- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിന്റെ കൂടെയുണ്ടായിരുന്ന ലതീഷിനെ തിരിച്ചെടുക്കുന്നവര്‍ക്ക് പാലക്കാട്ട സുരേഷിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ്; ആലപ്പുഴയിലെ ചേര്‍ത്ത് നിര്‍ത്തല്‍ 'സുധാകര' ഇഫ്ക്ടിനെ ഭയന്നു തന്നെ; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുണ്ടോയെന്നും വിലയിരുത്തണമെന്ന കോണ്‍ഗ്രസ് വേദിയിലെ സിപിഎം മുന്‍ മന്ത്രിയുടെ ആവശ്യത്തിലും ദുരൂഹത കണ്ട് സിപിഎം; വിഎസിന്റെ സന്തത സഹചാരിയെ തിരിച്ചെടുക്കുമോ?
ആലപ്പുഴ: സുധാകര പേടിയില്‍ സിപിഎം. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന ലതീഷ് ബി. ചന്ദ്രനെ സിപിഎം തിരിച്ചെടുത്തത് ആലപ്പുഴയില്‍ സുധാകര ഇഫക്ട് ഉണ്ടാകുമോ എന്ന ആശങ്കയില്‍. കൃഷ്ണപിള്ളസ്മാരകം കത്തിച്ച കേസില്‍ 2014-നാണ് പാര്‍ട്ടിയില്‍നിന്നു ലതീഷിനെ പുറത്താക്കിയത്. കേരള സര്‍വകലാശാല യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും മുഹമ്മ ഗ്രാമപ്പഞ്ചായത്തംഗവുമാണ്. ഇദ്ദേഹത്തിന് അംഗത്വം നല്‍കി മുഹമ്മ എസ്എന്‍വി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി നിര്‍ദേശം. വിഎസിനൊപ്പമുണ്ടായിരുന്ന പാലക്കാട്ടെ സുരേഷിനും പാര്‍ട്ടിയില്‍ ഇപ്പോള്‍ സ്ഥാനമില്ല. സുരേഷിനേയും സിപിഎം തിരിച്ചെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാല്‍ സുരേഷിനോട് മുഖ്യമന്ത്രി പിണറായി വിജയന് തീരേ താല്‍പ്പര്യമില്ലെന്നും സൂചനയുണ്ട്. സുരേഷിനേയും സിപിഎമ്മില്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാണ്. പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് മാത്രം അന്നും ഇന്നും പ്രവര്‍ത്തിക്കുന്ന നേതാവാണ് സുരേഷ് എന്നതാണ് പാലക്കാട്ടെ സിപിഎം അണികളുടെ വികാരം. വിഎസിന്റെ സന്തത സഹചാരി സുരേഷായിരുന്നു. ഈ വ്യക്തിയെയാണ് സിപിഎം ഇപ്പോഴും പാര്‍ട്ടിക്ക് പുറത്ത് നിര്‍ത്തുന്നത്.
ലതീഷിനെ തിരിച്ചെടുത്തതോടെ സുരേഷിനേയും പാര്‍ട്ടി തിരിച്ചെടുക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ലതീഷിന്റേത് മറ്റൊരു വിഷയമാണെന്ന് സിപിഎം ഔദ്യോഗികമായി പറയുന്നുണഅട്. 2013 ഒക്ടോബര്‍ 31-നാണ് കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ളസ്മാരകം കത്തിച്ചത്. കേസില്‍ ഒന്നാം പ്രതിയായിരുന്നു ലതീഷ്. കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന പി. സാബുവായിരുന്നു രണ്ടാം പ്രതി. സിപിഎം പ്രവര്‍ത്തകരായ ദീപു ചെല്ലിക്കണ്ടത്തില്‍, രാജേഷ് ചെല്ലിക്കണ്ടത്തില്‍, പ്രമോദ് വടക്കേച്ചിറ എന്നിവരായിരുന്നു മറ്റു പ്രതികള്‍. എന്നാല്‍, 2020 ജൂലായ് 31-ന് അഞ്ചുപേരെയും കോടതി കുറ്റവിമുക്തരാക്കി. യുഡിഎഫ് ഭരണകാലത്താണ് സ്മാരകം കത്തിച്ചത്. പോലീസ് പറയുന്നതുകേട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുത്തതിന് വി.എസ്. പ്രതിഷേധിച്ചിരുന്നു. എന്നാല്‍, വിഷയം പാര്‍ട്ടി അന്വേഷിച്ചില്ല. കുറ്റവിമുക്തരായതിനെത്തുടര്‍ന്ന് തിരിച്ചെടുക്കാനായി എല്ലാവരും പാര്‍ട്ടിയെ സമീപിച്ചെങ്കിലും ലതീഷിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായില്ല. ബാക്കിയുള്ളവര്‍ ഓരോ ഘട്ടങ്ങളില്‍ തിരിച്ചെത്തി.
കുറ്റവിമുക്തനായിട്ടും പാര്‍ട്ടി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ലതീഷ്, കഴിഞ്ഞതവണ മുഹമ്മ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ചുജയിച്ചു. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജെ. ജയലാലിനെയാണു തോല്‍പ്പിച്ചത്. ഇതു പാര്‍ട്ടിക്ക് വലിയ ആഘാതമായി. ഇത്തവണ അത് വനിതാ വാര്‍ഡാണ്. ലതീഷ് മത്സരരംഗത്തില്ല. ഈ സീറ്റ് ജയിക്കാന്‍ ലതീഷിന്റെ പിന്തുണ അനിവാര്യമാണ്. ലതീഷിനെ പുറത്തു നിര്‍ത്തുന്നത് ജി സുധാകരന്‍ നടത്തുന്ന വിമത നീക്കങ്ങള്‍ക്ക് കരുത്താകുമെന്ന് കരുതുന്നവരുമുണ്ട്. മുന്‍പ് അച്ചടക്കനടപടി നേരിട്ടവരില്‍ തിരിച്ചെടുക്കാവുന്നവരെ പരമാവധി ഉള്‍ക്കൊള്ളാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. ഇതു പരിഗണിച്ചാണ് ലതീഷിനെ തിരിച്ചെടുത്തത്. മന്ത്രി സജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ എന്നിവര്‍ ഇതിനു മുന്നിട്ടിറങ്ങിയെന്നാണു സൂചന. സൂധാകരനൊപ്പം ലതീഷ് നീങ്ങുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്.
താന്‍ കോണ്‍ഗ്രസിലേക്കു പോകുമെന്ന പ്രചാരണം ശരിയല്ലെന്നും ഒരാളുടെ രാഷ്ട്രീയം പെട്ടെന്ന് അലിഞ്ഞു പോകുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും മുന്‍ മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചിട്ടുണ്ട്. നെഹ്‌റു സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താനും ഹസനും തമ്മില്‍ സംസാരിച്ചാല്‍ ഉടന്‍ താന്‍ കോണ്‍ഗ്രസിലേക്കു പോകുമെന്നു ധരിക്കരുത്. തങ്ങളുടെ സെമിനാറിന് ഹസന്‍ വന്നാല്‍ ഉടന്‍ അദ്ദേഹം കമ്യൂണിസ്റ്റാകുമോ? മുന്‍പ് താന്‍ ബിജെപിയിലേക്കു പോകുമെന്നായിരുന്നു പ്രചാരണം. ആദ്യകാലത്തെ പോലെ ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുണ്ടോയെന്നും വിലയിരുത്തണം. വര്‍ഗീയപാര്‍ട്ടികള്‍ക്കു പിറകെ ഒരു വിഭാഗം ജനം പോകാനുണ്ടായ സാഹചര്യം പഠിക്കണം. ഒരു പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ആ പാര്‍ട്ടിയുടെ സമീപനത്തിനെതിരെ സംസാരിക്കുന്നത് ശരിയല്ലെന്ന് ശശി തരൂരിനെ ലക്ഷ്യമിട്ട് സുധാകരന്‍ പറഞ്ഞു.
എന്നാല്‍, ആ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മാനവികത നടപ്പാകാതിരിക്കുമ്പോള്‍ കുറ്റപ്പെടുത്തുന്നതില്‍ തെറ്റില്ല. ഐക്യരാഷ്ട്രസംഘടനയില്‍ ജോലി ചെയ്‌തെന്ന കാരണം കൊണ്ട് ഒരാള്‍ രാഷ്ട്രതന്ത്രജ്ഞനാകില്ല. അങ്ങനെയുള്ളവരെ ഉദ്യോഗസ്ഥരെന്നാണു വിളിക്കേണ്ടത് സുധാകരന്‍ പറഞ്ഞു. അതായത് ബിജെപിയേയും തരൂരിനേയും വിമര്‍ശിക്കുകയായിരുന്നു സുധാകരന്‍. കോണ്‍ഗ്രസിന്റെ കേരളത്തിലെ ഔദ്യോഗിക നേതൃത്വം ഉയര്‍ത്തി പിടിക്കുന്ന നിലപാടുമായി താന്‍ മുമ്പോട്ട് പോകുമെന്ന സൂചനയാണ് സുധാകരന്‍ നല്‍കുന്നത്. അമ്പലപ്പുഴയിലോ കായംകുളത്തോ സുധാകരന്‍ സിപിഎം വിമതനായി മത്സരിക്കുമെന്ന് കരുതുന്ന സിപിഎമ്മുകാര്‍ ഏറെയുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രസ്താവനകളുടെ പ്രസക്തി കൂടുന്നത്. നെഹ്‌റു സെന്റര്‍ അവാര്‍ഡ് സുധാകരന് നല്‍കുന്നതും ആ വേദിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനപിന്തുണയില്‍ സംശയം ഉയര്‍ത്തുന്നതുമെല്ലാം സുധാകരന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ സൂചനയായി പലരും കാണുന്നുണ്ട്.




