കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനം നേരിട്ടുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കുമടക്കം പരാതി നല്‍കിയ ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. സെറിബ്രല്‍ ഹെമിറേജ് ബാധിതയായിലായിരുന്ന ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സെക്ഷന്‍ ഓഫീസര്‍ ജോളി മധു (56) ആണ് മരിച്ചത്. കയര്‍ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍ പീഡനത്തെയും മാനസിക സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് ജോളി സെറിബ്രല്‍ ഹെമിറേജ് ബാധിതയായതെന്ന് കുടുംബം ആരോപിച്ചിരുന്നു.

വിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന പോലും നല്‍കാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. രോഗാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ പോലും പരിഗണിച്ചില്ല. ശമ്പളം പോലും തടഞ്ഞുവച്ചു. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റെ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു.

ജോളി മധു ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്നാണ് കുടുംബത്തിന്റെ ആരോപണം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

അഞ്ച് മാസമായി ശമ്പളം നല്‍കിയില്ലെന്നും ജോളിക്കെതിരെ വിജിലന്‍സില്‍ രണ്ട് കള്ളക്കേസ് ചുമത്തപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ ലീവ് നിരസിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളുയര്‍ത്തി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ജോളിക്ക് മാത്രമല്ല കൂടെ ജോലി ചെയ്യുന്നവരും സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും അവരില്‍ നിന്നാണ് തൊഴിലിടത്തെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞതെന്നും ജോളിയുടെ സഹോദരന്‍ ലാലിച്ചന്‍ പറഞ്ഞു.

കയര്‍ ബോര്‍ഡ് മുന്‍ സെക്രട്ടറി, മുന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഇരുവരും ഒപ്പിട്ട് നല്‍കാനായി ജോളിയെ ഏല്‍പിച്ച ഫയലുകളില്‍ പലതിലും ജോളി ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. അതുകാരണം ജോളിയെ മാനസികമായി ഉപദ്രവിക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു. ജോളിയുടെ പ്രമോഷനും മനഃപൂര്‍വം തടസ്സപ്പെടുത്തിയിരുന്നു. അതെല്ലാം അതിജീവിച്ചാണ് സെക്ഷന്‍ ഓഫീസര്‍ വരെ ആയത്. പിന്നീടും മാനസികപീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 30 വര്‍ഷമായി ജോളി കയര്‍ ബോര്‍ഡ് ജീവനക്കാരിയാണ്.

കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നല്‍കിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കയര്‍ ബോര്‍ഡ് ഓഫീസ് അവഗണിച്ചു, മെഡിക്കല്‍ ലീവിന് ശമ്പളം നല്‍കിയില്ല, മെഡിക്കല്‍ റിപ്പോര്‍ട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴില്‍ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. വിധവയും അര്‍ബുദ ബാധിതയുമായ ജോളി മധുവിന് അവശേഷിക്കുന്നത് മൂന്നുവര്‍ഷത്തെ സര്‍വീസ് മാത്രമായിരുന്നു. ഇതിനിടയിലാണ് പ്രതികാര നടപടിയായി ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയത്. രോഗിയാണെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് കുടുംബം പറയുന്നു. ഇത് ഇവരെ മാനസികമായി തകര്‍ത്തിരുന്നു. അതിനു ശേഷമായിരുന്നു സെറിബ്രല്‍ ഹെമറേജ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.