- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാക്കിയ്ക്കുള്ളിലെ ക്രൂരത: സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ 'വാണ്ടഡ്' പോസ്റ്ററുമായി യൂത്ത് കോണ്‍ഗ്രസ്; പ്രതിയായ പൊലീസുകാരന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; ഭീഷണി പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്; പ്രതിഷേധം കടുക്കുന്നു
ഭീഷണി പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്; പ്രതിഷേധം കടുക്കുന്നു
തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ 'വാണ്ടഡ്' പോസ്റ്ററുകളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. മണ്ണുത്തി പൊലീസ് സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റര്‍ പതിപ്പിച്ചു. കെ.വി. സുജിത്തിനെ മര്‍ദിച്ച പൊലീസുകാരുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുമായായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
പ്രതിയായ പൊലീസുകാരന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തൃശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സജീവന്റെ വീട്ടിലേക്കാണ് പ്രതിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതി ചേര്‍ക്കപ്പെട്ട നാല് പൊലീസുകാരുടെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളുമായിട്ടാണ് പ്രവര്‍ത്തകരെത്തിയത്. സംഭവത്തെ തുടര്‍ന്ന് സജീവന്റെ വീടിന് പൊലീസ് കാവല്‍ ഒരുക്കിയിട്ടുണ്ട്.
കസ്റ്റഡി മര്‍ദനത്തില്‍ നേരത്തെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. കസ്റ്റഡി മര്‍ദ്ദനം ഒതുക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്ന് മര്‍ദ്ദനമേറ്റ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത് വെളിപ്പെടുത്തിയിരുന്നു. സുജിത്തിനോടും പ്രാദേശിക നേതാവ് വര്‍ഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. ഒപ്പം, അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മര്‍ദിച്ചെന്നും ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയില്‍ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ പിന്‍തിരിയുകയായിരുന്നു. ഇപ്പോള്‍ റെവന്യൂ വകുപ്പിലാണ് സുഹൈര്‍ ജോലി ചെയ്യുന്നത്. മര്‍ദിച്ച അഞ്ച് പേര്‍ക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടര്‍ന്ന്, കാരണം തിരക്കാന്‍ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മര്‍ദനത്തിന് ഇരയാവാന്‍ കാരണം.
പ്രതികള്‍ക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാര്‍ക്ക് രക്ഷപെടാന്‍ പഴുതേറെയിട്ട് എടുത്ത കേസില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്. IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. അതേ സമയം, രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. 4 പൊലീസുകാരുടെയും പ്രമോഷന്‍ 3 വര്‍ഷത്തേക്ക് തടഞ്ഞു. അതുപോലെ തന്നെ ഇന്‍ക്രിമെന്റും 2 വര്‍ഷത്തേക്ക് തടഞ്ഞു, അതുകൊണ്ട് ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടര്‍ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും പൊലീസ് വ്യക്തമാക്കുന്നു.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനം ശരിവെച്ചുകൊണ്ടുള്ള ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. പൊലീസിന്റെ ക്രൂരത വ്യക്തമാക്കുന്നതാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസി. കമ്മീഷണര്‍ കെ.സി. സേതുവിന്റെ റിപ്പോര്‍ട്ട്. ജിഡി ചാര്‍ജ് ഉണ്ടായിരുന്ന സിപിഒ ശശിധരന്‍ സ്റ്റേഷന് പുറത്തുനിന്ന് നടന്നുവരുന്നത് മര്‍ദനം നടന്നതായുള്ള പരാതിയെ ശരിവെക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി പേരിന് മാത്രമെന്നും സസ്‌പെന്‍ഡ് ചെയ്യാതെ അന്വേഷിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒ മാരായ സന്ദീപ്, സജീവ് എന്നിവര്‍ ചേര്‍ന്ന് അതിക്രൂരമായിട്ടാണ് സുജിത്തിനെ മര്‍ദിച്ചത്. എസി പി കെസി സേതു അന്വേഷിച്ച റിപ്പോര്‍ട്ടാണിത്.
പ്രതിഷേധം ശക്തമാകുന്നു
പൊലീസ് ഗുണ്ടായിസത്തിനെതിരെ കടുത്ത പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. പൊലീസുകാരെ പുറത്താക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചു. സുജിത്ത് നേരിട്ട ശാരീരിക - മാനസിക പീഡനങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന ആരോപണമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുന്നംകുളം സ്റ്റേഷനില്‍ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്‌ഐ നുഹ്‌മാന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികള്‍ പുറത്ത് എത്തിക്കാന്‍ സുജിത്തിന് കഴിഞ്ഞത്. പൊലീസുകാര്‍ പലവട്ടം മുങ്ങിയിട്ടും വിവരാവകാശ കമ്മീഷന്‍ കര്‍ശന നിലപാട് എടുത്തതോടെയാണ് ദൃശ്യം പുറത്ത് വന്നത്.
ഭീഷണി പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
സുജിത്തിനെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി വി.എസ്. സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ കൈകാര്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്തു.
'ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇറങ്ങണം. നമ്മുടെ സഹപ്രവര്‍ത്തകന്‍ അനുഭവിച്ച വേദന ഇവന്മാര്‍ അറിയണ്ടേ..? എവിടെ കിട്ടിയാലും ഇവന്മാരെ കൈകാര്യം ചെയ്യണം. കണ്ണൂരില്‍ കാല് കുത്തിയാല്‍ ഞങ്ങള്‍ നോക്കിക്കോളാം. ആ കേസ് കൂടി നമുക്ക് അന്തസായി നടത്താം,' ഫര്‍സിന്‍ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫര്‍സിന്‍ മജീദ്. ഈ സംഭത്തില്‍ നേരത്തെ ആറ് മാസത്തേക്ക് ഫര്‍സിനെ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.