- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് വേണ്ടിയുണ്ടാക്കിയ യൂറോപ്യന്‍ ക്ലോസറ്റ് മാറ്റും; പകരം ഇന്ത്യന്‍ ക്ലോസ്റ്റ്; സീറ്റുകളുടെ എണ്ണവും കൂടും; നവകേരള ബസിന്റെ 'മാന്‍ഡ്രേക് ശാപം' മാറുമോ? നവകേരള ബസില്‍ പുതിയ പരീക്ഷണവുമായി കെ എസ് ആര്‍ ടി സി
യൂറോപ്യന്‍ ക്ലോസ്റ്റ് യാത്രക്കാര്‍ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് വിശദീകരണം.
തിരുവനന്തപുരം: 'നവകേരള' ബസ് വീണ്ടും പൊളിച്ച് പണിയുന്നു. നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ബസിലെ പാന്‍ട്രി ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കി സീറ്റുകളുടെ എണ്ണം കൂട്ടാനാണ് പൊളിക്കുന്നത്. കൂടാതെ ബസിലെ ടോയ്‌ലറ്റിനും മാറ്റം ഉണ്ടാകും. 64 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് ബസിന്റെ ബോഡിയും ഉള്‍ഭാഗവും നിര്‍മ്മിച്ചത്. ഇതാണ് വീണ്ടും പൊളിക്കുന്നത്. സീറ്റ് കൂട്ടി ലാഭമുണ്ടാക്കാനുള്ള കെ എസ് ആര്‍ ടി സിയുടെ പരീക്ഷണമാണ് ഇതിന് പിന്നില്‍. എല്ലാ അര്‍ത്ഥത്തിലും ഈ ബസ് കെ എസ് ആര്‍ ടി സിയ്ക്ക് തലവേദനയാവുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബസ് കര്‍ണ്ണാടകയിലെ സ്വകാര്യ വര്‍ക്ക്‌ഷോപ്പിലാണ്. 64 ലക്ഷം രൂപ മുടിക്കി നിര്‍മ്മിച്ച ബസിന്റെ ബോഡിയില്‍, ഉള്‍ഭാഗത്തിന് വീണ്ടും മാറ്റം വരുത്തും. ബസിന്റെ സൗകര്യങ്ങള്‍ കുറച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയത്. ബസിന്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച് മാറ്റും. ടോയിലറ്റിലെ യൂറോപ്യന്‍ ക്ലോസ്റ്റ് ഒഴിവാക്കി ഇന്ത്യന്‍ ക്ലോസറ്റ് ആക്കും. യൂറോപ്യന്‍ ക്ലോസ്റ്റ് യാത്രക്കാര്‍ വൃത്തിയാക്കി സൂക്ഷിക്കുന്നില്ല എന്നതാണ് വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് ബസില്‍ യൂറോപ്യന്‍ ക്ലോസറ്റ് അടക്കമുണ്ടാക്കിയത്.
ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത് . ഇത് 30തില്‍ കൂടുതല്‍ സീറ്റാക്കി മാറ്റും. സീറ്റിന്റെ പ്ലാറ്റ്‌ഫോമും മാറ്റും. അങ്ങനെ അടിമുടി മാറ്റത്തില്‍ ബംഗ്ലൂരുവിലേക്ക് സര്‍വ്വീസ് നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമൊട്ടാകെ സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍വെച്ചാല്‍ തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ കാണാന്‍ വരുമെന്ന് പോലും സിപിഎം ചര്‍ച്ചയാക്കിയിരുന്നു.
ആ ബസാണ് ഇപ്പോള്‍ പ്രതിസന്ധിയിലായത്. അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കഴിഞ്ഞ ജൂലായ് 21നാണ് ബസ് കോഴിക്കോട്ടെ വര്‍ക്ക് ഷോപ്പിലെത്തിച്ചത്. എന്നാല്‍ പൊടിപിടിച്ചുകിടക്കുന്നതല്ലാതെ യാതൊരു അറ്റകുറ്റപ്പണികളും ഒരു മാസത്തില്‍ അധികം നടന്നില്ല. ഈ അവസ്ഥയില്‍ ബസ് മ്യൂസിയത്തില്‍ കാഴ്ചവസ്തുവായി തന്നെ വെക്കേണ്ടിവരുമെന്നാണ് വിമര്‍ശനം വന്നു. ഇതോടെയാണ് ബംഗ്ലൂരുവിലേക്ക് മാറ്റിയത്.
ആഡംബര ബസിലെ പ്രധാന സവിശേഷതയായി ഉയര്‍ത്തിക്കാട്ടിയ ബാത്ത് റൂം ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് ക്രമീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് വാഹനം വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സര്‍ക്കാര്‍ കോടികള്‍ മുടക്കി ഇറക്കിയ ബസ് നോക്കുകുത്തിയായിക്കിടക്കുന്നതാണ് അവസ്ഥ. സര്‍ക്കാര്‍ കൊണ്ടുപിടിച്ച് നടത്തിയ നവകേരളയാത്രയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ മറ്റു സര്‍വീസുകള്‍ക്കൊന്നും ബസ് ഉപയോഗിച്ചിരുന്നില്ല. ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ച ബസ് ഉപയോഗിക്കാതെ കിടന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതോടെ ചില മാറ്റങ്ങള്‍ വരുത്തി മേയ് അഞ്ചുമുതലാണ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഗരുഡ പ്രീമിയം സര്‍വീസായി ബസ് ഓടിച്ചുവന്നത്. ആദ്യദിനങ്ങളില്‍ ടിക്കറ്റ് ബുക്കിങ്ങിന് വന്‍ തിരക്കായിരുന്നെങ്കിലും പിന്നീട് യാത്രക്കാര്‍ കുറഞ്ഞു. പല ദിവസങ്ങളിലും കോഴിക്കോട്ടുനിന്ന് അഞ്ചും ആറും യാത്രക്കാരുമായി പുറപ്പെട്ട ബസ്, ഒറ്റ യാത്രക്കാരുമില്ലാതെ നിര്‍ത്തിയിടുന്ന ദിവസങ്ങളുമുണ്ടായി. ഇതിനിടെ ബാത്ത് റൂം ടാങ്കിനും ചോര്‍ച്ചയുണ്ടായി. ഇതെല്ലാം പരിഹരിക്കാനാണ് ശ്രമം.