- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
50 ദിവസത്തിനിടെ മരിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരുടെ എണ്ണം 18; എട്ടു ദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായത് 7 പേര്‍ക്ക്; രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരു മരണം; ഹൃദയസ്തംഭനവും ആത്മഹത്യയും അപകടവും മരണ കാരണം; ആനവണ്ടിയില്‍ 'അകാല മരണ' ഭയവും
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ 'അകാല മരണങ്ങള്‍' കൂടുന്നുവോ? അമിതമായ ജോലിഭാരവും ശിക്ഷാനടപടികള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദവുമാണ് അകാല മരണങ്ങള്‍ കാരണമെന്ന് നിഗമനം. സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കെ എസ് ആര്‍ ടി സിയിലെ ജീവനക്കാരേയും കുടുംബാംഗങ്ങളേയും ആശങ്കയിലാക്കുന്നതാണ് പുറത്തു വരുന്ന കണക്കുകള്‍. അടിയന്തര സമാശ്വാസ ഇടപെടലുകളിലൂടെ ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്‌ക്കേണ്ട സാഹചര്യം ഈ പൊതു മേഖലാ സ്ഥാപനത്തിലുണ്ടെന്നതാണ് വസ്തുത.
50 ദിവസത്തിനിടെ മരിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ എണ്ണം 18 ആണ്. കഴിഞ്ഞ 8 ദിവസത്തില്‍ മാത്രം ജീവന്‍ നഷ്ടമായത് 7 പേര്‍ക്ക്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരു മരണം എന്നതാണ് നിലവിലെ കണക്ക്. മിക്കവരുടെയും മരണകാരണം ഹൃദയസ്തംഭനം. ചിലരുടേത് ആത്മഹത്യ. ജോലി കഴിഞ്ഞ് മടങ്ങവേ അപകടത്തില്‍ മരണപ്പെട്ടവരുമുണ്ട്. ജോലി ഭാരം കാരണം വലിയ ബുദ്ധിമുട്ടാണ് ജീവനക്കാര്‍ നേരിടുന്നത്. കൃത്യ സമയം ശമ്പളം ലഭിക്കാതായതോടെ വലിയൊരു ശതമാനം ജീവനക്കാരും പ്രതിസന്ധിയിലാണ്. കടബാധ്യതയും വര്‍ദ്ധിച്ചു. ഈ സമ്മര്‍ദ്ദങ്ങള്‍ പലര്‍ക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അകാല മരണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനോ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനോ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റോ ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാറോ തയ്യാറായിട്ടില്ല. കെ എസ് ആര്‍ ടി സിയില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്. ഇതു തന്നെയാണ് ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിക്കാന്‍ കാരണമെന്നത് വ്യക്തമാണ്. അധിക വരുമാനം നേടുന്നതിനായി ജീവനക്കാരെ ചൂക്ഷണം ചെയ്യുന്ന നടപടികളാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയുന്നുമില്ല.
2018നുശേഷം കെ.എസ്.ആര്‍.ടി.സിയില്‍ സ്ഥിരനിയമനം ഉണ്ടായിട്ടില്ല. 10 വര്‍ഷം മുമ്പ് 8,500 താത്കാലിക ജീവനക്കാരുള്‍പ്പെടെ 43,000 ജീവനക്കാരുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 23,000 സ്ഥിരം ജീവനക്കാരും 3200 താത്കാലിക ജീവനക്കാരുമാണ്. ഇതോടെ ജീവനക്കാര്‍ക്ക് മിക്കപ്പോഴും ഡബിള്‍ ഡ്യൂട്ടി, ഒന്നര ഡ്യൂട്ടി എന്നിവ ചെയ്യേണ്ടി വരുന്നതാണ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. ആഹാരക്രമീകരണം ആവശ്യമുള്ളവര്‍ക്ക് ഡ്യൂട്ടിമാറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കളക്ഷന്‍ ടാര്‍ജറ്റും ജീവനക്കാരില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു.
സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്കുള്ളതിനേക്കാളും വലിയ സമ്മര്‍ദ്ദമാണ് കളക്ഷന്‍ ടാര്‍ജറ്റ് കാരണം കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നേരിടുന്നത്. കിലോമീറ്ററില്‍ 35 രൂപ കളക്ഷനാണ് ജീവനക്കാര്‍ക്കുള്ള ടാര്‍ജറ്റ്. എന്നാല്‍ ഇത് എല്ലാ സര്‍വീസുകളിലും നേടുകയെന്നത് എളുപ്പമല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ടാര്‍ജറ്റ് നേടാനാകാത്ത ജീവനക്കാരെ മറ്റ് സര്‍വീസുകളിലേക്ക് മാറ്റും. ടാര്‍ജറ്റ് നേടാന്‍ കഴിയാതെ ആയാല്‍ അധികാരികളില്‍ നിന്നും അധിക്ഷേപവും നേരിടേണ്ടി വരുന്നതായും ആരോപണമുണ്ട്. നിയമപ്രകാരം 8 മണിക്കൂര്‍ ശേഷമുള്ള ജോലി ഓവര്‍ടൈം ആയാണ് കണക്കാക്കേണ്ടത്. എന്നാല്‍ 16 മണിക്കൂര്‍ ജോലി ചെയ്ത പോലും അത് ഡബിള്‍ ഷിഫ്റ്റായി കണക്കാക്കില്ലെന്നും ജീവനക്കാര്‍ പറയുന്നു.
2025 ജനുവരി 27 വരെയുള്ള കണക്കുകള്‍ പ്രകാരം കെ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയില്‍ 4717 ബസുകളാണുള്ളത്. ഇതില്‍ 1261 ബസ്സുകളും 15 വര്‍ഷത്തിലധികം കാലപ്പഴക്കം വന്നവയാണ്. 698 ബസ്സുകള്‍ 14 മുതല്‍ 15 വര്‍ഷം കാലപ്പഴക്കമുള്ളവയുമാണ്. ഈ അവസ്ഥയിലുള്ള ബസ്സുകളുമായി എങ്ങനെ അധിക വരുമാനം നേടാനാകുമെന്നും ജീവനക്കാര്‍ ചോദിക്കുന്നു. ജീവനക്കാരുടെ ക്ഷാമം വലിയ രീതിയില്‍ കെ.എസ്.ആര്‍.ടി.സിയെ ബാധിക്കുന്നുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലും ജീവനക്കാര്‍ക്ക് അവധി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
എന്തെങ്കിലും ആവശ്യം വന്ന് പെട്ടെന്ന് അവധിയെടുക്കേണ്ടി വന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അടക്കമുള്ള നടപടികള്‍ ജീവനക്കാര്‍ സ്വീകരിക്കേണ്ടതായി വരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന മെഡിസെപ്പ് പോലുള്ള ആരോഗ്യപദ്ധതികള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ലഭ്യമല്ല. ചികിത്സയ്ക്കുപോലും പി.എഫില്‍ നിന്നും ലോണ്‍ കിട്ടാത്ത അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്നാണ് ജീവനക്കാര്‍ പറയുന്നത്. തലേദിവസം മദ്യപിച്ചാലും ഡ്യൂട്ടിക്കെത്തുമ്പോള്‍ പരിശോധനയും അവഹേളനവും ജീവനക്കാര്‍ നേരിടേണ്ടി വരുന്നതായും ആരോപണമുണ്ട്.