- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശാന്തിക്കാരനായ സുജിത് മദ്യപിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് പൊലീസിന്റെ കള്ളംപൊളിക്കാന്‍ തുനിഞ്ഞിറങ്ങി; കുന്നംകുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ തുണയായത് വിവരാവകാശ കമ്മീഷനും കോടതിയും; ആകെയുളള വിഷമം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അവഗണന; പൊലീസ് മര്‍ദ്ദനം തെളിയിക്കാനുളള സുജിത്തിന്റെയും കൂട്ടുകാരുടെയും പോരാട്ടകഥ
പൊലീസ് മര്‍ദ്ദനം തെളിയിക്കാനുളള സുജിത്തിന്റെയും കൂട്ടുകാരുടെയും പോരാട്ടകഥ
കുന്നംകുളം: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നീതി തേടിയുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പോരാട്ടത്തെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങള്‍ പൂര്‍ണ്ണമായി അവഗണിച്ചതായി ആക്ഷേപം. വിഷയങ്ങള്‍ മാധ്യമങ്ങളില്‍ അവതരിപ്പിക്കാനും സംസ്ഥാന തലത്തില്‍ സമരം സംഘടിപ്പിക്കാനും പ്രാദേശിക നേതാക്കള്‍ പലവട്ടം അഭ്യര്‍ഥിച്ചിട്ടും അനൂകൂല പ്രതികരണമുണ്ടായില്ലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവത്തിന്റെ തുടക്കം
2023 ഏപ്രിലിലാണ് സംഭവം നടന്നത്. ചൊവ്വന്നൂരിലെ പൂരാഘോഷം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ, വീടിനടുത്ത് പൊലീസ് സാന്നിധ്യമുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് ജീപ്പില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിച്ചത്. മൊബൈലില്‍ പൂരത്തിന്റെ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരുന്ന യുവാക്കളെ ചോദ്യം ചെയ്യാന്‍ എത്തിയ പൊലീസിനോട്, അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സുജിത് പറയുകയായിരുന്നു. യുവാക്കള്‍ മദ്യപിക്കുകയാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. സുജിത്തിന്റെ ഇടപെടല്‍ ഇഷ്ടപ്പെടാതിരുന്ന പൊലിസ്, യുവാക്കളെ വിട്ടയച്ച ശേഷം സുജിത്തിനെതിരെ തിരിയുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനവും കള്ളക്കേസും
സുജിത്തിനെ ജീപ്പില്‍ കയറ്റിയ ഉടന്‍ തന്നെ പൊലീസ് മര്‍ദ്ദനം ആരംഭിച്ചു. സ്റ്റേഷനിലെത്തിച്ച ശേഷവും മര്‍ദ്ദനം തുടര്‍ന്നു. സ്റ്റേഷനുള്ളില്‍ വെച്ചുണ്ടായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്ന സിസിടിവി കാമറകളില്‍ പതിഞ്ഞിരുന്നു. മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് സുജിത്തിനെതിരെ എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയത്.
പ്രാദേശിക നേതാക്കളുടെ പരിശ്രമം
സംഭവമറിഞ്ഞതോടെ സുജിത്തിനെ പിന്തുണച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. സുജിത്തിന്റെയും മറ്റു പ്രാദേശിക നേതാക്കളുടെയും നേതൃത്വം കയ്യാളുന്ന വര്‍ഗീസ് ചൊവ്വന്നൂര്‍, വിഷയത്തില്‍ ഇടപെടുകയും പൊലീസില്‍ നിന്ന് എഫ്.ഐ.ആര്‍. സംഘടിപ്പിക്കുകയും ചെയ്തു.
മദ്യപിക്കാത്ത സുജിത് മദ്യപിച്ചെന്ന് പൊലീസ്
ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ കൂടിയായ സുജിത് മദ്യപിക്കുന്ന വ്യക്തിയല്ല. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തി. എഫ് ഐ ആറും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും തമ്മിലുള്ള വൈരുധ്യം വ്യക്തമായതോടെ സുജിതിന് ചാവക്കാട് കോടതി ജാമ്യം അനുവദിച്ചു. ചെവിക്ക് കലശലായ വേദന അനുഭവപ്പെട്ട സുജിത്തിന്റെ കര്‍ണപുടം പൊട്ടിയെന്ന് പിന്നീട് കണ്ടെത്തി.
ഇതോടെ, കുന്നംകുളം പൊലീസിനെതിരെ നിയമപരമായ പോരാട്ടത്തിന് വര്‍ഗീസ് ചൊവ്വന്നൂരും അനുയായികളും കച്ച കെട്ടിയിറങ്ങി. പൊലീസ് കംപ്ലയിന്റ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയിടത്തെല്ലാം പരാതി നല്‍കി. കസ്റ്റഡി മര്‍ദനം നടത്തിയ പൊലീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമില്ലാതെ വന്നതോടെ, കോടതിയെ സമീപിച്ചു.
സംഭവ ദിവസത്തെ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി നല്‍കിയ വിവരാവകാശം തള്ളിയപ്പോള്‍ അപ്പീലുമായി വിവരാവകാശ കമ്മീഷനില്‍ പോയി. പൊലീസ് കമ്മീഷണര്‍ വിവരാവകാശ കമ്മീഷനില്‍ ഹാജരായപ്പോള്‍, സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ വിവരാകാശ കമ്മീഷന്‍ ഉത്തരവിട്ടു. സുജിതിന്റെ സ്വകാര്യ അന്യായത്തില്‍ മര്‍ദ്ദനം നടത്തിയ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും കോടതി നേരിട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മര്‍ദ്ദന ദൃശ്യങ്ങളുള്ള സിസിടിവി ഫൂട്ടേജ് ലഭിച്ചത്. രണ്ടര വര്‍ഷത്തെ പ്രയത്‌നമാണ് അന്ന് ഫലം കണ്ടത്.
സംസ്ഥാന നേതൃത്വത്തിന്റെ നിസ്സംഗത
വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ വേണ്ടി ഷാഫി പറമ്പില്‍ എം.എല്‍.എ.യെ ആറു തവണയാണ് വര്‍ഗീസ് ചൊവ്വന്നൂര്‍ സമീപിച്ചത്. പാലക്കാട്ടെ ഷാഫിയുടെ ഓഫീസിലെത്തി നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടും എം.എല്‍.എ. അതിന് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒടുവില്‍, സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായ ശേഷം നേതാക്കളെ വീണ്ടും ബന്ധപ്പെട്ടപ്പോഴും അവരില്‍ നിന്ന് അനുകൂലമായ പ്രതികരണമുണ്ടായില്ല.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം
ഈ ഘട്ടത്തില്‍, വ്യവസായികളെ ഉള്‍പ്പെടെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീര്‍ക്കാനും പൊലീസില്‍ നിന്ന് ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെ പോരാടിയ വര്‍ഗീസ് ചൊവ്വന്നൂരും മറ്റ് ചെറുപ്പക്കാരുമാണ് കേരള മനസാക്ഷിക്ക് മുന്നില്‍ കുന്നംകുളം പൊലീസിന്റെ ചെയ്തികള്‍ തുറന്നുകാട്ടിയത്.
പ്രശ്‌നം ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം
പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും അത് രാഷ്ട്രീയ പ്രശ്‌നമായി മുന്നോട്ട് കൊണ്ടുപോകുന്നതിലും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ ഉദാഹരണം കൂടിയാണ് കുന്നംകുളം സംഭവം. പ്രാദേശിക തലത്തില്‍ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് പലപ്പോഴും ഇത്തരം വിഷയങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തുന്നത്. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കാത്തത് പ്രവര്‍ത്തകര്‍ക്ക് വലിയ നിരാശയുണ്ടാക്കുന്നുണ്ട്.
കുന്നംകുളം സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീരോചിതമായ പോരാട്ടം ശ്രദ്ധേയമായിരുന്നെങ്കിലും, സംസ്ഥാന നേതൃത്വത്തിന്റെ നിസ്സംഗതയെ കുറിച്ച് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.