പാലോട്: വനംവകുപ്പ് പാലോട് റേഞ്ച് ഓഫിസര്‍ എല്‍.സുധീഷ് കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് ഏപ്രില്‍ ഏഴിനാണ്. ഇരുതലമൂരിയെ കടത്തിയതിനു പിടിയിലായവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളില്‍ നിന്നു പണം വാങ്ങിയെന്ന കേസിലാണ് പൂജപ്പുര വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. സുധീഷിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഈ ഉദ്യോഗസ്ഥനെയാണ് വനംമന്ത്രിയുടെ അറിവും സമ്മതത്തോടെയും തിരിച്ചെടുക്കുന്നത്. മുതിര്‍ന്ന ഐഎഎസുകാരന്‍ എന്‍ പ്രശാന്തിനെ ആറു മാസത്തില്‍ അധികമായി സസ്‌പെന്‍ഷനില്‍ നിര്‍ത്തുന്ന സര്‍ക്കാരാണ് അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത പ്രതിയെ ജയില്‍ മോചിതനായി ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെടുക്കുന്നത്. അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്താല്‍ ആറു മാസം വരെ പുറത്ത് നിര്‍ത്താം. അസാധാരണ സാഹചര്യത്തില്‍ മാത്രമേ തിരിച്ചെടുക്കൂ. പക്ഷേ അറസ്റ്റിലായ പ്രതിയെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് അതിവേഗം ഇങ്ങനെ എടുക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. കളക്ടര്‍ ബ്രോ എന്ന് അറിയപ്പെടുന്ന ജനകീയ ഐഎഎസുകാരന് ഉറപ്പായും കിട്ടേണ്ട നീതി നിഷേധിക്കുന്നവര്‍ വനംവകുപ്പില്‍ എടുത്തത് അസാധാരണ തീരുമാനമാണ്.

അഴിമതിക്കു വിജിലന്‍സ് അറസ്റ്റ് ചെയ്തതോടെ സസ്പെന്‍ഷനിലായ റേഞ്ച് ഓഫീസര്‍ എല്‍. സുധീഷ് കുമാറിനെ മിന്നല്‍ വേഗത്തില്‍ തിരിച്ചെടുക്കാാണ് ശുപാര്‍ശ. തിരുവനന്തപുരം പാലോട് റേഞ്ച് ഓഫീസര്‍ ആയിരിക്കെ വിജിലന്‍സിന്റെ പിടിയിലായ അദ്ദേഹത്തെ പാലോട്തന്നെ നിയമിക്കാമെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നീക്കം. മന്ത്രി എ.കെ. ശശീന്ദ്രനു ഫയല്‍ ഉടന്‍ അയയ്ക്കും. വിജിലന്‍സ് കേസില്‍ ജാമ്യം ലഭിക്കുകയും മറ്റു കോടതി ഉത്തരവുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍ സര്‍വീസില്‍ തിരിച്ചെടുക്കാമെന്നു വനംവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ ഉത്തരവില്‍ പറയുന്നു. സുധീഷ് കുമാറിനെ തിരിച്ചെടുക്കുന്നതിനു വനംമന്ത്രിയുടെ അംഗീകാരമുണ്ടെന്ന വാചകവും ഉത്തരവിലുണ്ട്. സുധീഷ് കുമാറിനെ പാലോട് റേഞ്ച് ഓഫീസറായി തിരിച്ചെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇരുതലമൂരിയെ കടത്തിക്കൊണ്ടു വന്ന വാഹനത്തിന്റെ ആര്‍സി ഉടമയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒരു ലക്ഷം രൂപയും പ്രതികളില്‍ ഒരാളെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ അയാളുടെ സഹോദരിയില്‍ നിന്നു 4 പ്രാവശ്യമായി 45,000 രൂപ ഗൂഗിള്‍ പേ വഴിയും സുധീഷ് സ്വീകരിച്ചതായി കണ്ടെത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഈ വിവാദത്തില്‍ വനം വകുപ്പ് വിജിലന്‍സ് ശുപാര്‍ശ പ്രകാരം സസ്‌പെന്‍ഷനിലായിരുന്ന സുധീഷ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്നുള്ള അനുകൂല വിധിയെത്തുടര്‍ന്ന് തിരികെ സര്‍വീസില്‍ കയറിയിരുന്നു. ഇതിനു പിന്നാലെ സര്‍വീസില്‍ ചേരാനുള്ള ഉത്തരവില്ലാതെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെത്തി ഓഫിസറുടെ കസേര കയ്യേറി നെയിം ബോര്‍ഡും സ്ഥാപിച്ചതിനു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന വിജിലന്‍സ് എതിരായി നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ച് സുധീഷിനെ പാലോട് റേഞ്ചില്‍ റേഞ്ച് വനം വകുപ്പു ഓഫിസറായി നിയമിച്ചിരുന്നു. ഇവിടെ അധ്യാപകനെ മര്‍ദിച്ച കേസിലും പ്രതിയായി. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

പ്രതികളെ കേസില്‍ നിന്നൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റിലായ പാലോട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സുധീഷ്‌കുമാറിനെതിരെ നിരവധി പരാതിയുണ്ടെന്ന് ദേശാഭിമാനി പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈക്കൂലിക്കു പുറമെ പ്രൊഫസറെ മര്‍ദിച്ച കേസിലും പ്രതിയാണിയാള്‍ എന്നായിരുന്നു സിപിഎം മുഖപത്രം റിപ്പോര്‍ട്ട് ചെയ്തത്. സുധീഷ്‌കുമാറിനെതിരെ പല തവണ പരാതികള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നുവെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലൊരാളെയാണ് വനംമന്ത്രി എകെ ശശീന്ദ്രന്‍ തിരിച്ചെടുക്കുന്നത്. സാധാരണ നിലയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വ്യക്തമായ തെളിവുകള്‍ ഉള്ള സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്കെതിരെ ദേശാഭിമാനി ആരോപണം ഉന്നയിക്കൂവെന്നതാണ് വസ്തുത. അങ്ങനെ ദേശാഭിമാനി പോലും ഒരു പാട് പരാതിയുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെയാണ് ഒന്നുമില്ലെന്ന് പറഞ്ഞ് വനം മന്ത്രി ശശീന്ദ്രന്‍ തിരിച്ചെടുക്കുന്നത്.

സംരക്ഷിത വിഭാഗത്തില്‍പ്പെട്ട ഇരുതലമൂരി പാമ്പിനെ കടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെന്ന ആരോപണം ഉയര്‍ന്നത് 2023ല്‍ ആയിരുന്നു. അതിന് കൈക്കൂലി 1.45 ലക്ഷം രൂപ വാങ്ങി, കള്ളത്തടി കടത്തിയ ലോറി വിട്ടു കൊടുക്കാന്‍, കൈവശ ഭൂമിയിലെ റബര്‍ മരം വെട്ടാന്‍ അര ലക്ഷം രൂപ, തടിമില്ലിന്റെ ലൈസന്‍സ് പുതുക്കാന്‍ 3000 രൂപ ഇങ്ങനെ വ്യാപകമായി കൈക്കൂലി വാങ്ങിയ പരാതികളാണ് ഇയാള്‍ക്കെതിരെ സര്‍ക്കാരിനു മുന്നില്‍ എത്തിയത്. ഇതില്‍ വനം വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആഭ്യന്തര വിജിലന്‍സ് ശുപാര്‍ശയും വനം വകുപ്പ് വിജിലന്‍സിന് കൈമാറിയിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം വിജിലന്‍സ് പ്രത്യേക യൂണിറ്റ് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാന്‍ഡ് ചെയ്തു-ഇതായിരുന്നു ദേശാഭിമാനിയെല വാര്‍ത്ത.

ഇക്ബാല്‍ ട്രെയിനിങ് കോളേജ് അധ്യാപകനായ എ ബൈജുവിനെയാണ് പാലോട് റേഞ്ച് ഓഫീസറായിരിക്കെ സുധീഷ് മര്‍ദിച്ചത്. കോഴിക്കോടു നിന്നും വരുന്ന വഴി മൈലമൂട് വനത്തിനു സമീപം വച്ച് സിവില്‍ വേഷം ധരിച്ച ഒരാള്‍ വാഹനത്തിന് കൈ കാണിച്ചു. രാത്രിയായതിനാല്‍ ബൈജു വാഹനം നിര്‍ത്തിയില്ല. തുടര്‍ന്ന് പാണ്ടിയന്‍പാറ വച്ച് വാഹനം നിര്‍ത്തിച്ചു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുന്‍വശം യൂണിഫോമില്‍ ഗാര്‍ഡ് കൈ കാണിക്കുകയും വാഹനം നിര്‍ത്തുകയും ചെയ്തു. തൊട്ടുപിന്നാലെ സുധീഷ് കുമാര്‍ എത്തി വാഹനം ഉള്‍പ്പെടെ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പലതവണ ബൈജുവിന്റെ മുഖത്ത് അടിച്ചു. രാവിലെയാണ് വീട്ടിലേക്ക് പോകാന്‍ അനുവദിച്ചത്. തുടര്‍ന്ന് ബൈജു പാലോട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനുശേഷം പാലോട് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെ ക്രിമിനല്‍ കേസില്‍ അടക്കം അടുത്ത കാലത്ത് കുടുങ്ങിയ പ്രതിയെയാണ് ശശീന്ദ്രന്‍ തിരിച്ചെടുക്കുന്നത്.

ഇരുതല മൂരിയെ കടത്തിയ കേസില്‍ തമിഴ്നാട് സ്വദേശികളായ പ്രതികളെ രക്ഷിക്കാന്‍ 1.5 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലായിരുന്നു ഇതിനിടെ വിജിലന്‍സ് അറസ്റ്റ്. പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന മൂന്നുപേരും വന്ന വാഹനത്തില്‍ വാഹന ഉടമയെ ഒഴിവാക്കാന്‍ ഒരുലക്ഷം രൂപ വാങ്ങി. തുടര്‍ന്ന് പ്രതികളെ സഹായിക്കാനെന്ന പേരില്‍ ഒരാളുടെ സഹോദരിയുടെ പക്കല്‍ നിന്നും 4,5000 രൂപ ഗൂഗിള്‍പേ വഴിയും വാങ്ങിയെന്നാണ് പരാതി. ഇതോടെ വാഹന ഉടമ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ഇതിന്റെ ഭാഗമായി സസ്പെന്‍ഷന്‍ നടപടി നേരിട്ടെങ്കിലും കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങി തിരിച്ച് പരുത്തിപ്പള്ളിക്ക് തൊട്ടടുത്ത പ്രധാന റേഞ്ചായ പാലോടുതന്നെ നിയമനം നേടി. ഇതില്‍ വനം വകുപ്പിനെതിരേ വലിയ ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ വനവകുപ്പിന്റെ വിജിലന്‍സ് വിഭാഗം രജിസ്റ്റര്‍ചെയ്ത കേസുകളിലും ഇദ്ദേഹത്തിനെതിരെ അനേഷണം നടക്കുന്നുണ്ടെന്നതാണ് വസ്തുത.

രാത്രിയില്‍ കോളജ് അധ്യാപകനെയും മകനെയും തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ ഒരു മാസത്തോളമായിട്ടും കുറ്റക്കാരനായ പാലോട് റേഞ്ച് ഓഫിസര്‍ക്കെതിരെ ഡിഎഫ്ഒ, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്ലാവറ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ സിപിഎം അടക്കം സംഘടനകള്‍ സമരങ്ങള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. മന്ത്രി ഓഫിസിലെ സ്വാധീനമാണ് നടപടി എടുക്കാത്തതിനു കാരണമെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. പൊലീസ് കേസെടുത്തെങ്കിലും ഡിപ്പാര്‍ട്‌മെന്റ് തലത്തില്‍ നിന്ന് ഒരു നടപടിയും ഉണ്ടായില്ല.