- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പ് കേസിൽ അന്വേഷണം ഇഴയുന്നു; പതിനാറുകേസുകളിൽ അസി. മാനേജർ സി.വി ജീനയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാവില്ല; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ബിനാമി സ്വത്തുക്കളെ കുറിച്ചു അന്വേഷിക്കണമെന്ന് നിക്ഷേപകർ
കണ്ണൂർ: കണ്ണൂർ താവക്കര കേന്ദ്രീകരിച്ചു നടന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പുകേസിലെ അഞ്ചാം പ്രതിയും സ്ഥാപനത്തിന്റെ അസി.മാനേജരുമായ ആദികടലായി വട്ടക്കുളത്തെ സി.വിജീനയ്ക്ക് പതിനാറുകേസുകളിൽ ജാമ്യം ലഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ടു ഇവരുടെ പേരിൽ 49 കേസുകളുണ്ട്. ബാക്കി 38 കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിന് പുറത്തിറങ്ങാനാവില്ല.
കണ്ണൂർ വനിതാസബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ജീനയെ ക്രൈംബ്രാഞ്ച് സംഘം രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ. എസ്‌പി ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. സ്ഥാപന ഡയറക്ടർമാരുടെ ഇടപാടുകൾ അറിയില്ലെന്നു ജീന ആവർത്തിച്ചിട്ടുണ്ട്. ഇതിനിടെ കമ്പനി ഡയറക്ടറും കേസിലെ മൂന്നാം പ്രതിയുമായ ഷൗക്കത്തലി, മാനേജിങ് ഡയറക്ടർ മലപ്പുറത്തെ ജസീന എന്നിവരുടെ വീടുംസ്ഥലവും കണ്ടുകെട്ടിയിട്ടുണ്ട്. റവന്യൂവകുപ്പാണ് വീടും സ്ഥലവും കണ്ടുകെട്ടി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ നൂറ്റിപത്തുകേസുകളിലാണ് 19.5 കോടിരൂപയാണ് നിക്ഷേപകർക്ക് തിരിച്ചു നൽകാനുള്ളത്.
വിപുലമായ അന്വേഷണ സംഘത്തിന്റെ അഭാവം കേസുകളുടെ ഗതിവേഗത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി നിക്ഷേപർക്കുണ്ട്. നിലവിൽ ക്രൈംബ്രാഞ്ചിനാണ് കേസ് അന്വേഷണ ചുമതല. ഒരു ക്രൈംബ്രാഞ്ച് ഡി.വൈ. എസ്‌പിക്കു കീഴിൽ ഒരു സി. ഐ, നാലുപൊലിസുകാർ ഉൾപ്പെടുന്ന ആറംഗസംഘമാണ് അന്വേഷണ സംഘത്തിലുള്ളത്. കണ്ണൂർ താവക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അർബൻനിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടു അഞ്ഞൂറിൽ അധികം പരാതികളുണ്ട്. കണ്ണൂർ ടൗൺ പൊലിസിലും ജില്ലയിലെ മറ്റുസ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള 135 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്. ഈ കേസുകളുടെതായി മാത്രം കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളായ ഡയറക്ടർമാരിൽ ചിലരെ മാത്രമാണ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടുള്ളത്. കേസിൽ കൂടുതൽ വ്യക്തതവരുത്തുന്നതിനും തട്ടിപ്പു നടത്തിയ കോടികൾ എവിടെയൊക്കെ വഴിമാറ്റിയെന്നതിനും കൂടുതൽ അറസ്റ്റു വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥന്മാർ പറയുന്നത്. നിക്ഷേപതട്ടിപ്പു നടത്തിയ ഡയറക്ടരായ ഷൗക്കത്തലി, ജസീന എന്നിവരുടെ വീടുംസ്ഥലവും കണ്ടുകെട്ടിയിട്ടുണ്ടെങ്കിലും ഇതിനു രണ്ടുകോടി രൂപ മാത്രമാണ് മൂല്യം കണക്കാക്കുന്നത്.
എന്നാൽ അർബൻനിധി, എനിടൈം ഇടപാടുകൾ മുഖേനെ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം ഇരുപതുകോടിയോളം നഷ്ടമായതാണ് റിപ്പോർട്ട്. മറ്റുള്ള ഡയറക്ടർമാരുടെ ആസ്തികൾ പിടിച്ചെടുത്താൽ പോലും നിക്ഷേപകർക്കു കൊടുക്കാനുള്ള പണത്തിന്റെ പകുതി പോലുംലഭിക്കില്ലെന്നാണ് സൂചന. ഈ അവസരത്തിലാണ് ഷൗക്കത്തലിയും ഗഫൂറും ആന്റണിയും ബിനാമി സ്വത്തുക്കൾ മുഖേനെ പണം പൂഴ്‌ത്തിയെന്ന ആരോപണം ശക്തമാകുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ഈക്കാര്യം അന്വേഷിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്