- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റ് ബുക്ക് ചെയ്ത ബസ് റദ്ദാക്കി; പകരമുള്ള ബസിന് പോകാൻ 63 കിലോമീറ്റർ ടാക്സിയിൽ പോകേണ്ടി വന്നു; റദ്ദാക്കിയ ബസിനുള്ള ടിക്കറ്റ് തുക മടക്കി നൽകിയില്ല; യാത്രദുരിതം അനുഭവിക്കേണ്ടി വന്ന അദ്ധ്യാപികയ്ക്ക് 69,000 രൂപ കെഎസ്ആർടിസി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം
പത്തനംതിട്ട: റദ്ദാക്കിയ ടിക്കറ്റിന്റെ പണം തിരികെ നൽകാതിരിക്കുകയും അർധരാത്രി യാത്രാദുരിതം നേരിടേണ്ടി വരികയും ചെയ്ത അദ്ധ്യാപികയ്ക്ക് 69,000 രൂപ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു.
അടൂർ ഏറത്ത് സ്വദേശിയും ചൂരക്കോട് എൻ.എസ്.എസ്.എച്ച്.എസ്.എസ് എസിലെ അദ്ധ്യാപികയുമായ പി. പ്രിയ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. മൈസൂർ യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥി കൂടിയായ പ്രിയ തന്റെ ഗൈഡുമായി കൂടിക്കാഴ്ചയ്ക്കു വേണ്ടി 2018ൽ കൊട്ടാരക്കരയിൽ നിന്നും രാത്രി 8.30 ന് മൈസൂറിലേക്കു പുറപ്പെടുന്ന കെ.എസ്.ആർ.ടി.സിയുടെ എ.സി ബസിന് 1003 രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അന്നേ ദിവസം വൈകിട്ട് 5.30നു വിളിക്കുമ്പോഴും ബസ് മുടക്കം കൂടാതെ കൊട്ടാരക്കരയിൽ എത്തുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
രാത്രി 8.30 ന് കെ.എസ്.ആർ.ടി.സിയുടെ കൊട്ടാരക്കരയിലെ അധികൃതർ തിരുവനന്തപുരം ഓഫീസിൽ വിളിക്കുമ്പോൾ മാത്രമാണ് ബസ് റദ്ദു ചെയ്ത വിവരം പ്രിയ അറിയുന്നത്. പിന്നീട് അന്വേഷിച്ചപ്പോൾ രാത്രി 11.45 ന് കായംകുളത്തു നിന്നും മൈസൂറിനു ബസ് ഉണ്ടെന്നറിഞ്ഞു. തുടർന്ന് 63 കിലോമീറ്റർ ദൂരം രാത്രിയിൽ ഒറ്റയ്ക്കു ടാക്സിയിൽ കൊട്ടാരക്കരയിൽ നിന്നും കായംകുളത്തു പോയി. 903 രൂപ വീണ്ടും ടിക്കറ്റ് ചാർജ് കൊടുത്ത് മൈസൂറിനു പോകേണ്ടി വന്നു. വീട്ടിൽ നിന്നും 16 കിലോമീറ്റർ യാത്ര ചെയ്താണ് കൊട്ടാരക്കര ഡിപ്പോയിൽ ഇവർ എത്തിയത്. കൃത്യമായ വിവരം നൽകാതിരുന്നതു മൂലം ഒരു സ്ത്രീയ്ക്ക് രാത്രിയിൽ ഒറ്റയ്ക്ക് 63 കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായി.
ബസ് താമസിച്ചതു കൊണ്ട് പിറ്റേ ദിവസം രാവിലെ 8.30ന് മൈസൂർ യൂണിവേഴ്സിറ്റിയിൽ എത്തിച്ചേരാൻ കഴിയാതെ വന്നു. രാവിലെ 11.45 നാണ് എത്തിച്ചേരാനായത്. ഗൈഡുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് തടസം നേരിട്ടു. അന്നേ ദിവസം കൂടിക്കാഴ്ച നടക്കാത്തതിനാൽ മൂന്നു ദിവസം മൈസൂരിൽ താമസിക്കേണ്ടി വരികയും ചെയ്തു. ബസ് റദ്ദു ചെയ്തതിനാൽ ടിക്കറ്റ് ചാർജ് തിരികെ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത സാഹചര്യമാണ് ഉണ്ടായത്.ഇതോടെ പ്രിയ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര ഫോറത്തിനെ സമീപിക്കുകമായിരുന്നു.
ഹർജി ഫയലിൽ സ്വീകരിച്ച കമ്മിഷൻ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. അവർ പങ്കെടുത്ത് ആവശ്യമായ തെളിവുകൾ നൽകി. എന്നാൽ ഹർജി ഭാഗം ഉന്നയിച്ച വാദങ്ങളും തെളിവുകളും ശരിയാണെന്ന് കമ്മിഷനു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന്കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ റദ്ദു ചെയ്ത ബസിന്റെ ടിക്കറ്റ് ചാർജ് ഉൾപ്പെടെ 69,000 രൂപ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ഹർജികക്ഷിക്കു കൊടുക്കാൻ ഉത്തരവിടുകയാണ് ചെയ്തത്. ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്