തിരുവനന്തപുരം: നൈറ്റ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി അസഭ്യവര്‍ഷം നടത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാരം. വര്‍ക്കല അയിരൂരില്‍ പരാതി നല്‍കിയ കുടുംബത്തെയാണ് ഇരുട്ടിലാക്കിയത്. മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം. അയിരൂര്‍ സ്വദേശി രാജീവാണ് പരാതിക്കാരന്‍. സംഭവം വിവാദമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായാണ് വിവരം. വൈദ്യുതി മന്ത്രി ഉള്‍പ്പെടെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.

രാജീവിന്റെ വീട്ടിലാണ് ജീവനക്കാര്‍ മദ്യപിച്ച് എത്തിയത്. രാജീവിന്റെ വീട്ടിലെ സര്‍വീസ് കേബിളിലുണ്ടായ തീപിടിത്തം പരിഹരിക്കാനായാണ് ഇവര്‍ എത്തിയത്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടുകാര്‍ ഉറങ്ങാന്‍ പോകവെയാണ് സര്‍വീസ് കേബിളില്‍ നിന്ന് തീ പടരുന്നതായി അയല്‍വാസി വിളിച്ചു പറഞ്ഞത്. ഉടന്‍ വീട്ടുകാര്‍ പുറത്തിറങ്ങുകയും കെ.എസ്.ഇ.ബി. ജീവനക്കാരെ വിളിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേനയെ വിളിക്കാനാണ് കെ.എസ്.ഇ.ബി. ജീവനക്കാരില്‍നിന്ന് വീട്ടുകാര്‍ക്ക് ആദ്യം ലഭിച്ച മറുപടി.

പിന്നീട് കുറേസമയത്തിന് ശേഷമാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍ എത്തിയത്. മദ്യപിച്ചെത്തിയ ഇവര്‍ സ്വയരക്ഷ പോലും നോക്കാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത് ചോദ്യം ചെയ്തവരെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ അസഭ്യം പറയുകയും ചെയ്തു.

ഇതോടെ വീട്ടുടമയായ രാജീവ് അയിരൂര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കാനുള്ള ഇടപെടല്‍ നടത്തിയതും അയിരൂര്‍ സി.ഐയാണ്.

അതേസമയം അപകടമുണ്ടായി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും രാജീവിന്റെ വീട്ടിലെ വൈദ്യുതി കെ.എസ്.ഇ.ബി. പുനഃസ്ഥാപിച്ചില്ല. പരാതി പിന്‍വലിക്കാതെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കില്ല എന്ന നിലപാടിലായിരുന്നു കെ.എസ്.ഇ.ബിയെന്ന് പരാതിക്കാരന്‍ രാജീവ് ആരോപിച്ചു. പരാതി പിന്‍വലിച്ചാല്‍ മാത്രം വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എന്‍ജീനിയര്‍ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു.

പിഞ്ചു കുട്ടികളടക്കം രാത്രിയില്‍ ഇരുട്ടില്‍ കഴിഞ്ഞതായാണ് വിവരം. അതേസമയം, കുടുംബത്തിനെതിരെ കേസ് കൊടുത്തും പ്രതികാരം ചെയ്യുകയാണ് കെഎസ്ഇബി. മദ്യപിച്ച് എത്തിയതിന് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവം വാര്‍ത്തയായതോടെ വൈദ്യുതിബന്ധം ഉടന്‍ പുനഃസ്ഥാപിക്കാമെന്ന അറിയിപ്പ് കെ.എസ്.ഇ.ബി. നല്‍കുകയായിരുന്നു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കെ.എസ്.ഇ.ബി. രാജീവിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ, സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തി. ഇന്നലെ രാത്രി മീറ്റര്‍ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോള്‍ വീട്ടിലേക്ക് പോയ കേടാകുളം സെക്ഷനിലെ രണ്ട് ലൈന്‍മാന്‍മാരെ വളരെ മോശമായി ഭാഷയില്‍ ചീത്ത വിളിക്കുകയും തിരികെ പോകാന്‍ സമ്മതിക്കാതെ തടഞ്ഞു നിര്‍ത്തുകയും ചെയ്തുവെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.

ജീവനക്കാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന രീതിയില്‍ പരാതി കൊടുക്കുകയായിരുന്നു. എന്നാല്‍ വൈദ്യ പരിശോധന നടത്തിയപ്പോള്‍ ഇവര്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

മദ്യപിച്ച് എത്തിയതിനു ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വീട്ടുടമയെ തെറി വിളിച്ചെന്നും എഫ്‌ഐആര്‍ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടുകാര്‍ക്കെതിരെ കെഎസ്ഇബി പരാതി നല്‍കിയത്. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് കെഎസ്ഇബി നല്‍കിയ പരാതിയില്‍ പറയുന്നത്. കെഎസ്ഇബിയുടെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്നായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയുടെ പ്രതികരണം.