കൊല്ലം: കൊല്ലത്ത് മുത്തച്ഛന്റെ പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ച കേസില്‍ ഒടുവില്‍ നീതി. പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ പ്രതി പീഡിപ്പിച്ചെന്നും ഇതില്‍ മനംനൊന്ത് ഇളയ കുട്ടി ആത്മഹത്യ ചെയ്‌തെന്നും തെളിഞ്ഞതോടെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി പ്രതിയായ മുത്തച്ഛന് ജീപര്യന്തം ശിക്ഷ വിധിച്ചത്. 2017 ജനുവരിയിലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്ന് പൊലീസ് എഴുതി തള്ളിയ കേസില്‍ വഴിത്തിരിവായത് മനോരമ ന്യൂസിലെ ദീപു രേവതിയുടെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമായിരുന്നു. കുണ്ടറയില്‍ ഒരുപെണ്‍കുട്ടി കുടുംബപ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യചെയ്ത വാര്‍ത്ത നേരത്തെ നല്‍കിയിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്നും ഉള്ളടക്കം വീട്ടിലെ പ്രശ്‌നങ്ങളാണെന്നും അന്ന് പൊലീസ് പറഞ്ഞിരുന്നു. ആ പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നുവെന്ന വിവരമാണ് ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണത്തിലേക്ക് വിരല്‍ ചൂണ്ടിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉണ്ടായിട്ടും പൊലീസ് ഗൗനിച്ചില്ലെന്നും സുപ്രധാന വിവരം നല്‍കിയയാള്‍ പറഞ്ഞു. നേരിട്ട് പോയി അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആ മാര്‍ച്ച് 15 ബുധനാഴ്ച രാവിലെ 9.30ന് കുണ്ടറയിലേക്ക് പോകുമ്പോള്‍ തന്റെ പക്കല്‍ മറ്റുവിവരങ്ങളൊന്നുമില്ലായിരുന്നുവെന്ന് ദീപു പറയുന്നു. കുട്ടിയുടെ പേരോ വീടോ ഒന്നും അറിയിയില്ല. കുണ്ടറ പൊലീസ് സ്റ്റേഷനുമുന്നില്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ക്യാമറാമാന്‍ ടി.ആര്‍.ഷാനിനോട് പറഞ്ഞു, പൊലീസ് സ്റ്റേഷന്റെ പരമാവധി ദൃശ്യങ്ങള്‍ എടുക്കണം

പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍

ക്യാമറാമാന്‍ ദൃശ്യങ്ങള്‍ എടുത്തപ്പോള്‍ പൊലീസ് വന്ന് തടഞ്ഞു. ഞങ്ങള്‍ കാര്യം പറഞ്ഞു. സി.ഐയെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീലെത്തി. അവിടെ ഉണ്ടായിരുന്ന പൊലീസുകാരനോട് സി.ഐ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് മറുപടി.പക്ഷെ മുറിയില്‍ ആളില്ല.പത്തുമിനിലേറെ കാത്തുനിന്നു. വീണ്ടും പൊലീസുകാരനോട് സി.ഐ എപ്പോള്‍ വരുമെന്ന് തിരക്കി. ഉടന്‍ പൊലീസുകാരന് അഭിമുഖമായിരുന്ന മറ്റൊരാള്‍ തിരിഞ്ഞു, എന്താണ് കാര്യമെന്ന് ചോദിച്ചു. തോളത്തെ നക്ഷത്രങ്ങള്‍ നോക്കി,അതായിരുന്നു സി.ഐ

പത്തുവയസുകാരി രണ്ടുമാസം മുന്‍പ് തുങ്ങിമരിച്ചസംഭവത്തിലെ പുതിയ വിവരങ്ങളെക്കുറിച്ച് അറിയാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. ആ കുട്ടി നിരന്തരം ലൈംഗികപീഡനത്തിന് ഇരയായി എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഞാന്‍ പറഞ്ഞു. അവരുടെ ബന്ധുക്കളെ കണ്ടെത്താന്‍ നമ്പരുണ്ടോ എന്നും കേസ് അന്വേഷണം എന്തായി എന്നും ഞാന്‍ തിരക്കി. പൊലീസിന്റെ എല്ലാ ധാര്‍ഷ്ട്യത്തോടും കൂടിയായിരുന്നു മറുപടി. 'ഇതൊന്നും നിങ്ങളോട് പറയാന്‍ കഴിയില്ല, എങ്ങനെ അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാം, ഇവിടെ ആരുടെയും നമ്പര്‍ ഇല്ല.'

കേസിന്റെ പ്രഥമിക വിവരങ്ങള്‍ പോലും പങ്കുവയ്ക്കാന്‍ തയ്യറാകാതെ പൊലീസിന്റെ ധാര്‍ഷ്ട്യം നേരിട്ടനുഭവിച്ച് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നിന്നും ആദ്യം മടങ്ങേണ്ടി വന്നു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ദീപു രേവതിക്ക് സി.ഐ ഓഫീസിന്റെ എതിര്‍വശത്തെ ചായക്കടയില്‍ വിഷണ്ണനായി നിന്ന മധ്യവയസ്‌കനില്‍ നിന്നായിരുന്നു അദൃശ്യനായ ആ 'കൊലയാളിയുടെ' മുഖം തിരിച്ചറിഞ്ഞത്.

'എന്റെ മോളാണ് സാറേ പോയത്. അവളെ കൊന്നതാണ് ' അയാള്‍ നിയന്ത്രണം വിട്ടു പറഞ്ഞ ആ വാക്കുകളായിരുന്നു ആ ബ്രേക്കിംഗ് ന്യൂസിലേക്ക് വെളിച്ചമായത്. കാര്യങ്ങള്‍ ഒന്നൊന്നായി ആ പിതാവ് പറഞ്ഞു. ചായക്കടയുടെ ഉള്ളില്‍ ആരുടെയും ശല്യമില്ലാത്ത സ്ഥലത്തിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ പകര്‍ത്തിയശേഷം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി എടുപ്പിച്ചു. ഫോറന്‍സിക് സര്‍ജന്റെ സഹായത്തോടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൂടി തിരിച്ചറിഞ്ഞതോടെ വിശദമായ വാര്‍ത്ത തയ്യാറാക്കി ന്യൂസ് ഡെസ്‌കിന് കൈമാറി.

ഉച്ചയ്ക്ക് പന്ത്രണ്ടിനുതന്നെ ബ്രേക്കിങ് ന്യൂസ് - കുണ്ടറയില്‍ പത്തുവയസുകാരി മരിച്ചത് ലൈംഗികപീഡനത്തെ തുടര്‍ന്ന്.... പൊലീസ് രണ്ടുമാസം മുക്കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മനോരമ ന്യൂസ് പുറത്തുവിടുന്നു. വാര്‍ത്ത കേരളത്തെ ഞെട്ടിച്ചു. ആ അച്ഛന്റെ വാക്കുകള്‍ കേരളം ശ്രദ്ധയോടെ കേട്ടു. ഒരു മണിക്ക് വിശദമായ ന്യൂസ് സ്റ്റോറിയും നല്‍കി.

ഉച്ചയ്ക്ക് ശേഷം തുടര്‍ വാര്‍ത്തകള്‍ക്കായി കുണ്ടറയില്‍ എത്തുമ്പോള്‍ അവിടം സമരഭൂമിയായിരുന്നു. ആദ്യം അവിടെ തരിമ്പും രാഷ്ട്രീയമുണ്ടായില്ല. പൊലീസിന്റെ ക്രൂരതയ്‌ക്കെതിരെ ആദ്യമെത്തിയത് സി.പി.എം പ്രവര്‍ത്തകര്‍. പൊലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ വിയര്‍ത്തു. രാവിലെ ധിക്കാരത്തോടെ പെരുമാറിയ സി.ഐ അതിനോടകം തന്നെ മാധ്യമ പ്രവര്‍ത്തകന്റെ പേര് വരെ പഠിച്ചുകഴിഞ്ഞിരുന്നു.

ഇതിന്റെയൊക്കെ വല്ല ആവശ്യമുള്ള കേസാണോ ദീപു ....എന്നായിരുന്നു ചോദ്യം കോണ്‍ഗ്രസും ,ബി.ജെ.പിയും സമരമുഖത്ത് എത്തി. കോണ്‍ഗ്രസ് - സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരഞ്ഞ് മുദ്രാവാക്യം വിളിച്ചു. തമ്മിലടിയായി. പൊലീസ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിട്ടു. പക്ഷെ പ്രവര്‍ത്തകര്‍ പോകാതെ അവിടെ തമ്പടിച്ചു

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ എസ്. പിയുടെ വിളി. 'ദീപു ദയവുചെയ്ത വാര്‍ത്ത നിര്‍ത്തണം. കുട്ടിയുടെ മുത്തച്ഛനെ കസ്റ്റഡിയിലെടുത്തു. അതോടെ വാര്‍ത്തയുടെ ശക്തികൂടി, ഒപ്പം കനത്ത മഴയും . മുത്തച്ഛനെ കല്ലട സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നറിഞ്ഞതോടെ അവിടേക്ക് തിരിച്ചു. പക്ഷേ വിവരങ്ങളൊന്നും കിട്ടിയില്ല. വൈകിട്ട് ഏഴുമണിയോടെ സി.ഐയെ സസ്‌പെന്‍ഡ് ചെയ്തു.

രണ്ടാം ദിനത്തിലായിരുന്നു ഏറെ നിര്‍ണായകം. മുത്തശ്ഛന്റെ ചോദ്യം ചെയ്യലും അമ്മയുടെ മൊഴിയെടുക്കലും തുടരുന്ന കിഴക്കേക്കല്ലട സ്റ്റേഷനിലേക്ക് എത്തുമ്പോള്‍ ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥയിലായിരുന്നു പൊലീസ് .രണ്ടുമാസം കേസ് മുക്കിയതിന്റെ ക്ഷീണം എല്ലാ പോലീസുകാരുടെയും മുഖത്ത് പ്രകടമായിരുന്നു. ആവേശത്തോടെ ഓടിനടക്കുന്ന കുണ്ടറ എസ്.ഐ രജീഷിനോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന ഡിവൈ.എസ്.പിയും എസ്.പിയും പിന്നാലെ വന്നു ഐ.ജി.മനോജ് എബ്രഹാമിന്റെ അറിയിപ്പ് എസ്.ഐയെയും സസ്‌പെന്‍ഡ് ചെയ്തു.

വാര്‍ത്ത നിയമസഭയിലുമെത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉപക്ഷേപം അവതരിപ്പിച്ചു. മുഖ്യമന്ത്രി പൊലീസിന് പറ്റിയ വീഴ്ച സഭയില്‍ തുറന്നു സമ്മതിച്ചു. ലൈംഗിക അതിക്രമം നടന്നെന്നും മുഖ്യമന്ത്രി ഉറപ്പിച്ചു.

ഒളിച്ചുകളിച്ച് പൊലീസ്


കൊല്ലം കിഴക്കേകല്ലട പൊലീസ് സ്റ്റേഷനില്‍ നിന്ന് മൂന്നാം ദിവസം ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. എവിടെയാണ് ചോദ്യം ചെയ്യലെന്ന് അന്വേഷിച്ചപ്പോള്‍ ഒന്നും വിട്ടുപറയാതെ എസ് പിയും ഫോണ്‍ എടുക്കാതെ ഡിവൈ.എസ്.പിയും ഒളിച്ചുകളിച്ചു. അന്ന് കുണ്ടറയില്‍ ഹര്‍ത്താല്‍. മറ്റാരോട് പറഞ്ഞാലും പ്രതികള്‍ എവിടെയെന്ന് തന്നോട് പറയരുതെന്ന് പൊലീസ് തീരുമാനിച്ചുവെന്നും ദീപു പറയുന്നു.

മാധ്യമസൃഹൃത്തുക്കള്‍ അവര്‍ക്ക് ലഭിച്ച വിവരം തനിക്ക് കൈമാറി. പ്രതികളെന്ന് സംശയിക്കുന്നവര്‍ കൊട്ടാരക്കരയിലെ താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തില്‍. അവിടേക്ക് പാഞ്ഞു. ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ വാട്‌സആപ്പ് മെസേജ് ആയി ഫോണിലേക്ക് എത്തിക്കൊണ്ടിരുന്നു. അമ്മയും അപ്പൂപ്പനും സഹകരിക്കുന്നില്ല. മൂത്ത സഹോദരി കൗണ്‍സിലിങ്ങിലും ഒന്നും പറയുന്നില്ല. ആ ദിനമത്രയും അവിടെ നിന്ന് വാര്‍ത്തകള്‍ നല്‍കി തിരികെ കൊല്ലത്ത് എത്തുമ്പോള്‍ രാത്രി 10 കഴിഞ്ഞു.

പൊലീസിന്റെ ഒളിച്ചുകളിക്കിടയില്‍ നിന്ന് നല്ലവരായ പൊലീസ് സുഹൃത്തുക്കള്‍ കാര്യങ്ങള്‍ അപ്പപ്പോള്‍ ധരിപ്പിച്ചു. ഏറെ പാടുപെട്ടെങ്കിലും മുത്തച്ഛന്‍ കുറ്റം സമ്മതിച്ചില്ല.. സമ്മതിച്ചാലും കേസ് തെളിയിക്കാന്‍ ബുദ്ധമുട്ടാണെന്ന് പൊലീസ് നിഗമനത്തിലെത്തി. വീട്ടിനുള്ളില്‍ നടന്ന കുറ്റകൃത്യത്തിന് വേറെ സാക്ഷികളില്ല. സാക്ഷികളില്ലെങ്കില്‍ പ്രതി ഊരിപ്പോകും. വലിയ പ്രതിസന്ധിയിലായി പൊലീസ്.

അതിനിടെ അച്ഛനെ പ്രതിയാക്കനും പൊലീസ് നീക്കമുണ്ടായി. അച്ഛനെ പ്രതിയാക്കിയാല്‍ മുത്തച്ഛന്റെയും ഭാര്യയുടെയും മൊഴി എടുത്ത് കേസ് അവസാനിപ്പിക്കാമെന്നും പൊലീസിന് മുഖം രക്ഷിക്കാമെന്നും എസ് പി , ഡിവൈ.എസ് .പി എന്നിവരുടെ യോഗത്തില്‍ തീരുമാനമായി .രാവിലെ പത്തരയോടെ വാര്‍ത്ത നല്‍കി .

കുട്ടിയുടെ അച്ഛനെ പ്രതിയാക്കാനും ഗൂഢനീക്കം

വാര്‍ത്തഫലം കണ്ടു. പദ്ധതി പാളിയെന്ന് മനസിലായ പൊലീസ് നാലുദിവസം കസ്റ്റഡിയില്‍വെച്ചിരുന്ന കുട്ടിയുടെ അച്ഛനെ 11മണിയോടെ മോചിപ്പിച്ചു. പൊലീസ് ഏറ്റവും കൂടുതല്‍ വിളിച്ചത് വാര്‍ത്ത തെറ്റാണെന്ന് എന്ന് പറയാനായിരുന്നില്ല. വാര്‍ത്ത പിന്‍വലിക്കണം എന്ന് അഭ്യര്‍ഥിക്കാനായിരുന്നു. അഭ്യര്‍ഥന നടക്കുന്നില്ല എന്നു കണ്ടപ്പോള്‍ ഭീഷണിസ്വരവും ഒരുവേളയില്‍ ഉയര്‍ന്നു. അപ്പോഴും സ്ഥാപനത്തിന്റെ പൂര്‍ണപിന്‍തുണയില്‍ വാര്‍ത്ത കേരളത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരുന്നു. പൂഴ്ത്തിയ പ്രധാനരേഖകളെല്ലാം പുറത്തുവന്നപ്പോള്‍ പൊലീസ് നന്നേ വിയര്‍ത്തു.

കൊടും ക്രമിനലായ മുത്തച്ഛന്‍

ഒരു കുറ്റവാളിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചെടുക്കാന്‍ അടുത്തകാലത്തൊന്നും പൊലീസ് ഇത്രയും പ്രയാസപ്പെട്ടിട്ടുണ്ടാകില്ല. അത്രയും കൊടും ക്രിമിനലാണ് . കൊച്ചുമകള്‍ മരിച്ചതില്‍ വിഷമം ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് വിഷമമുണ്ടെങ്കില്‍ കണ്ടുപിടിച്ചോളാനായിരുന്നു മറുപടി. തന്നെ തല്ലിയാല്‍ ചത്തുപോകുമെന്നും നീയൊക്കെ അകത്തുപോകുമെന്നും പൊലീസിനെ വെല്ലുവിളിച്ചു. അമ്മയും മൂത്തമകളും മനശാസ്ത്രഞ്ജര്‍ക്ക് പോലും വെല്ലുവിളിയായി. പ്രതിലുള്ള ഭയമായിരുന്നു അവരെ സത്യങ്ങള്‍ പറയുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചത്. എന്ത് പറഞ്ഞാലും മുത്തച്ഛന്‍ കൊല്ലുമെന്ന് കൊച്ചുമകള്‍ ഭയപ്പെട്ടു.

പ്രതിയുടെ ഭാര്യയെ അന്വേഷിച്ച് ആശുപത്രിയിലെത്തിയ പൊലീസ് തിരിച്ചറിഞ്ഞു. അവര്‍ അവിടെ നിന്ന് മുങ്ങിയെന്ന്. പ്രതിയുടെ ഭാര്യയ്ക്ക് എല്ലാം അറിയാമെന്ന് അതോടെ പൊലീസ് ഉറപ്പിച്ചു. രാപ്പകല്‍ ഉറക്കമില്ലാതെ പൊലീസ് തളര്‍ന്നെങ്കിലും അറുപത്തഞ്ച് കഴിഞ്ഞ പ്രതി തളര്‍ന്നില്ല. പരിഹാസച്ചിരിയോടെയാണ് പലപ്പോഴും നേരിട്ടത് .പൊലീസ് മര്‍ദിക്കില്ല എന്ന വിശ്വാസമായിരുന്നു.അല്ലെങ്കിലും മര്‍ദനത്തിലൂടെ കിട്ടുന്ന തെളിവ് പോരായിരുന്നു പൊലീസിന് രണ്ടുമാസത്തേ വീഴ്ച മറികടന്ന് കുറ്റം തെളിയിക്കാന്‍. വക്കീല്‍ ഓഫിസില്‍ സഹായിയായിരുന്നു പ്രതി ലോഡ്ജ് മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു.

അറസ്റ്റിലേക്ക് നയിച്ചത്

മരിച്ച പത്തുവയസുകാരി മുത്തച്ഛനില്‍ നിന്ന് നേരിട്ട ക്രൂരപീഡനത്തെപ്പറ്റി തുറന്നുപറയാന്‍ കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും തയാറാകാതിരുന്നതാണ് അന്വേഷണ സംഘത്തെ ഏറെ ബുദ്ധിമുട്ടിച്ചത്. ഒടുവില്‍ പീഡനം നേരിട്ട് കണ്ടതിന്റെ വിവരങ്ങള്‍ വിശദീകരിച്ച് പ്രതിയുടെ ക്രൂരതയുടെ മുഖം സ്വന്തം ഭാര്യ തന്നെ പൊലീസിനോട് വ്യക്തമാക്കി . ഇതൊക്കെ പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി .പ്രതി തിരികെ വീട്ടിലെത്തിയാലുണ്ടാകുന്ന ദുര്‍ഗതിയായിരുന്നു ഇവരുടെ മനസ് നിറയെ.

മുത്തച്ഛന്‍ ജയിലിലായെന്നും 25 വര്‍ഷത്തേക്ക് പുറത്തിറങ്ങാനാവില്ലെന്നും മനശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മൂത്ത സഹോദരിയെ ബോധ്യപ്പെടുത്തി. 91-ാം വയസില്‍ മുത്തച്ഛന്‍ വീട്ടില്‍ എത്തിയാലും കൊല്ലുമെന്ന് പറഞ്ഞു . അപ്പോഴേക്കും മോള്‍ വിവാഹമൊക്കെ കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലായിരിക്കില്ലേ എന്നുള്ള മറുപടിയാണ് കുട്ടിയെ അന്വേഷണത്തോട് സഹകരിപ്പിച്ചത്.

കുഞ്ഞിനോട് ക്രൂരതകാട്ടിയ പ്രതിയ ചിലപ്പോള്‍ തൂക്കിക്കൊന്നേക്കുമെന്നും അന്വേഷണസംഘം ഉറപ്പിച്ചുപറഞ്ഞതോടെ പ്രതിയുടെ ഭാര്യ തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തി . ഭാര്യയും മകളും ചെറുമകളും എതിരായി മൊഴിനല്‍കിയെന്ന് അറിഞ്ഞതോടെ പ്രതി തളര്‍ന്ന് തറയിലിരുന്നു. ബന്ധുക്കള്‍ ഒറ്റുകൊടുക്കില്ലെന്ന എന്ന വിശ്വാസത്തില്‍ അതുവരെ ധാര്‍ഷ്ട്യത്തോടെ പെരുമാറിയ പ്രതി പിന്നീട് എല്ലാം സമ്മതിക്കുകയായിരുന്നു. കേസിലെ വിചാരണയ്ക്കിടെ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയിരുന്നു. കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടിയുടെ അമ്മയുടെ അച്ഛനായ പ്രതി ശ്രമിച്ചിരുന്നു.