കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി എസി ലോഫ്‌ലോര്‍ ബസ് തീപ്പിടിച്ച സംഭവത്തില്‍ വന്‍ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. യാത്രക്കാരുമായി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് ചിറ്റൂര്‍ റോഡില്‍ ഈയാട്ടുമുക്കില്‍ നടുറോഡില്‍ ബസിന് തീപ്പിടിച്ചത്. തീ ആളിപ്പടരുന്നതിന് മുമ്പേ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാര്‍ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.

ബസിന്റെ അപകടമുന്നറിയിപ്പ് സംവിധാനത്തില്‍നിന്നു അലാം ലഭിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. 21ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെയെല്ലാം ഉടനടി പുറത്തിറക്കി. പിന്നാലെ ബസിന്റെ പിന്നില്‍നിന്നു തീയും പുകയും ഉയര്‍ന്നു.

തീപിടിത്തത്തില്‍ ബസിന്റെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു. പിന്നിലെ സീറ്റുകളും കത്തി നശിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്നതും സമീപത്തെ കടകളിലും മറ്റുമുണ്ടായിരുന്ന അഗ്‌നിശമന യന്ത്രങ്ങള്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ബസ് ജീവനക്കാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

എറണാകുളം ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംക്ഷനില്‍ ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബസ്. അഗ്‌നിശമന സേനയെത്തി തീയണച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാറാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്.

എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് തൊടുപുഴയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. ആധുനിക സംവിധാനങ്ങളുള്ള ബസില്‍ തീപ്പിടിത്ത മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമുണ്ടായിരുന്നു. ബസിന്റെ ഡിസ്‌പ്ലേയില്‍ ഇറര്‍ കോഡ് കാണിച്ചത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതും ഉടനെ ബസ് നിര്‍ത്തി മുഴുവന്‍ ജീവനക്കാരെയും ഇറക്കുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം ബസിന്റെ എന്‍ജിന്‍ ഉള്‍പ്പെടുന്ന പിന്‍ഭാഗത്തുനിന്ന് തീ ആളിപ്പടരാന്‍ തുടങ്ങിയിരുന്നു. ബസിലെയും സമീപത്തെ കടകളിലെയും അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചെങ്കിലും തീകെടുത്താനായില്ല. എറണാകുളം സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുമ്പോഴായിരുന്നു അപകടമുണ്ടായത്. ബസിന്റെ പിന്‍ഭാഗത്തെ ആറു നിര സീറ്റുകളെല്ലാം കത്തി നശിച്ചു. വിവരമറിഞ്ഞ് ജനപ്രതിനിധികളും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും പൊലീസ്, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.