- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസവഞ്ചനാ കേസില്‍ പ്രതിക്കൂട്ടിലായി; പരാതിക്കാരന് പണം തിരികെ നല്‍കി തലയൂരി; പൊലീസ് മേധാവി ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസ് പിന്‍വലിക്കും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായി. ഹര്‍ജിക്കാരനായ ഉമര്‍ ഷെരീഫിന് കിട്ടാനുള്ള തുക പലിശ ഉള്‍പ്പെടെ തിരികെ നല്‍കിയതോടെയാണ് കോടതിയില്‍ കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ അസി. സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിച്ചത്.
ശനിയാഴ്ച ആയിരുന്നു കേസ് പരിഗണിക്കാനിരുന്നത്. അതിനിടെയാണ് കേസ് ഒത്തുതീര്‍പ്പായ വിവരം പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. കേസ് വിവാദമായതോടെ, പരാതിക്കാരനായ പ്രവാസി ടി.ഉമര്‍ ഷെരീഫിന് പണം തിരികെ നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. പരസ്പര ധാരണയില്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. കേസ് ഒത്തു തീര്‍പ്പായതോടെ ഡിജിപി പരാതിക്കാരന് പണം തിരികെ നല്‍കിയത്.
ഭൂമി ഇടപാട് കേസില്‍ സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങളും നടന്നത്. ഡിജിപിയുടെ ഭാര്യ എസ്.ഫരീദ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജില്‍ വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരത്ത് ഉള്ള 10.8 സെന്റ് ഭൂമി വില്‍ക്കാനാണ് 2023 ജൂണ്‍ 22ന് വഴുതക്കാട് ഡിപിഐ ജംക്ഷനു സമീപം ടി.ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടത്.
74 ലക്ഷം രൂപയ്ക്കു ഭൂമി വില്‍ക്കാന്‍ സമ്മതിക്കുകയും മുന്‍കൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം ഡിജിപിയും ഭാര്യയും കരാര്‍ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച്, കരാറില്‍ ഉള്‍പ്പെട്ട വ്യക്തി മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. ഇത് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പരാതിക്കാരന്‍ സമീപിച്ചു.
കരാറിലെ 2 സാക്ഷികളിലൊരാള്‍ ഡിജിപിയാണ്. ഭൂമിക്ക് 26 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത ഉണ്ടെന്നു മനസ്സിലാക്കി കരാര്‍ ലംഘനം ആരോപിച്ച് ഉമര്‍ ഷെരീഫ് പണം തിരികെ ചോദിച്ചു. ലഭിക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചു. തുടര്‍ന്നാണു വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാന്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി മേയ് 25ന് ഉത്തരവിട്ടത്. കരാര്‍ ഒപ്പിട്ട ദിവസമാണ് ആദ്യ അഡ്വാന്‍സായി 15 ലക്ഷം രൂപ ബാങ്ക് വഴി നല്‍കിയതെന്നും വീണ്ടും ആവശ്യപ്പെട്ടതോടെ നാല് ദിവസത്തിനു ശേഷം 10 ലക്ഷം രൂപ കൂടി ഇങ്ങനെ നല്‍കിയെന്നും പരാതിക്കാരന്‍ പറയുന്നു. മൂന്നാമത് പണം ചോദിച്ചപ്പോള്‍ 2023 ജൂലൈ ഒന്നിന് ഡിജിപിക്ക് നേരിട്ട് 5 ലക്ഷം രൂപ നല്‍കിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക ചേംബറിലാണെന്നും മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ പറയുന്നു.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നതും അസാധാരണമാണ്. ആഭ്യന്തര വകുപ്പിനെതിരെ പാര്‍ട്ടി യോഗങ്ങളിലും പുറത്തു വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് പൊലീസ് മേധാവി തന്നെ വിശ്വാസവഞ്ചനാ കേസില്‍ പ്രതിക്കൂട്ടിലായത്. ഭൂമിയുടെ പേരിലുള്ള ലോണ്‍ വിവരം മറച്ചുവെച്ച് വില്‍പ്പന കരാര്‍ ഉണ്ടാക്കിയത് ഗുരുതര കുറ്റമാണ്. അതിലും ഗൗരവമേറിയതാണ് ആദായനികുതി വകുപ്പിന്റെ മാര്‍ഗ്ഗരേഖ മറികടന്ന് സ്വന്തം ചേംബറില്‍ വെച്ച് അഞ്ചു ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയത്.
പരാതി നിലനില്‍ക്കെയാണ് രണ്ട് ദിവസത്തിന് ശേഷം ഷെയ്ഖ് ദര്‍വേസ് സാഹിബിന് സര്‍വ്വീസ് കാലാവധി ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയതും വിവാദമായിരുന്നു. ഭൂമിവിവാദത്തില്‍ സര്‍ക്കാറും സേനയും ഒരു പോലെ വെട്ടിലായതോടെയാണ് അതിവേഗത്തിലുള്ള ഒത്ത് തീര്‍പ്പ് ശ്രമങ്ങളുണ്ടായത്. ഉമര്‍ ശരീഫില്‍ നിന്ന് കൈപ്പറ്റിയ 30 ലക്ഷം രൂപ ഉടന്‍ കൈമാറി കേസ് അവസാനിപ്പിക്കാനായിരുന്നു ശ്രമം. പണം നല്‍കുന്ന മുറക്ക് പരാതിക്കാരന്‍ കോടതിയെ ഇക്കാര്യം അറിയിച്ച് പിന്മാറും. എന്നാല്‍ പണം നല്‍കി കേസ് തീര്‍ന്നാലും പ്രശ്‌നം തീരുന്നില്ല. നിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള സേനയുടെ തലപ്പത്തുള്ളയാള്‍ തന്നെ വിശ്വാസ വഞ്ചന കാണിച്ചു എന്നത് അതീവ ഗൗരവമേറിയ പ്രശ്‌നമാണ്.