- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിറങ്ങലിച്ച് വയനാട്; മരണസംഖ്യ 116 ആയി, 98 പേരെ കാണാതായി; എയര്‍ ലിഫ്റ്റിന് കാലാവസ്ഥ തടസം; ആവശ്യമെങ്കില്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം
വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തെ ഉരുള്‍പ്പൊട്ടലില്‍ ആറ് മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 119 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തില്‍ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ 42 മൃതദേഹമാണുള്ളത്. ഇതില്‍ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടര്‍ എത്തി. ചൂരല്‍മലയില്‍ കുടുങ്ങിക്കിടന്നവരെ എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു. പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് എയര്‍ ലിഫറ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആദ്യ ഉരുള്‍ പൊട്ടല്‍. പുലര്‍ച്ചെ 4.10 ന് രണ്ടാമതും ഉരുള്‍ പൊട്ടി. ചൂരല്‍മല മുണ്ടക്കൈ റോഡും പാലവും ഒലിച്ച് പോയി. വെള്ളാര്‍മല സ്കൂള്‍ തകര്‍ന്നു. മുണ്ടക്കൈയില്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായത്. ഒറ്റപ്പെട്ട അട്ടമലയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ദുരന്ത നിവാരണ സേനയും വയനാട്ടിലെത്തി.
ആകാശ മാര്‍ഗം രക്ഷാ ദൗത്യത്തിന് സേന രാവിലെ രണ്ട് വട്ടം ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥ കാരണം നടന്നില്ല. വടം കെട്ടിയാണ് മറുകരയിലുണ്ടായിരുന്ന ചൂരല്‍ മലയില്‍ എത്തിച്ചത്. വൈകീട്ട് സേന ഹെലികോപ്ടര്‍ ചൂരല്‍ മലയിലെത്തിച്ചു. സ്ഥലത്ത് സൈന്യം താല്‍ക്കാലിക പാലം നിര്‍മിക്കും. എന്നാല്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
ചൂരല്‍മലയിലെ തകര്‍ന്ന പാലത്തിനു പകരം താല്‍ക്കാലിക പാലം നിര്‍മ്മിക്കുമെന്ന് മന്ത്രി കെ രാജന്. മുണ്ടക്കൈയില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും. റോപ്പ് വഴി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായും മന്ത്രി കെ രാജന് പറഞ്ഞു. എയര്‍ ലിഫ്റ്റിന് കാലാവസ്ഥ തടസമാണ്. ആവശ്യമെങ്കില്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരും. അതിനാവശ്യമായ ലൈറ്റുകള്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയാ വഴി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ റോപ്പുകളും എത്തിക്കാനാണ് തീരുമാനം. ചൂരല്‍മലയിലെ പത്താം വാര്‍ഡായ അട്ടല്‍മലയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരല്‍മലയും പത്താം വാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാല്‍ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികര്‍ കയര്‍ കെട്ടി പത്താം വാര്‍ഡിലേക്ക് കടന്നെങ്കിലും കൂടുതല്‍ പേരെ എത്തിക്കാനുള്ള കയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് സൈന്യം അറിയിച്ചു. അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി ഉയര്‍ന്നു.
ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ വലിയ റോപ്പുകള്‍ എത്തിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ദുരന്തത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടതും തകര്‍ന്നടിഞ്ഞതും പത്താം വാര്‍ഡായ അട്ടമലയാണ്. അതിനാലാണ് രക്ഷാ പ്രവര്‍ത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കുന്നത്. അതിനിടെ, തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങള്‍ ഉടന്‍ പുറപ്പെടും. 5 മണിക്ക് വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. അവിടെ നിന്ന് റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകും. ജീവന് രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉള്ള ഉപകരണങ്ങളുമടക്കം വഹിച്ചു കൊണ്ടാണ് ഇവര്‍ എത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള സൈനിക സംഘവും ചൂരല്‍മലയില്‍ എത്തിയിട്ടുണ്ട്.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ലയങ്ങള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തടത്തുന്നതായി സന്നദ്ധപ്രവര്ത്തകന് ഷാജി അറിയിച്ചു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും കെവി ഷാജി പറഞ്ഞു. അതേസമയം, മരണം 73 ആയി ഉയര്‍ന്നു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. മണ്ണിനടിയില്‍ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയര്‍ഫോഴ്സും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിരവധി വീടുകള്‍ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങള്‍ മണ്ണിനടിയില്‍ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.