കൊല്ലം: കൊല്ലത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്കെതിരെ പരാതി നല്‍കിയ കൊട്ടാരക്കര ഡിടിഒക്ക് സ്ഥാനചലനം. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ ബസ്സിനെതിരെ പരാതി നല്‍കിയ കൊട്ടാരാക്കര ഡിടിഒ കെ കെ സുരേഷ് കുമാറിനെയാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരത്തേയ്ക്കാണ് സ്ഥലം മാറ്റം.

കെഎസ്ആര്‍ടിസി സര്‍വീസിന് ശരണ്യ ബസ് മാര്‍ഗ തടസ്സം സൃഷ്ടിക്കുന്നുവെന്നും ചോദ്യം ചെയ്ത ജീവനക്കാരെ ശരണ്യ ബസ് ജീവനക്കാര്‍ ഭീക്ഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി. കഴിഞ്ഞ മാസം 23നാണ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് പരിതി നല്‍കുന്നത്. ഇന്നലെയാണ് സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തുവിട്ടത്. പരാതി നല്‍കി ഇന്ന് ഒരുമാസം തികയുന്നതിന് മുന്‍പായാണ് നടപടി.

അതേസമയം മന്ത്രിയുടെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്ന് ആരോപണം ഉണ്ടെങ്കിലും ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലമാറ്റം എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ശരണ്യ ബസ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറ്റി ആളുകളെ വിളിച്ച് ഇറക്കിക്കൊണ്ടുപോകുന്നു, കെഎസ്ആര്‍ടിസി ബസിന് സര്‍വീസ് നടത്താന്‍ സാധിക്കാത്ത വിധം കുറുകെ നിര്‍ത്തിയിടുന്നു, തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ശരണ്യ ബസ് നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തരം സര്‍വീസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കൊട്ടാരക്കര ഡിടിഒ പരാതി നല്‍കിയത്.

വര്‍ഷങ്ങളായി കൊട്ടാരക്കര, പത്തനാപുരം, പത്തനംതിട്ട റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതാണ് ശരണ്യ ബസ്. കൊട്ടാരാക്കര ഡിടിഒയെ സ്ഥലമാറ്റിയപ്പോള്‍ പകരം കൊല്ലം ഡിടിഒയെ കൊട്ടാരക്കര ഡിപ്പോയിലേക്ക് മാറ്റി. അതോടെ കൊല്ലം ഡിപ്പോയെ അധിക ചുമതലയായി കരുനാഗപ്പള്ളിക്ക് നല്‍കിയിരിക്കുകയാണ്.

ഡിടിഒയെ സ്ഥലം മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് രംഗത്തെത്തി. കൊട്ടാരക്കര ഡിടിഒയുടെ സ്ഥലം മാറ്റ അപേക്ഷ പരിഗണിച്ചു. തിരുവനന്തപുരത്തേയ്ക്ക് മാറണമെന്ന് ഡിടിഒ സുരേഷ് കുമാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം നല്‍കിയത്. സ്ഥലംമാറ്റത്തില്‍ മറ്റ് വിഷയങ്ങള്‍ ഇല്ലെന്നും കെഎസ്ആടിസി മാനേജ്‌മെന്റ് അറിയിച്ചു.