ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകരരെ കുറച്ചുകാലമായി തന്നെ 'അജ്ഞാത'രുടെ വെടിയേറ്റ് മരിക്കാറുണ്ട്. ആരാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് പാക്കിസ്ഥാന് ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. നിരവധി ഭീകരരാണ് ഇത്തരത്തില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഇപ്പോഴിതാ മറ്റൊരു ഭീകരന്‍ കൂടി ദൂരൂഹമായ സാഹചര്യത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.

പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ സ്ഥാപകരിലൊരാളായ അമീര്‍ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലാഹോറിലെ വീട്ടില്‍വെച്ച് എന്തോ അപകടം സംഭവിച്ചെന്നും ഗുരുതരമായി പരിക്കേറ്റ അമീര്‍ ഹംസ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എങ്ങനെയാണ് അമീര്‍ ഹംസയ്ക്ക് അപകടം സംഭവിച്ചതെന്നും പരിക്കേറ്റതെന്നും ഇതുവരെ വ്യക്തമല്ല. അതേസമയം, വീട്ടില്‍വെച്ച് വെടിയേറ്റാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്ന് സാമൂഹികമാധ്യമങ്ങളില്‍ അഭ്യൂഹമുണ്ട്. ചോരയില്‍ കുളിച്ച് കിടക്കുന്ന അമീര്‍ ഹംസയുടെ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, വെടിയേറ്റതാണെന്ന അഭ്യൂഹം ചില അന്വേഷണഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിരോധിത ഭീകരസംഘടനയായ ലഷ്‌കറിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് അമീര്‍ ഹംസ. തീവ്രപ്രസംഗങ്ങളിലൂടെയും ലഷ്‌കറിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും ഇയാള്‍ കുപ്രസിദ്ധി നേടിയിരുന്നു. അമീര്‍ ഹംസ ഉള്‍പ്പെടെയുള്ള 17 ഭീകരവാദികള്‍ ചേര്‍ന്നാണ് ലഷ്‌കറെ തൊയ്ബ സ്ഥാപിച്ചത്. ഭീകരസംഘടനയുടെ നേതൃത്വത്തില്‍ പ്രധാനപങ്ക് വഹിച്ചിരുന്ന ഇയാള്‍, ലഷ്‌കറിനായുള്ള പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട്മെന്റിനും ഭീകരരെ വിട്ടയക്കാനുള്ള ചര്‍ച്ചകളിലും സജീവമായിരുന്നു.

2018-ല്‍ സാമ്പത്തികസഹായങ്ങള്‍ കുറഞ്ഞതോടെ ലഷ്‌കറുമായി അകലംപാലിച്ച അമീര്‍ ഹംസ, ജെയ്ഷെ മന്‍ഫാഖ എന്ന പേരില്‍ മറ്റൊരു ഭീകരസംഘടന സ്ഥാപിച്ചിരുന്നു. ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഈ സംഘടന ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ഭീകരസംഘടന രൂപവത്കരിച്ചെങ്കിലും അമീര്‍ ഹംസ ലഷ്‌കര്‍ നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

അഫ്ഘാന്‍ മുജാഹിദീന്‍ ഭീകരനും ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവും കടിയാണ് ഇയാള്‍. യുഎസ് ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആമീര്‍ ഹംസ ലഷ്‌കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ കൂടിയാണ്. ലഷ്‌കറിന്റെ പ്രധാന കമ്മിറ്റികളില്‍ ഉള്ള ഇയാള്‍ സംഘടനയ്ക്ക് പണം പിരിക്കാനും, യുവാക്കളെ റിക്രൂട്ട് ചെയ്യാനും മുന്‍പന്തിയിലുണ്ടായിരുന്നു.

രണ്ട് ദിവസം മുമ്പ് ഇന്ത്യയില്‍ 2 വന്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ പാക്കിസ്ഥാന്‍ കൊടും ഭീകരന്‍ സെയ്ഫുള്ള ഖാലിദ് എന്ന ലഷ്‌കര്‍ തലവനെ അജ്ഞാതന്‍ വധിച്ചിരുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരായ തോക്കുധാരികള്‍ കൊലപ്പെടുത്തുകയായരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരന്‍ റസുള്ള നിസാനി എന്ന അബു സയുള്ളയെ വധിച്ച അജ്ഞാതരെ പിടികൂടാന്‍ ആയില്ല. വെടി വയ്ച്ച് കൊലപ്പെടുത്തിയ ശേഷം അജ്ഞാതര്‍ രക്ഷപെടുകയായിരുന്നു.ഇന്ത്യയില്‍ നടന്ന മൂന്ന് വലിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരന്‍ ആണ് കൊല്ലപ്പെട്ട കൊടും ഭീകരന്‍.

ഇന്ത്യയില്‍ ഈ കൊടും ഭീകരന്‍ പ്രധാനമായും മൂന്ന് ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ അബു പ്രധാന പങ്ക് വഹിച്ചു: 2001-ല്‍ റാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുള്ള ആക്രമണം, 2005-ല്‍ ബാംഗ്ലൂരില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന് നേരെയുള്ള ആക്രമണം, 2006-ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് നേരെയുള്ള ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.

അഞ്ചുവര്‍ഷത്തിനിടെ നടത്തിയ മൂന്ന് ആക്രമണങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിനോദ് കുമാര്‍ എന്ന പേരില്‍ നേപ്പാളില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വ്യാജപേരില്‍ നേപ്പാളില്‍ കഴിയവയെയാണ് ഇയാള്‍ ഇന്ത്യയിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. ആക്രമണങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്തതും ആയുധങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.