- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേഷനിലിട്ട് സുജിത്തിനെ തല്ലിച്ചതച്ച ആ പോലീസുകര്‍ക്ക് ലഭിച്ച ശിക്ഷ സ്ഥലം മാറ്റം മാത്രം! സ്റ്റേഷനിലെ സിസി ടിവി എല്ലാം കണ്ടതോടെ രണ്ടര വര്‍ഷത്തിന് ശേഷം ആ ക്രൂരത ലോകം കണ്ടു; അതിക്രൂര മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്
സ്റ്റേഷനിലിട്ട് സുജിത്തിനെ തല്ലിച്ചതച്ച ആ പോലീസുകര്‍ക്ക് ലഭിച്ച ശിക്ഷ സ്ഥലം മാറ്റം മാത്രം!
കുന്നംകുളം: തൃശ്ശൂര്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. അതിക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് പല നേതാക്കളും വിഷയത്തില്‍ ഇടപെട്ടു തുടങ്ങിയത്. നേരത്തെ തന്നെ മുതിര്‍ന്ന നേതാക്കളെ ഈ ദൃശ്യവമായി പ്രവര്‍ത്തകര്‍ സമീപിച്ചെങ്കിലും വേണ്ടത്ര ഗൗനിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തക വികാരം കണക്കിലെടുത്ത് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയില്‍ വെച്ച് സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്. ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തില്‍ വരുന്ന 10 ആം തീയതി കുറ്റക്കാരായ പൊലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. പിന്നാലെ തൃശ്ശൂര്‍ ഡിഐജി ഹരിശങ്കര്‍ സംഭവത്തില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ചിലര്‍ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടര്‍ന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് അടുത്ത വീട്ടില്‍ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്തു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അതിക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ രണ്ടര വര്‍ഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്.
വിവരാവകാശനിയമപ്രകാരം പൊലീസ് സ്റ്റേഷന്‍ ദൃശ്യങ്ങള്‍ പുറത്തുവരുന്നത് അപൂര്‍വമായാണ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സുജിത്ത് നല്‍കിയ വിവരാവകാശ അപേക്ഷ പൊലീസ് ആദ്യം തള്ളി. എന്നാല്‍, അപ്പീലില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അനുകൂല നിലപാടെടുത്തു. എന്നിട്ടും പൊലീസ് ദൃശ്യങ്ങള്‍ നല്‍കാതിരുന്നതോടെ ഇരുകക്ഷികളെയും കമ്മിഷന്‍ നേരിട്ടു വിളിച്ചുവരുത്തി. സുജിത്തിനു ദൃശ്യങ്ങള്‍ കൈമാറാന്‍ പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കി.
അവസാനം വിവരാവകാശ നിയമപ്രകാരം ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസില്‍ നിന്നാണ് മര്‍ദന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ലഭിച്ചത്. 'ടെലികമ്യൂണിക്കേഷന്‍ വിഭാഗം സൈബര്‍ സെല്ലിന് വിഡിയോ കൈമാറുന്ന സമയം ഹാഷ് വാല്യു നല്‍കിയിട്ടില്ലാത്തതിനാല്‍ വിഡിയോ ഫയലുകളില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് ആധികാരികമായി സ്ഥിരീകരിക്കാന്‍ കഴിയാത്ത ദൃശ്യങ്ങളാണ് നല്‍കുന്നത്' എന്ന് പെന്‍ഡ്രൈവിനൊപ്പം നല്‍കിയ മറുപടിയിലുണ്ട്.
ആദ്യം പുറത്തു വന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ മര്‍ദനം സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം ദൃശ്യങ്ങള്‍ക്ക് വേണ്ടി അപേക്ഷ നല്‍കിയെങ്കിലും കെട്ടിട നിര്‍മാണം നടക്കുന്നതു കാരണം സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. പിന്നീട് പൊലീസ് സ്റ്റേഷനുകളിലെ ഇത്തരം ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നും അറിയിച്ചു. എന്നാല്‍, വിവരാവകാശ കമ്മിഷന്‍ ദൃശ്യങ്ങള്‍ കൈമാറാന്‍ ഉത്തരവിടുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാര്‍ മര്‍ദിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്ക് ആകെ കിട്ടിയ ശിക്ഷ സ്ഥലംമാറ്റം മാത്രമായിരുന്നു. മര്‍ദനത്തിനെതിരെ സുജിത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാര്‍ മര്‍ദിച്ചത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ട് നല്‍കിയത്. സ്റ്റേഷനില്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതോടെ ആരോപണവിധേയരായ പൊലീസുകാരെ അച്ചടക്കനടപടി എന്ന പേരില്‍ സ്ഥലംമാറ്റി.
നാലുപേരും വിവിധ സ്റ്റേഷനുകളിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ പൊലീസ് തയാറായില്ല. തുടര്‍ന്ന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുജിത് കോടതിയെ സമീപിച്ചു. തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 4 പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുത്തു. വകുപ്പുതല അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ എത്താതിരുന്നതിനെതിരെയും കോടതി നടപടിയെടുത്തു.
സംഭവദിവസം പൊലീസ് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ സുഹൈറിനെ കേസില്‍നിന്ന് ഒഴിവാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. പൊലീസ് ജോലി വിട്ട ഇദ്ദേഹം ഇപ്പോള്‍ മറ്റൊരു വകുപ്പിലാണ് ജോലി ചെയ്യുന്നത്.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.