ആലപ്പുഴ: അര്‍ധനഗ്‌നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന കുറുവ സംഘം മലയാളിക്ക് എന്നും പേടിസ്വപ്നമാണ്. കുറുവാ സംഘം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആലപ്പുഴയില്‍ ഭീതിപരത്തി, ജനങ്ങളെ ഉറക്കംകെടുത്തിയ മോഷണത്തിന് പിന്നില്‍ കുറുവ സംഘമാണെന്ന് വ്യക്തമായതോടെ അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്.

അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന കുറുവ സംഘാംഗം സന്തോഷ് സെല്‍വത്തിനായി പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി. ഇയാള്‍ക്കൊപ്പം കുണ്ടന്നൂരില്‍ നിന്നും പിടികൂടിയ തമിഴ്‌നാട് സ്വദേശി മണികണ്ഠനെ ചോദ്യം ചെയ്തു വരികയാണ്. സന്തോഷ് സെല്‍വത്തെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മറ്റു പ്രതികള്‍ക്കായി വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ്.

മണ്ണഞ്ചേരിയില്‍ സന്തോഷ് സെല്‍വത്തിനൊപ്പം വീടുകളുടെ അടുക്കള വാതില്‍ പൊളിച്ച് അകത്തുകയറി സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്ന രണ്ടാമനെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഉടനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കുറുവാ സംഘത്തില്‍ പെട്ട 14 പേരാണ് മോഷണങ്ങള്‍ക്കെ പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇവരിലേക്ക് ഉടന്‍ എത്താനാകുമെന്ന് പൊലീസ് പറഞ്ഞു.

സന്തോഷ് സെല്‍വത്തിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്‍ കുറുവ സംഘത്തില്‍പ്പെട്ടയാള്‍ ആണോയെന്ന് പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാനാട്ടില്ല. ആലപ്പുഴയില്‍ മോഷണം നടന്ന കാലയളവില്‍ മണികണ്ഠന്‍ കേരളത്തിലില്ലായിരുന്നു. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 14 വരെ ഇയാള്‍ തമിഴ്‌നാട്ടിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

പുന്നപ്ര പൊലീസും മണികണ്ടനെ ചോദ്യം ചെയ്തിരുന്നു. പുന്നപ്രയില്‍ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞില്ല. റിമാന്‍ഡിലുള്ള സന്തോഷിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ കുടുതല്‍ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.

അതിനിടെ കുറുവ സംഘത്തിലുള്ളവര്‍ കുണ്ടന്നൂര്‍ പാലത്തിനടിയില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ പൊലീസിനു ലഭിച്ചിരുന്നു. 'ഫിറ്റ്‌നെസി'ന്റെ കാര്യത്തില്‍ ഇവര്‍ കണിശക്കാരാണെന്നു പൊലീസ് പറയുന്നു. മോഷണത്തെ എതിര്‍ക്കുന്നവരെ വേണ്ടിവന്നാല്‍ ആക്രമിക്കാനും ഏതു സാഹചര്യത്തിലും പിടിക്കപ്പെടാതെ കടന്നുകളയാനും ഇവര്‍ പരിശീലനം നേടുന്നുണ്ടെന്നാണു വിവരം.

ഉല്ലാസയാത്രയ്ക്കും മറ്റും ഇവരുടെ പക്കല്‍ പണമുണ്ട്. കേരളത്തിലെത്തി വഴിവക്കില്‍ താമസിക്കുന്ന ഇവര്‍ക്കു തമിഴ്‌നാട്ടില്‍ വലിയ വീടുകളും സൗകര്യങ്ങളുമുണ്ടെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 31ന് പുതുവര്‍ഷം ആഘോഷിക്കാന്‍ സംഘം കുടുംബസമേതം ആലപ്പുഴ ബീച്ചിലും മറ്റും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

സൗത്ത് പൊലീസ് സ്റ്റേഷനു സമീപം കനാല്‍ക്കരയില്‍ സ്ഥാപിച്ച 'ഐ ലവ് ആലപ്പുഴ' എന്ന ബോര്‍ഡിനടുത്തു നിന്നു മുന്‍പു സന്തോഷ് ശെല്‍വം ചിത്രം പകര്‍ത്തി വാട്‌സാപ്പില്‍ ഡിസ്‌പ്ലേ പിക്ചറാക്കിയിരുന്നു. പാലായിലെ മോഷണത്തിനു പിടിക്കപ്പെട്ടപ്പോള്‍ ഇതു സന്തോഷിന്റെ ഫോണില്‍ കണ്ടെത്തി.

ഡ്രസ് റിഹേഴ്‌സല്‍

സന്തോഷ് ശെല്‍വം തന്നെയാണു മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയതെന്ന് ഉറപ്പിക്കാന്‍ പൊലീസ് അയാളെ വീണ്ടും മോഷണസമയത്തെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു പരിശോധിച്ചു. ഒക്ടോബര്‍ 29ന് മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മോഷണശ്രമം നടന്ന വീട്ടിലാണ് ഇതിനായി പൊലീസ് സന്തോഷിനെ എത്തിച്ചത്. മോഷണസമയത്തു ധരിച്ച രീതിയില്‍ വസ്ത്രം ധരിപ്പിച്ചു വീട്ടുകാരെ കാണിച്ച് ഉറപ്പു വരുത്തി. കുണ്ടന്നൂരില്‍ നിന്ന് ആലപ്പുഴയിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം പുലര്‍ച്ചെ മൂന്നിന് ആണ് മണ്ണഞ്ചേരിയില്‍ എത്തിച്ചത്.

നേതാജി ജംക്ഷനില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തില്‍ സന്തോഷ് ശെല്‍വത്തിന്റെ ദേഹത്തെ പച്ചകുത്തല്‍ വ്യക്തമായി കണ്ടിരുന്നു. അവിടെ ഇന്നലെ പുലര്‍ച്ചെ എത്തിച്ചപ്പോള്‍ വെളിച്ചം വ്യത്യസ്തമായിരുന്നു. മോഷണത്തിനു ശേഷം മിക്ക വീട്ടുകാരും മുഴുവന്‍ സമയവും വിളക്കുകള്‍ തെളിക്കുന്നതിനാല്‍ ദൃശ്യത്തിലെപ്പോലെ ഒത്തുവന്നില്ല. തുടര്‍ന്ന് കുറച്ചു ലൈറ്റുകള്‍ പൊലീസ് അണച്ചു പഴയ സാഹചര്യം പുനഃസൃഷ്ടിച്ചു. ഇന്‍ഫ്രാറെഡ് ലൈറ്റും ഉപയോഗിച്ചു.

സന്തോഷിനെ എത്തിച്ചപ്പോള്‍ അയാളുടെ നടത്തത്തില്‍ വ്യത്യാസം. മോഷണത്തിനെത്തിയപ്പോള്‍ അല്‍പം കുനിഞ്ഞാണു നടന്നിരുന്നത്. വീണ്ടും നടത്തിക്കുന്നത് എന്തിനാണെന്നു സന്തോഷിന് അറിയാമെന്നതിനാല്‍ മനഃപൂര്‍വം 'പോസ്' മാറ്റിയതാണെന്നാണു പൊലീസിന്റെ നിഗമനം. വര്‍ഷങ്ങള്‍ക്കു മുന്‍പു പാലക്കാട്ടു നടത്തിയ മോഷണത്തില്‍ സന്തോഷിന്റെ വിരലടയാളം ലഭിച്ചതു പാലായിലെ കേസില്‍ പ്രയോജനപ്പെട്ടിരുന്നു. അതു മണ്ണഞ്ചേരി മോഷണക്കേസുകളിലും സഹായകമാകും. പാലായിലെ കേസില്‍ കൂട്ടാളികളായ പശുപതി, അര്‍ജുന്‍ എന്നിവര്‍ ഇപ്പോഴും ജയിലിലാണെന്നാണു സന്തോഷ് പറഞ്ഞത്. മണികണ്ഠനെതിരെ ഏതെങ്കിലും സ്റ്റേഷനുകളില്‍ കേസുണ്ടോയെന്നു പരിശോധിച്ച ശേഷം നിരപരാധിയെങ്കില്‍ വിട്ടയയ്ക്കുമെന്നു പൊലീസ് പറഞ്ഞു.

പേടിസ്വപ്‌നമായി കുറുവ സംഘം

ഏത് ഇരുട്ടിലും ഒളിച്ചിരിക്കും, വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോള്‍ ജീവനെടുക്കും. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജിനഗര്‍- തിരുട്ടുഗ്രാമം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമത്തിലെ അംഗങ്ങളായിരുന്നു കുറുവ സംഘം. പക്ഷേ ഇപ്പോഴത്തെ കുറുവ സംഘത്തില്‍ ഉള്ളവരെല്ലാം ഒരേ ഗ്രാമത്തില്‍ നിന്നല്ല. തിരുട്ടു ഗ്രാമങ്ങള്‍ എന്ന പേരില്‍ കുപ്രസിദ്ധമായ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളില്‍ നിന്നാണ്. ഇവര്‍ക്ക് കുറുവാ സംഘമെന്ന പേര് നല്‍കിയത് തമിഴ്‌നാട് ഇന്റലിജന്‍സാണ്. ആയുധധാരികളായ സംഘം എന്നതാണ് ഇതിന്റെ അര്‍ഥം. തമിഴ്‌നാട്ടില്‍ നരിക്കുറുവ എന്നും ഇവര്‍ അറിയപ്പെടാറുണ്ട്.

ഒന്നോ രണ്ടോ പേരല്ല, നൂറോളം പേരുള്ള കവര്‍ച്ചക്കാരുടെ വലിയ കൂട്ടമാണിത്. പക്ഷേ ഒരു സ്ഥലത്ത് മോഷ്ടിക്കാന്‍ പോകുന്നത് പലപ്പോഴും മൂന്ന് പേര്‍ ഒരുമിച്ചായിരിക്കും. പതിനെട്ടുവയസുമുതല്‍ 60 വയസ് വരെയുള്ളവര്‍ ഈ സംഘത്തിലുണ്ട്. ഇവര്‍ക്ക് മോഷണം കുലത്തൊഴിലാണ്. അവര്‍ക്കത് ഒരു തെറ്റല്ല. മോഷണത്തില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ ഉള്‍പ്പെടെ കൊടുത്തിട്ടും കാര്യമുണ്ടായില്ല. പാരമ്പര്യമായി കൈമാറിയ കിട്ടിയ മോഷണതന്ത്രങ്ങളും മെയ്ക്കരുത്തും ആധുനിക സാങ്കേതിക വിദ്യയുടെ സൂക്ഷമമായ ഉപയോഗവുമെല്ലാമാണ് ഇവരെ ശക്തരാക്കുന്നത്.

പകല്‍ ആക്രിപെറുക്കല്‍, തുണി വില്‍ക്കല്‍ പോലെ ചെറിയ ജോലിയൊക്കെ ചെയ്ത് നടക്കും. അപ്പോഴാണ് മോഷ്ടിക്കേണ്ട വീടുകള്‍ നിരീക്ഷിച്ച് കണ്ടെത്തുന്നത്. രാത്രിയാണ് മോഷണം. ഏത് ഇരുട്ടും ഇവര്‍ക്ക് പ്രശ്‌നമല്ല. മോഷ്ടിക്കാന്‍ പോകുന്നതിനും ചില രീതികളുണ്ട്. കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന രീതിയില്‍ തോര്‍ത്തുകൊണ്ട് മുഖം മറയ്ക്കും. ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച് ഒരു നിക്കറിടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനായി ശരീരം മുഴുവന്‍ എണ്ണയും പിന്നെ കരിയും തേയ്ക്കും. ഇതിനെല്ലാം പുറമെ കമ്പും വടിയും വാളും അടക്കമുള്ള ആയുധങ്ങളും കരുതിയിട്ടുണ്ടാവും. മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്നുറപ്പായാല്‍ ആക്രമണം ഉറപ്പാണ്. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിക്കില്ല. തമിഴ്‌നാടന്‍ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണിതെന്നാണ് പോലീസ് പറയുന്നത്.

വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ട് ഇതു തകര്‍ക്കാന്‍ എളുപ്പത്തില്‍ കഴിയുന്നതിനാലാണ് ഈ ഭാഗം തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു വഴി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കിയോ ടാപ്പ് തുറന്നുവിട്ടോ വീട്ടുകാരെ പുറത്തേക്കിറക്കുന്നതാണ്. അങ്ങനെ പുറത്തിറങ്ങുന്നവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തും. ചിലപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കാറുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാന്‍ പ്രത്യേക കത്രികയും ഇവര്‍ക്കുണ്ട്.

കുറുവാ സംഘത്തില്‍പ്പെട്ട മൂന്നുപേരെ 2021ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2010ല് മലപ്പുറത്തുനിന്നും മൂന്നുപേരടങ്ങുന്ന സംഘത്തെയും 2008 ല്‍ പാലക്കാട് നിന്നും 10 അംഗ സംഘത്തെയും അറസ്റ്റ് ചെയ്തു. പക്ഷേ ജാമ്യത്തില്‍വിട്ട ഇവരെ പിന്നീട് പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമങ്ങളില്‍ താമസിക്കുന്നതാണ് ഇവരുടെ രീതി.