കോഴിക്കോട്: മദ്യപിച്ചെന്നാരോപിച്ച് കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന് പരാതി. പതിവ് പരിശോധനയുടെ ഭാഗമായി ബ്രീത്ത് അനലൈസറില്‍ ഊതിച്ചപ്പോള്‍ ഫലം നെഗറ്റീവ് ആവുകയായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി കെ ഷിബീഷിനാണ് ഈ ദുര്‍വിധിയുണ്ടായത്.

ഇന്ന് പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സാധാരണ രീതിയില്‍ ഡ്യൂട്ടി ആരംഭിക്കുന്നതിന് മുന്‍പ് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്താറുണ്ട്. ഇന്നത്തെ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചെന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് സാങ്കേതിക തകരാര്‍ ആണെന്നാണ് ഡ്രൈവറുടെ പരാതി.

പനിക്കും, ജലദോഷത്തിനും ഹോമിയോ മരുന്ന് കഴിക്കുന്നുണ്ടെന്നും ഈ കാര്യത്തില്‍ താന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് തയ്യാറാണെന്നും ഡ്രൈവര്‍ വ്യക്തമാക്കി. താന്‍ ഇന്ന് വരെ മദ്യപിച്ചിട്ടില്ലെന്നും ഡ്രൈവര്‍ വിശദീകരിച്ചു. എന്നാല്‍ മെഡിക്കല്‍ പരിശോധന നടത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വം ആണെന്നാണ് സ്റ്റേഷന്‍ മാസ്റ്ററുടെ നിലപാട്. മദ്യത്തിന്റെ അളവ് 30 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ മാത്രമേ ഇടപെടുകയുള്ളൂ എന്നാണ് പൊലീസ് എടുത്ത നിലപാടെന്ന് പരാതിക്കാരന്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെ 6.15ഓടെയാണ് ഷിബീഷ് ജോലിക്കെത്തിയത്. കോഴിക്കോട്-മാനന്തവാടി റൂട്ടിലായിരുന്നു സര്‍വീസ് നടത്തേണ്ടിയിരുന്നത്. ഇതിനായി പാവങ്ങാട് ഡിപ്പോയില്‍ നിന്നും ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. ഇവിടെ വച്ചാണ് ബ്രീത്ത് അനലൈസറില്‍ പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ഒന്‍പത് യൂണിറ്റ് രേഖപ്പെടുത്തിയ ഫലമാണ് കാണിച്ചത്. ഇതോടെ ബസ് എടുക്കേണ്ടെന്ന് മേലുദ്യോഗസ്ഥര്‍ നിലപാടെടുക്കുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചല്‍ 6 മാസം സസ്‌പെന്‍ഷനും പിന്നീടു സ്ഥലം മാറ്റവും ഇതിനെത്തുടര്‍ന്നുണ്ടാകും.

ബ്രീത്ത് അനലൈസറില്‍ പൂജ്യം രേഖപ്പെടുത്തിയാല്‍ മാത്രമേ ജോലിയെടുക്കാന്‍ സമ്മതിക്കാവൂ എന്ന ഉത്തരവാണ് ഇദ്ദേഹത്തിന് വിനയായത്. ഹോമിയോ മരുന്ന് കഴിച്ച കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ലെന്നാണ് ലഭിക്കുന്ന വിവരം. താന്‍ ഇന്നേവരെ മദ്യപിക്കാത്ത ആളാണെന്നും ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷിബീഷ് പറഞ്ഞു. തുടര്‍ന്ന് നടക്കാവ് പൊലീസും സ്ഥലത്തെത്തി. 30 യൂണിറ്റില്‍ അധികം കാണിച്ചാല്‍ മാത്രമേ തുടര്‍ നടപടിയെടുക്കാന്‍ സാധിക്കൂ എന്നായിരുന്നു പൊലീസ് നിലപാട്. ഒടുവില്‍ ജോലി എടുത്ത ശേഷം ഇന്ന് എംഡിയെ കാണാന്‍ മേലുദ്യോഗസ്ഥര്‍ ഷിബീഷിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ എംഡിയെ കണ്ട ശേഷമേ ജോലിയില്‍ കയറുന്നുളളൂ എന്ന തീരുമാനത്തില്‍ അദ്ദേഹം എത്തിച്ചേരുകയായിരുന്നു. എംഡിയെ കാണുന്നതിനായി ഷിബീഷ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 12 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്തുവരികായാണ് ഷിബീഷ്. ശ്വാസ പരിശോധനാ ഫലത്തില്‍ പരാജയപ്പെട്ടതിനാല്‍ നേരത്തെയും നിരവധി പേര്‍ ഇത്തരത്തില്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.