- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒന്നിച്ച് പഠിക്കുന്ന സമയത്താണ് വിജയരാഘവന്‍ ഈ മുത്തിനെ തട്ടികൊണ്ടുപോയത്; അങ്ങനെ നമ്മുടെ നാട്ടിലെ ഒരു പുതുനാരി കൂടിയാണ് ബിന്ദു മിനിസ്റ്റര്‍'; മന്ത്രി ആര്.ബിന്ദുവിനെ വേദിയിലിരുത്തി കുറുക്കോളി മൊയ്തീന്റെ തഗ്ഗ് ഡയലോഗ്; പൊട്ടിച്ചിരിച്ച് വേദിയും സദസ്സും
ഒന്നിച്ച് പഠിക്കുന്ന സമയത്താണ് വിജയരാഘവന്‍ ഈ മുത്തിനെ തട്ടികൊണ്ടുപോയത്
മലപ്പുറം: സിപിഎം പിബി അംഗം എ വിജയരാഘവനും മന്ത്രി ആ ബിന്ദുവും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് രസകരമായ കമന്റുമായി കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. താനും വിജയരാഘവനും ഒന്നിച്ച് പഠിക്കുന്ന സമയത്താണ് ഈ മുത്തിനെ വിജയരാഘവന്‍ തട്ടികൊണ്ടുപോയത് എന്നതായിരുന്നു മന്ത്രിയെ ചൂണ്ടികാണിച്ച് തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവിനെ വേദിയില്‍ ഇരുത്തിയായിരുന്നു എംഎല്‍എയുടെ കമന്റ്.
'ആര്‍ ബിന്ദുവിന്റെ ഭര്‍ത്താവ് വിജയരാഘവന്‍ എന്റെ സമശീര്‍ഷ്യനായ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകനാണ്. എന്നേക്കാള്‍ രണ്ടു വയസ് കൂടുതലുണ്ടാകും. ഞാന്‍ അത്ര വയസായിട്ടില്ല. ഞാന്‍ കുറച്ച് ചെറുപ്പമാണ്. എങ്കിലും ഞാന്‍ എംഎസ്എഫും അദ്ദേഹം എസ്എഫ്ഐയുമായി ഞങ്ങള്‍ ഒരേ കാലഘട്ടത്തിലാണ് പ്രവര്‍ത്തിച്ചത്. അതിനിടെയാണ് വിജയരാഘവന്‍ ഈ മുത്തിനെ തട്ടികൊണ്ടുപോയത്. ഭാര്യയാക്കി കൊണ്ടുപോയത്. അങ്ങനെ നമ്മുടെ നാട്ടിലെ ഒരു പുതുനാരി കൂടിയാണ് ബിന്ദു മിനിസ്റ്റര്‍ എന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്', എന്നായിരുന്നു എംഎല്‍എയുടെ പ്രസംഗം.
തിരൂര്‍ ടിഎംജി കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടക്കുന്ന വേദിയെ പൊട്ടിച്ചിരിപ്പിച്ചാണ് എംഎല്‍എയുടെ പ്രസംഗം. കോളേജിലെ പെണ്‍കുട്ടിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ച് തരണമെന്ന അപേക്ഷയും വേദിയില്‍വെച്ച് മന്ത്രിയോട് എംഎല്‍എ നടത്തി. അടുത്തകാലത്ത് കുറുക്കോളി മൊയ്തീന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് തിരൂരില്‍ നിന്നും നിലമ്പൂരിലേക്ക് മെട്രോ വേണമെന്ന ആവശ്യം ഉന്നയിച്ചാണ്.
അതിവേഗം വളരുന്ന മലപ്പുറത്തെ തിരൂരില്‍നിന്ന് നിലമ്പൂരിലേക്ക് മെട്രോ റെയില്‍ വേണമെന്നായിരുന്നു നിയമസഭയില്‍ കുറുക്കോളി ആവശ്യം ഉന്നയിച്ചത്. കുറുക്കോളിയുടെ മോഹത്തില്‍ മുഖ്യമന്ത്രി പ്രകോപിതനായി. മാരകമായിരുന്നു മറുപടി. ഈ സര്‍ക്കാരിന്റെയോ അടുത്ത പതിറ്റാണ്ടില്‍ വരാനിരിക്കുന്ന സര്‍ക്കാരുകളുടെയോ ആലോചനയില്‍പ്പോലും ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് അദ്ദേഹം വെട്ടിമുറിച്ച് പറഞ്ഞു. അത് കേട്ട് കുറുക്കോളി മരവിച്ചു. ''എം.എല്‍.എ.മാര്‍ക്ക് ഏത് കാര്യവും ഉന്നയിക്കാം. പക്ഷേ, ഇതൊക്കെ സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കണോ? നിയമസഭാ സെക്രട്ടേറിയറ്റ് ആലോചിക്കണം'' ശാസനാരൂപത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം പിന്നാലെ വന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിക്കാന്‍പോയാല്‍ നിയമസഭാ സെക്രട്ടേറിയറ്റ് വലയും. വികസനമോഹം എം.എല്‍.എ.യ്ക്ക്, മന്ത്രിക്ക്, മുഖ്യമന്ത്രിക്ക് എത്രയാകാമെന്ന അളവ് ആര്, എങ്ങനെ കണക്കാക്കും?