- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തിയത് 500ല്‍ അധികം പേരെ; മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു; 133 പേര് മരിച്ചതായി വിവരം
മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്ത സ്ഥലത്ത് ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേര്‍ന്നാണ് പാലം ചൂരല്‍മലയില്‍ ചൊവ്വാഴ്ച രാത്രിയോടെ താത്കാലിക പാലം നിര്‍മ്മിച്ചത്. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മ്മിച്ചത്.
മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചില്‍ ദൗത്യ സംഘം അവസാനിപ്പിച്ചു. ഏതാണ്ട് 20 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയാലും പുറത്തെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് പ്രദേശത്ത്. ഇതുവരെ 133 പേര് മരിച്ചതായാണ് വിവരം.
ഉരുള്‍പൊട്ടല്‍ നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയില്‍ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അതീവദുഷ്കരവും സമയമെടുക്കുന്നതുമായ രക്ഷാപ്രവര്‍ത്തനമായിരുന്നു.
താത്കാലിക പാലം യാഥാര്‍ഥ്യമായതോടെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലായി. അതിനൊപ്പം അതീവ ദുഷ്കരമായ ലാന്‍ഡിങ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തത്.
കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തെയും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടില്‍ വിന്യസിച്ചിട്ടുണ്ട്.
കാലാവസ്ഥയും രാത്രിയാകുന്നതോടെ പ്രതികൂലമാകുമെന്നാണ് മുന്നറിയിപ്പ്. മുണ്ടക്കൈ ടൗണ്‍ പൂര്‍ണമായും ഉരുള്‍പ്പൊട്ടലില്‍ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. മേപ്പാടിയിലെ വിംസ് ആശുപത്രിയിലേക്ക് നിരവധി പേരെയാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. മേപ്പാടിയിലെ രണ്ട് ദുരിതാശ്വാസ കാംപുകളിലേക്ക് കൂട്ടമായാണ് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം രക്ഷപ്പെട്ടെത്തിയവര്‍ ഉരുള്‍പ്പൊട്ടലിന്റെ നടുക്കുന്ന ഓര്‍മകളാണ് പങ്കുവക്കുന്നത്. രാത്രിയുണ്ടായ ഭീതിതമായ ശബ്ദം കേട്ടാണ് തങ്ങള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റതെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു. ജീവനും കയ്യില്‍ പിടിച്ചാണ് സമീപത്തെ റിസോര്‍ട്ടിന് മുകളിലേക്ക് കയറിയത്. ഉറ്റവരെ തിരയാന്‍ പോലും രാത്രിയായതു കൊണ്ട് സാധിച്ചില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇനിയും നിരവധി പേര് മണ്ണിനടയില്‍ പെട്ട് കിടക്കുകാണെന്നും ഇവര്‍ പറയുന്നു. പാടിയില്‍ അടക്കം നിരവധി പേര് ഉണ്ടായിരുന്നുവെന്നും അവരുടെ ഒരു വിവരവും ഇല്ലെന്നും രക്ഷപ്പെട്ടെത്തിയവര്‍ പറയുന്നു.
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും അതിദാരുണമായ ദുരന്തമാണ് ഉണ്ടായതെന്നും രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഉള്ളവര്‍ മാത്രമേ ഇപ്പോള്‍ അവിടേയ്ക്കു പോകാന്‍ പാടുള്ളു. രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്ന തരത്തില്‍ ദുരന്തമേഖലയില്‍ കാഴ്ചക്കാരായി നില്ക്കുന്ന പ്രവണത ഒഴിവാക്കണം.
അനാവശ്യമായി വാഹനങ്ങളില്‍ അവിടേക്കു പോയി ഗതാഗത തടസം ഉണ്ടാക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേഖലയില്‍ രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. തിങ്കളാഴ്ച രാത്രിയിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളിലായി മരണസംഖ്യ 120 കടന്നിരുന്നു. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ ഇനിയും കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം. പരിക്കേറ്റ നൂറിലധികം പേര് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.
രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ വീണ്ടും തിരച്ചില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരണസംഖ്യ സംബന്ധിച്ച് ശരിയായ കണക്ക് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു.