കൊച്ചി: കുമ്പളങ്ങിക്കാരനും മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ മണ്ഡലങ്ങളില്‍ ചര്‍ച്ചയായ 'തിരുത തോമ'യും തിരുത മീനും ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. തിരുത മീന്‍ പതിവായി ഗാന്ധി കുടുംബത്തില്‍ എത്തിച്ച് സ്ഥാനമാനങ്ങള്‍ നേടുന്നെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ കെ.വി. തോമസിനെതിരായ ആക്ഷേപം. സോണിയാഗാന്ധിക്ക് വളരെ പ്രിയമത്രേ തിരുതക്കറി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ ഉറച്ചുനിന്നതോടെ, തിരുത തോമ എന്ന് ചില കോണ്‍ഗ്രസുകാര്‍ ആക്ഷേപിച്ചെന്ന് കെ.വി. തോമസ് തന്നെ തുറന്നു പറഞ്ഞതോടെയാണ് ഈ മീനും തിരുത തോമയെന്ന വിളിപ്പേരും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതല്‍ തന്നെ കുറിച്ച് ഒട്ടേറെ കഥകളും കളിയാക്കലും വന്നിട്ടുണ്ടെന്നും ഒരു കുമ്പളങ്ങിക്കാരനായതിനാല്‍ അതിലൊന്നും പ്രശ്‌നം തോന്നിയിട്ടില്ലെന്നും കെ വി തോമസ് തുറുന്നുപറയുന്നു. 'കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പേരിലുള്ള വീഡിയോ പരമ്പരയിലാണ് 'തിരുതാ തോമ' എന്ന് തന്നെ കളിയാക്കി വിളിക്കുന്നതിനെ കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. 12 മിനിറ്റുള്ള വീഡിയോയില്‍ 30 സെക്കന്റോളം വരുന്നഭാഗത്താണ് തിരുതാ തോമാ കളിയാക്കലിനെ കുറിച്ച് കെ വി തോമസ് പറയുന്നത്.

ലീഡര്‍ക്കും സോണിയാ ഗാന്ധിക്കും തിരുത മത്സ്യം നല്‍കി സ്ഥാനമാനങ്ങള്‍ നേടി എന്ന അര്‍ത്ഥത്തിലാണ് അത്തരം വിളികളെന്നും അതിലൊന്നും തനിക്ക് വലിയ പ്രശ്‌നം തോന്നിയിട്ടില്ലെന്നും കെ വി തോമസ് പറയുന്നു. തിരുത കൊടുത്ത് സ്ഥാനമാനങ്ങള്‍ നേടാമെങ്കില്‍ പിന്നെ തിമിംഗലം തന്നെ കൊടുത്തുകൂടേ എന്നും അദ്ദേഹം ചോദിക്കുന്നു. കുമ്പളങ്ങിക്കാരനായതിനാല്‍ ഇത്തരം കളിയാക്കലുകളൊന്നും ബാധിക്കാറില്ലെന്നും ഇതുകേട്ട് ചിരിക്കുകയോ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു.

കെ വി തോമസിന്റെ വാക്കുകള്‍- 'രാഷ്ട്രീയത്തില്‍ പ്രവേശിച്ച സന്ദര്‍ഭത്തില്‍ എന്നെ കളിയാക്കാന്‍ ധാരാളം സ്റ്റോറികള്‍ വന്നിട്ടുണ്ട്. അതിലൊന്നാണ് എന്നെ വിളിക്കുന്ന തിരുത തോമാ. എന്താ കഥ... ഞാന്‍ തിരുത ലീഡര്‍ക്കും സോണിയാ ഗാന്ധിക്കും കൊടുത്ത് സ്ഥാനമാനങ്ങള്‍ നേടി എന്നുള്ളതാണ്. അതില്‍ വലിയ പ്രശ്‌നം എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാനൊരു കുമ്പളങ്ങിക്കാരനാണ്. തിരുത കൊടുത്ത് സ്ഥാനമാനങ്ങള്‍ കിട്ടുമെങ്കില്‍ തിമിംഗലം കൊടുത്തുകൂടെ. പറയുന്നവര്‍ക്കതില്‍ സന്തോഷമുണ്ടെങ്കില്‍ പറഞ്ഞോട്ടേ. ഈ കുമ്പളങ്ങി കഥകള്‍ പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. ഞാന്‍ അതുകേട്ട് ചിരിക്കുകയേ ഉള്ളൂ. കാരണം ഞാനൊരു കുമ്പളങ്ങിക്കാരനാണ്'.

കെ.വി. തോമസ് പറഞ്ഞ ആ രുചി രാജാവ് വീണ്ടും വാര്‍ത്തകളില്‍

കടല്‍ വാസിയെങ്കിലും കായലിലും എറണാകുളം, ആലപ്പുഴ തീരദേശങ്ങളിലെ മത്സ്യക്കെട്ടുകളിലുമാണ് തിരുത വളരുന്നത്. നെയ്മീന്‍ മുതലായ വമ്പന്മാരുടെ ശ്രേണിയില്‍ മുന്തിയ വിലയ്ക്ക് (കിലോയ്ക്ക് 800 രൂപ വരെ) വിറ്റുപോകും. കുഞ്ഞുങ്ങളെ പിടികൂടിയാണ് കര്‍ഷകര്‍ കെട്ടുകളില്‍ നിക്ഷേപിക്കുന്നത്. അതിവേഗം വളരും. മത്സ്യഗവേഷകര്‍ 1960 മുതല്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും തിരുതയുടെ കുഞ്ഞുങ്ങളെ കൃത്രിമമായി ഉത്പാദിപ്പിച്ചെടുക്കുന്നതില്‍ പൂര്‍ണവിജയം നേടിയിട്ടില്ല. ഹാച്ചറിയില്‍ മുട്ടവിരിയുമെങ്കിലും കുഞ്ഞുങ്ങള്‍ അതിജീവിക്കാറില്ല. ആവാസ വ്യവസ്ഥ സാധാരണ കടല്‍ മത്സ്യങ്ങള്‍ക്ക് ലവണാംശം കുറഞ്ഞ കായല്‍ ജലത്തില്‍ അതിജീവിക്കാനാവില്ല. എന്നാല്‍ തിരുതയ്ക്ക് കടലും കായലും ഒരുപോലെ.

'മുഗിലിഡെ' മത്സ്യകുടുംബത്തില്‍പ്പെട്ടതാണ്. മുഗില്‍സിഫാലസ് എന്നാണ് ശസ്ത്രനാമം. പോഷക മൂല്യംഒമേഗ- 3യുടെ അളവ് വളരെക്കൂടുതല്‍. ശരീരഭാരത്തിന്റെ 23 ശതമാനം പ്രോട്ടീനും 29 ശതമാനം കൊഴുപ്പുമാണ്.സെലേനിയം, ഐസോലൂസിന്‍, ലൈസീന്‍, റിപ്‌ടോഫാന്‍, ത്രിയോണിന്‍ തുടങ്ങിയ പോഷകാംശങ്ങളും കൂടുതലുണ്ട്. കേരളതീരങ്ങളില്‍ ലഭിക്കുന്ന തിരുതയുടെ ശരാശരി വലിപ്പം 30- 60 സെ.മീ. ഒരു മീറ്റര്‍വരെയുള്ളതിനെയും ലഭിച്ചിട്ടുണ്ട്. 6 കിലോഗ്രാം വരെ ഭാരം. മണ്‍സൂണിന് ശേഷമാണ് പ്രജനനകാലം. കുഞ്ഞുങ്ങളെ പുതുവൈപ്പിന്‍ മത്സ്യഗവേഷണ കേന്ദ്രത്തിന് സമീപത്തുനിന്ന് ശേഖരിച്ചാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.