- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റഡി മര്‍ദ്ദനം ചര്‍ച്ചയായപ്പോള്‍ തന്നെ സിസിടിവി മായരുതെന്ന് നിര്‍ദ്ദേശിച്ച അങ്കിത് അശോകന്‍; ആ ദൃശ്യങ്ങള്‍ മായാതെ കാത്തത് സുജിത്തിന് നീതിയായി; വിവരാവകാശ നിര്‍ദ്ദേശത്തില്‍ കോടതികളില്‍ അപ്പീല്‍ പോകേണ്ടെന്ന് തീരുമാനിച്ച ഇളങ്കോയും; കുന്നംകുളത്തെ നീതി ഉറപ്പിച്ചവരില്‍ ഈ ഐപിഎസുകാരും; ആ വീഡിയോ പുറത്തു വന്ന കഥ
തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വി.എസ്.സുജിത്തിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ആദ്യം പോലീസ് നിരസിച്ചു. സുജിത്തിനെ എത്തിക്കുന്ന സമയത്തു സ്റ്റേഷനില്‍ പോക്‌സോ കേസിലെ ഇര ഉണ്ടായിരുന്നെന്നും ഇവരുടെ വിവരങ്ങള്‍ പുറത്തുവരുമെന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്നുമായിരുന്നു പൊലീസ് വാദം. ഇതു സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ പോലീസിന്റെ കൈയ്യില്‍ ഇല്ലായിരുന്നു. ഇതിനൊപ്പം രണ്ട് എസ് പിമാരുടെ ഇടപെടലും നിര്‍ണ്ണായകമായി. അതിലൊന്ന് തൃശൂര്‍ മുന്‍ അങ്കിത് അശോകാണ്. അങ്കിതാണ് ആ ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. 2023ലായിരുന്നു ആ കസ്റ്റഡി മര്‍ദ്ദനം. ദൃശ്യം പുറത്തു വന്നത് 2025ലായിരുന്നു. ഒരു കൊല്ലം മാത്രമാണ് സാധാരണ സിസിടിവി ദൃശ്യം സൂക്ഷിക്കാറുള്ളത്. എന്നാല്‍ അങ്കിത് നല്‍കിയ നിര്‍ദ്ദേശം കാരണം ആ ദൃശ്യങ്ങള്‍ പോലീസിന് സൂക്ഷിക്കേണ്ടി വന്നു. അങ്ങനെ അങ്കിതിന്റെ കരുതലില്‍ ആ ദൃശ്യങ്ങള്‍ പുറത്തു വന്നു.
2023 ഏപ്രില്‍ അഞ്ചിനു നടന്ന കസ്റ്റഡി മര്‍ദനത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ അന്നത്തെ തൃശൂര്‍ എസ്.പി. അങ്കിത് അശോകിന്റെ ഇടപെടല്‍ നിര്‍ണായകമായി. ദൃശ്യങ്ങള്‍ ലഭിക്കാന്‍ നിയമപോരാട്ടം നടത്തിയ സുജിത്തിന് അനുകൂലമായിട്ടായിരുന്നു സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. ഇതേ സമയത്താണ് തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തേത്തുടര്‍ന്ന് അങ്കിത് അശോകന്‍ തെറിച്ചത്. പകരം ആര്‍. ഇളങ്കോ എസ്.പിയായി ചുമതലയേറ്റു. വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെതിരേ അപ്പീലിനു പോകേണ്ടെന്നായിരുന്നു ഇളങ്കോയുടെ തീരുമാനം. ഇതും നിര്‍ണ്ണായകമായി. നിലവില്‍ പോലീസ് സൈബര്‍ വിഭാഗം എസ്.പിയാണ് അങ്കിത് അശോകന്‍. തൃശൂര്‍ എസ്.പി. ഇളങ്കോ ഉടന്‍ കേന്ദ്ര പോലീസ് അക്കാഡമിയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകും. സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുജനം ആവശ്യപ്പെട്ടാല്‍ കൊടുക്കേണ്ടിവരുമെന്നും പൊലീസ് ജാഗ്രത പാലിക്കണമെന്നും ഒരുവര്‍ഷം മുന്‍പു ഡിജിപി നല്‍കിയ മുന്നറിയിപ്പും നിര്‍ണ്ണായകമായി. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇളങ്കോ അപ്പീല്‍ സാധ്യത തേടാത്തതും.
വിവരാവകാശ നിയമപ്രകാരം ദൃശ്യം നല്‍കാന്‍ ബാധ്യസ്ഥരാണെന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണു ഡിജിപി നിര്‍ദേശം നല്‍കിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുമെന്നു മാത്രമല്ല, കോടതിയില്‍ പൊലീസിനെതിരെ തെളിവായി ഉപയോഗിക്കപ്പെടാം എന്നുമായിരുന്നു ഡിജിപിയുടെ മുന്നറിയിപ്പ്. പീച്ചി സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം ഹോട്ടല്‍ ജീവനക്കാരെ പൊലീസ് മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യം പരാതിക്കാര്‍ക്കു നല്‍കാന്‍ വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. ഇതു പൊലീസിനാകെ ക്ഷീണമായി. ഇതു മുന്‍നിര്‍ത്തിയാണു ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലാണ് 39 കോടി രൂപ ചെലവില്‍ സിസിടിവി സ്ഥാപിച്ചിട്ടുള്ളത്. മര്‍ദനമേറ്റതിന്റെ പിറ്റേന്നുതന്നെ പൊലീസിനെതിരെ സുജിത്ത് പരാതി നല്‍കിയിരുന്നു. തെളിവു നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കര്‍ണപടം പൊട്ടിയെന്നു സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി. ഡോക്ടര്‍ അനുകൂലമായി മൊഴി നല്‍കുകയും ചെയ്തു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രത്യക്ഷ തെളിവായതിനാല്‍ അതു പെന്‍ഡ്രൈവില്‍ പകര്‍ത്തി നല്‍കാനാവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. എന്നാല്‍, ദൃശ്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് വാദം. സുജിത്തിന്റെ പരാതി അന്വേഷിച്ച അസി. കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പൊലീസ് മര്‍ദനം സ്ഥിരീകരിച്ചെങ്കിലും മൊഴി നല്‍കാന്‍ ഒരു വര്‍ഷത്തോളം അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായില്ല. ഒടുവില്‍ അറസ്റ്റ് വാറന്റ് അയച്ചപ്പോഴാണ് എത്തിയത്. ഇതിനിടെ സിസിടിവി ദൃശ്യം ലഭിക്കാതെ പിന്നോട്ടില്ലെന്നു സുജിത്തും തീരുമാനിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസ് ചൊവ്വന്നൂര്‍, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി.ബി.രാജീവ് എന്നിവര്‍ നിയമപ്പോരാട്ടം ഏറ്റെടുത്തു. 6 മാസത്തിനു ശേഷം ദൃശ്യം ഡിവിആറില്‍നിന്നു മാഞ്ഞുപോകുന്നത് ഒഴിവാക്കാന്‍ കോടതിയെ സമീപിച്ചു.
ദൃശ്യം കൈമാറിയില്ലെങ്കിലും സൂക്ഷിച്ചുവയ്ക്കണമെന്ന വിധി നേടിയെടുത്തു. അതിന് മുമ്പ് തന്നെ ആ ദൃശ്യം മാഞ്ഞു പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം അന്നത്തെ തൃശൂര്‍ എസ് പി നല്‍കിയിരുന്നുവെന്നാണ് സൂചന.