തൃശൂര്‍: 'മോനെ നിന്നെ കൈവച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നിരിക്കും, എന്റെ വാക്കാണ്', കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നില്‍നിന്ന് വര്‍ഗീസ് ചൊവ്വന്നൂര്‍ എടുത്ത ഉഗ്രപ്രതിജ്ഞ. ഒപ്പം നില്‍ക്കേണ്ട പാര്‍ട്ടി നേതൃത്വം നിസംഗത പുലര്‍ത്തിയിട്ടും, ഇരുപത് ലക്ഷത്തിലേറെ രൂപ പൊലീസ് സംഘം വാഗ്ദാനം ചെയ്തിട്ടും രണ്ടു വര്‍ഷത്തിലേറെ നീണ്ട സാധാരണക്കാരന്റെ നിയമപോരാട്ടം. ആ പോരാട്ടമാണ് ഒരു ഓണക്കാലത്ത് കുന്നംകുളം പൊലീസിന്റെ ക്രൂരത കേരളക്കര ഒന്നാകെ കാണാന്‍ ഇടയാക്കിയത്.

നാട്ടുകാരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതു ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ (27) എസ്‌ഐ അടക്കം നാല് പൊലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരാന്‍ പരിശ്രമിച്ചവരില്‍ മുന്നിലാണ് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ വര്‍ഗീസ്. മര്‍ദനം തെളിയിക്കുന്ന രേഖകള്‍ക്കായി നിയമപോരാട്ടം നടത്തിയതും വര്‍ഗീസാണ്.

പൊലീസ് തന്റെ മേല്‍ നടത്തിയ കിരാത മര്‍ദനത്തിന്റെ ദൃശ്യം പുറത്തുകൊണ്ടുവരാന്‍ വലിയ നിയമപ്പോരാട്ടമാണ് നടത്തിയത്. ചിലര്‍ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടര്‍ന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് അടുത്ത വീട്ടില്‍ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്തു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതിക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ രണ്ടര വര്‍ഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്.

' എല്ലാ മനുഷ്യര്‍ക്കും ഈ നാട്ടില്‍ ജീവിക്കണം. അപകടത്തില്‍പ്പെടുന്നവര്‍ക്കായി ചോദിക്കാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ. ഒരു കാര്യത്തിനിറങ്ങുമ്പോള്‍ ഭീഷണിയും സമ്മര്‍ദവുമൊക്കെ ഉണ്ടാകും. അതിലൊന്നും പേടിക്കരുത്' വര്‍ഗീസ് പറയുന്നു. പ്രദേശത്തെ സ്റ്റേഷനുകളില്‍ ഇനിയും 'ഇടിമുറികള്‍' ഉണ്ടെന്നും അവയ്‌ക്കെതിരെയാണ് തന്റെ പോരാട്ടമെന്നും വര്‍ഗീസ് പറയുന്നു. സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സേനയില്‍നിന്നു പിരിച്ചുവിടുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'പോരാടാന്‍ കൂടെയുള്ളവര്‍ക്കു വേണ്ടി അവസാനംവരെ പോരാടും. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. അതാണ് ശൈലി. ഇടയ്ക്ക് പേടിച്ചു പോകരുത്. അന്ന് സുജിത്തിനെ ആ അവസ്ഥയില്‍ കണ്ടപ്പോള്‍ എനിക്കു സങ്കടം തോന്നി. മര്‍ദനത്തിന്റെ 25% മാത്രമാണ് സിസിടിവിയില്‍ ഉള്ളത്. ബാക്കി മര്‍ദനം മറ്റു സ്ഥലത്തുവച്ചായിരുന്നു. പൊതുപ്രവര്‍ത്തകന് ഈ അവസ്ഥയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ പറയണോ? സുജിത്തല്ല, ആരായാലും ഞാന്‍ കൂടെനില്‍ക്കുമായിരുന്നു' വര്‍ഗീസ് ചൊവ്വന്നൂര്‍ പറയുന്നു.

ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ പിന്നെ വിടാതെ പിന്തുടരുന്നതാണ് വര്‍ഗീസിന്റെ ശൈലി. നിയമം പഠിച്ചിട്ടില്ലെങ്കിലും നിരന്തരമായ നിയമപോരാട്ടങ്ങളിലൂടെ നിയമാവബോധമുള്ളയാളായി മാറി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ അത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത് വര്‍ഗീസിന്റെ ഇടപെടലില്‍ ആയിരുന്നു. തുടര്‍ന്ന് പൊലീസ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് വിവരാവകാശപ്രകാരം സംഘടിപ്പിച്ചു. ഇതില്‍ സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദനം നടന്നു എന്ന് വ്യക്തമാക്കിയിരുന്നത് പിടിവള്ളിയാക്കി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശം നല്‍കി.

പൊലീസിനു പോലും അപ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസ്സിലായത്. ദൃശ്യങ്ങള്‍ നല്‍കാതിരിക്കാന്‍ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം അപ്പീലുകള്‍ക്ക് മേല്‍ അപ്പീല്‍ നല്‍കി തടയിട്ടു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ പൊലീസുമായി ഒത്തുതീര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും ആ സമ്മര്‍ദം മറികടക്കാന്‍ സുജിത്തിന് കഴിഞ്ഞതും വര്‍ഗീസ് ചൊവ്വന്നൂരിന്റെ ഇടപെടല്‍ കാരണമായിരുന്നു.

ആദ്യം പത്ത് ലക്ഷം.... 20 ലക്ഷം വരെ എത്തി

2023 ഏപ്രില്‍ അഞ്ചിനായിരുന്നു കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയും സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇടി തന്ന പൊലീസ് പിന്നീട് പണം വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മര്‍ദനമേറ്റ സുജിത്ത്.

കേസൊതുക്കാന്‍ ഇരുപതുലക്ഷംവരെ വാഗ്ദാനം ചെയ്തുവെന്നും നേരിട്ടും ഇടനിലക്കാര്‍ വഴിയും പൊലീസുകാര്‍ സ്വാധീനം ചെലുത്തിയെന്നും സുജിത്ത് വെളിപ്പെടുത്തി. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. അതില്‍ കൂടുതല്‍ ചോദിച്ചാലും അവര്‍ നല്‍കാന്‍ തയാറായിരുന്നു. എന്നാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്നതില്‍ ഉറച്ചുനിന്നു. മര്‍ദിച്ച പൊലീസുകാരല്ല, വേറെ ഉദ്യോഗസ്ഥരാണു സമീപിച്ചത്. ഇവര്‍ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായും ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തി. വാഗ്ദാനവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെയും സമീപിച്ചതായും സുജിത്ത് ആരോപിക്കുന്നു. എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കണം എന്നുമാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നുള്ളൂവെന്ന് വര്‍ഗീസ് പറയുന്നു. ജീവതമാണെന്ന് പറഞ്ഞു. എങ്ങിനെ വേണോ അങ്ങിനെ തന്നെ സെറ്റില്‍ ചെയ്യാമെന്നും അവര്‍ പറഞ്ഞതായി വര്‍ഗീസ് പറയുന്നു. ഭീഷണി സ്വരത്തിലല്ല, സ്‌നേഹത്തിന്റെ സ്വരത്തിലായിരുന്നു സംസാരമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കണം എന്നുള്ളതാണ് ആദ്യത്തെ ആവശ്യമെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യും. 'ഇവര്‍ സര്‍വീസില്‍ അവര്‍ ഉണ്ടാകാന്‍ പാടില്ല. ഈ ക്രൂരന്‍മാരായിട്ടുള്ള പൊലീസുകാരെ വച്ചുകൊണ്ട് ഈ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ അവരെ ഭരിക്കാന്‍ സമ്മതിക്കില്ല' അഭിഭാഷകന്‍ പറയുന്നു.

സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തത്. പൊലീസ് മര്‍ദ്ദനത്തില്‍ തന്റെ ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടുവെന്ന് സുജിത്ത് പറഞ്ഞിരുന്നു. സുജിത്തിനെ കുന്നംകുളം ചൊവ്വന്നൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സംസ്ഥാന നേതൃത്വത്തിന്റെ നിസ്സംഗത

വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ വേണ്ടി ഷാഫി പറമ്പില്‍ എം.എല്‍.എ.യെ ആറു തവണയാണ് വര്‍ഗീസ് ചൊവ്വന്നൂര്‍ സമീപിച്ചത്. പാലക്കാട്ടെ ഷാഫിയുടെ ഓഫീസിലെത്തി നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടും എം.എല്‍.എ. അതിന് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒടുവില്‍, സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായ ശേഷം നേതാക്കളെ വീണ്ടും ബന്ധപ്പെട്ടപ്പോഴും അവരില്‍ നിന്ന് അനുകൂലമായ പ്രതികരണമുണ്ടായില്ല.

കൊടുംക്രൂരത

വാഹനത്തിനകത്ത് കയറ്റുമ്പോള്‍ തന്നെ ഷര്‍ട്ട് വലിച്ചു കീറി. ഇതിനു ശേഷമാണു മര്‍ദിച്ചത്. സ്റ്റേഷനിലേക്ക് എത്തുന്നതിനു മുന്നെയും തല്ലി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കര്‍ണപുടം പൊട്ടിയത്. അത് പിന്നീട് കേള്‍വി പ്രശ്‌നമായി മാറി. ചുമരിനോടു ചേര്‍ത്തിരുത്തി കാല്‍ നീട്ടിവയ്പ്പിച്ചാണു കാലിനടിയില്‍ ലാത്തികൊണ്ടു തല്ലിയത്. തല്ലിയതിനു ശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല. ചെവിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. തുടര്‍ ചികിത്സ വേണമെന്നും സുജിത്ത് പറഞ്ഞു.

സിസിടിവിയില്ലാത്ത ഭാഗത്തുവച്ചും എനിക്കു മര്‍ദനം ഏറ്റിരുന്നു. അഞ്ചു പൊലീസുകാര്‍ ചേര്‍ന്നു കൂട്ടമായി മര്‍ദിച്ചു. അതൊന്നും പോരാതെയാണു രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിത്. സഹിക്കാന്‍ പറ്റാവുന്നതിനും മേലെയായിരുന്നു പീഡനം. ആദ്യത്തെ അടിയില്‍ തന്നെ ബോധം പോകുന്നതു പോലെയായി.

നിലത്തിരുത്തി കാലിന് അടിയില്‍ ലാത്തി കൊണ്ട് അടിച്ചു. അവിടെ മാത്രം 45 തവണയാണ് അടിച്ചത്. ശശിധരന്‍, ഷുഹൈര്‍ എന്നിവര്‍ മുകളിലേക്കു കയറി വന്ന് മര്‍ദിച്ചു. ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല. നേതാവ് കളിക്കണ്ട, പൊലീസിനെ എതിര്‍ത്തു സംസാരിക്കാനായിട്ടില്ല, രാഷ്ട്രീയ പ്രവര്‍ത്തനം, ശാന്തിപ്പണി എല്ലാം അവസാനിപ്പിച്ചു തരും, പണിയെടുത്തു ജീവിക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മര്‍ദിച്ചത്.

നീ ആരാണ് ഇടപെടാന്‍ എന്നു ചോദിച്ച് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചാണ് ജീപ്പില്‍ കയറ്റിയത്. എസ്‌ഐയുടെ നിര്‍ദേശപ്രകാരമാണ് പൊലീസുകാര്‍ മര്‍ദിച്ചത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പറയുന്നത് കേള്‍ക്കാന്‍ പൊലീസ് തയാറായില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയതുകൊണ്ടാകാം. ചുമരിനോടു ചേര്‍ത്തിരുത്തി കാല്‍ നീട്ടിവയ്പ്പിച്ചാണു കാലിനടിയില്‍ ലാത്തികൊണ്ട് തല്ലിയത്. തല്ലിയതിനു ശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ 15 തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല. മജിസ്ട്രേറ്റിനു മുന്നിലാണ് പൊലീസ് മര്‍ദനത്തെകുറിച്ചു തുറന്നുപറയാനായത്. അപ്പോഴേക്കും ശരീരം മോശം അവസ്ഥയിലായിരുന്നു.

സിസിടിവി ദൃശ്യം പരിശോധിക്കണമെന്നും അതു നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ പൊലീസ് വിസമ്മതിച്ചു. വിവരാവകാശ കമ്മിഷന്‍ ഉത്തരവു പ്രകാരമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ആദ്യം വിവരാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടും കാര്യമുണ്ടായില്ല. പിന്നീട് ഞാന്‍ നല്‍കിയ അപ്പീല്‍ അപേക്ഷയില്‍ വിവരാവകാശ കമ്മിഷന്‍ പൊലീസിനെയും എന്നെയും നേരിട്ടു വിളിച്ചു വരുത്തി, രണ്ടു പേരുടെയും വാദം കേട്ടു. തുടര്‍ന്ന് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്നാണ് വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കിയത്. അങ്ങനെ എന്നെ ജയിലില്‍ അടയ്ക്കാനായിരുന്നു നീക്കം. ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് രക്ഷയായത്.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍