കോട്ടയം: യാത്രയ്ക്കിടയില്‍ കെ. എസ്. ആര്‍. ടി. സി. ബസിലെ ഡാഷിന് മുന്‍പില്‍ വെള്ള കുപ്പി കണ്ടെത്തിയതോെട നടപടിയ്ക്ക് വിധേയനായ ഡ്രൈവര്‍ ഓട്ടത്തിനിടയില്‍ കുഴഞ്ഞു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ -മുണ്ടക്കയം സര്‍വീസ് നടത്തുമ്പോള്‍ കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ചാണ് ബസില്‍ വച്ച് അസ്വസ്ഥതയുണ്ടായത്.

ബസ് അരികില്‍ ഒതുക്കുകയായിരുന്നു. പിന്നീട് കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്മോനാണ് പൂതുക്കാടിലേയ്ക്ക് സ്ഥലം മാറ്റിയത്.

ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയെങ്കിലും മന്ത്രി തല്‍ക്കാലത്തേയ്ക്ക് നടപടി മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും സസ്പെന്‍ഷനിലാകുമെന്ന് അറിയിച്ചതോടെ ഡ്രൈവര്‍ മാനസിക വിഷമത്തിലാകുകയായിരുന്നു. സംഭവത്തില്‍ ജയ്മോനെ കൂടാതെ പൊന്‍കുന്നം ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസറായ സജീവിനെയും സ്ഥലം മാറ്റിയിരുന്നു.

ഒക്ടോബര്‍ ഒന്നാം തീയതിയാണ് ബസിനു മുന്‍പിലെ ഗ്ളാസിനോട് ചേര്‍ന്ന്് വെള്ളകുപ്പികള്‍ കണ്ടത്. മന്ത്രി ഗണേഷ് കുമാര്‍ ബസ് പിന്‍തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ശകാരിക്കുകയായിരുന്നു.

വിഷയത്തില്‍ തൊഴിലാളി സംഘടനയായ ടി ഡി എഫ് മന്ത്രിയുടെ നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കുന്നതിന് ഒരുങ്ങുകയാണ്. ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷം പുകയുന്നുണ്ടെങ്കിലും ഭയം കൊണ്ട് പലരും പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല.