- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അനന്തപുരിയിൽ ഭക്തിക്കടൽ; കത്തുന്ന വെയിലിലും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ; ആവേശമായി താരപ്പൊലിമ; പതിവ് തെറ്റിക്കാതെ ചിപ്പിയും ആനിയും; പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തർ മടങ്ങി; മടക്കയാത്രയ്ക്ക് പ്രത്യേക ട്രെയിനുകളും ബസുകളും; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്

തിരുവനന്തപുരം: ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ മടങ്ങി. ലക്ഷക്കണക്കിന് ഭക്തർ അർപ്പിച്ച പൊങ്കാല നിവേദ്യത്തോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഭക്തിനിർഭരമായ സമാപനം. ഉച്ചയ്ക്ക് 2.15-ന് ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതോടെ നഗരമെമ്പാടും നിവേദ്യ സമർപ്പണ ചടങ്ങുകൾ നടന്നു.
രാവിലെ 10.30-ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നു. തൊട്ടുപിന്നാലെ കിലോമീറ്ററുകളോളം നീണ്ടുകിടന്ന ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് അഗ്നി പകർന്നു. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചും ഭക്തലക്ഷങ്ങൾ തെരുവോരങ്ങളിലും വീറ്റുമുറ്റങ്ങളിലും ദേവിക്കായി പ്രസാദമൊരുക്കി. 380-ഓളം ശാന്തിമാരാണ് നിവേദ്യ ചടങ്ങുകൾക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കപ്പെട്ടത്.
പതിവുപോലെ ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ഇത്തവണയും ശ്രദ്ധേയമായി. നടി ചിപ്പി ക്ഷേത്രപരിസരത്ത് തന്നെ പൊങ്കാലയിട്ടു. സംവിധായകൻ ഷാജി കൈലാസിന്റെ വസതിയിൽ ഭാര്യയും നടിയുമായ ആനിയും മറ്റ് സുഹൃത്തുക്കളും ഒത്തുചേർന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും കുടുംബസമേതം പൊങ്കാലയുടെ ഭാഗമായി.
ആചാരപ്പെരുമയ്ക്കൊപ്പം ഹൃദ്യമായ സൗഹൃദത്തിന്റെ വിരുന്നുകൂടിയായി നടി ആനിയുടെ വീട്ടുമുറ്റത്തെ പൊങ്കാല. വർഷങ്ങൾക്കു മുൻപ് മൂന്ന് അടുപ്പുകളിൽ തുടങ്ങിയ ആനിയുടെ പൊങ്കാലയിടൽ ഇന്ന് സിനിമ-സീരിയൽ രംഗത്തെ പ്രമുഖർ ഒത്തുചേരുന്ന വലിയൊരു ഭക്തിസംഗമമായി മാറി. ഇത്തവണയും പതിവുതെറ്റിക്കാതെ നിരവധി താരങ്ങളാണ് ആറ്റുകാലമ്മയ്ക്ക് നൈവേദ്യമൊരുക്കാൻ ഇവിടെയെത്തിയത്.
മുടങ്ങാതെ പൊങ്കാലയർപ്പിക്കുന്ന ആനിയുടെ വിശ്വാസത്തിനൊപ്പം പ്രിയ സുഹൃത്ത് ബീന ആന്റണിയും ഇത്തവണ പങ്കുചേർന്നു. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ ഭാര്യ ലീനയുടെ കന്നിപ്പൊങ്കാലയായിരുന്നു ഇത്തവണത്തേത്. തന്റെ പുതിയ ചിത്രത്തിന്റെ വിജയത്തിനായി പ്രാർത്ഥനയുമായി സംവിധായകൻ ഷാജി കൈലാസും ഇവർക്കൊപ്പം സജീവമായുണ്ടായിരുന്നു.
പിറന്നാൾ മാസത്തിൽ തന്നെ കന്നിപ്പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞതിന്റെ ഇരട്ടി സന്തോഷത്തിലായിരുന്നു നടി അദിതി രവി. 'സർവം മായ'യിലൂടെ ശ്രദ്ധേയയായ റിയ ഷിബു, സീരിയൽ താരം സ്നിഷ എന്നിവരും ആനിയുടെ വീട്ടുമുറ്റത്ത് പൊങ്കാലയർപ്പിച്ചു. കത്തുന്ന വെയിലിനെ അവഗണിച്ചും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കാലയർപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മനിർവൃതിയോടെയാണ് താരങ്ങൾ മടങ്ങിയത്.
നിവേദ്യത്തിന് സാക്ഷ്യം വഹിക്കാൻ 350-ഓളം ശാന്തിമാരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർക്ക് പുറമെ വിദേശികളും ഇത്തവണ പൊങ്കാല പുണ്യം തേടിയെത്തിയിരുന്നു. കിലോമീറ്ററുകളോളം നീണ്ട നിരത്തുകളിൽ രണ്ടും മൂന്നും വരികളിലായാണ് അടുപ്പുകൾ നിരന്നത്. തലേദിവസം തന്നെ ഇടംപിടിച്ച ഭക്തർ പുലർച്ചെ മുതൽ ദേവീനാമ മന്ത്രങ്ങളാൽ നഗരത്തെ ഭക്തിയുടെ കൊടുമുടിയേറ്റുകയായിരുന്നു.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ ഒരുക്കിയിരുന്നു. നഗരത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അന്നദാനവും കുടിവെള്ള വിതരണവും നടന്നു. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തിൽ സുഗമമായാണ് ഇത്തവണ ചടങ്ങുകൾ പൂർത്തിയായത്. നിവേദ്യത്തിന് ശേഷം മൺകലങ്ങളുമായി ഭക്തർ മടങ്ങിയതോടെ അനന്തപുരി പതുക്കെ സാധാരണ നിലയിലേക്ക് തിരിച്ചുനടന്നു.
ചന്ദ്രഗ്രഹണം പ്രമാണിച്ച് ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രത്തിൽ ദർശനം ഉണ്ടാകില്ല. രാത്രി 8.30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽകുത്ത് ചടങ്ങ് നടക്കും. തുടർന്ന് 10.45-ന് മണക്കാട് ധർമ്മശാസ്‌ത്രാ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെടും. ബുധനാഴ്‌ച രാത്രി 9.45-ന് കാപ്പഴിച്ചു കുടിയിളക്കുന്നതോടെ ചടങ്ങുകൾക്ക് തുടർച്ചയാകും. രാത്രി 12.45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് ഔദ്യോഗികമായി സമാപനമാകും.


