറയുന്നു.

കെഎസ്ഇബിയുടെ വൈദ്യുതി വിതരണ ശൃംഖലയിലെ അപകടം സംബന്ധിച്ചുള്ള കണക്കുകൾ നൽകിയിട്ടുണ്ടെങ്കിലും അത് വ്യക്തമല്ല. മരണ സംഖ്യ എത്രയെന്ന് പറയുന്നില്ല. വൈദ്യുതി അപകടങ്ങൾ മാരകം, മാരകമല്ലാത്തത് എന്നിങ്ങനെ രണ്ടു കോളങ്ങളിലാക്കി കണക്കുകൾ നൽകിയിരിക്കുന്നു. മാരകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരണമാണോയെന്നും വ്യക്തല്ല.