പാലക്കാട്: എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ നവീകരിച്ച പാലക്കാട് കാഞ്ഞിരപ്പുഴയിലെ റോഡ് ഉദ്ഘാടനത്തെ ചൊല്ലി സിപിഎമ്മും നാട്ടുകാരായ ജനങ്ങളും തമ്മില്‍ തര്‍ക്കം. മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചിറക്കല്‍പടി റോഡ് നാട്ടുകാര്‍ ഉദ്ഘാടനം ചെയ്യാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ജനകീയ ഉദ്ഘാടനം സിപിഎം നേതാക്കള്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി.

പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ചിറക്കല്‍പടി റോഡിന്റെ ജനകീയ ഉദ്ഘാടനമാണ് സിപിഎം നേതാക്കള്‍ തടഞ്ഞത്. റോഡ് ഉദ്ഘാടനത്തിന് എത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജനകീയ സമിതിയിലെ അംഗത്തെയാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ഭേദമന്യേ ആളുകളുള്ള സംഘടനയാണ് ജനകീയ കൂട്ടായ്മ. ഒരു ദിവസം മുന്‍പേ ആഘോഷപൂര്‍വ്വം റോഡിലൂടെ നടന്ന് ജനകീയ ഉദ്ഘാടനം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉദ്ഘാടനം ചെയ്യാന്‍ ശ്രമം നടന്നപ്പോഴാണ് സിപിഎം നേതാക്കളെത്തി തടഞ്ഞതും സംഘര്‍ഷത്തിലേക്ക് കടന്നത്.

മന്ത്രി ഉദ്ഘാടനം നടത്താനിരിക്കുന്ന റോഡ് മറ്റാരും ഉദ്ഘാടനം ചെയ്യേണ്ടെന്ന് പറഞ്ഞായിരുന്നു സിപിഎം നേതാക്കള്‍ പറഞ്ഞത്. തുടര്‍ന്നാണ് പ്രദേശത്തും ഉന്തും തള്ളും ഉണ്ടായത്. ജനകീയ സമിതി പ്രവര്‍ത്തകരും സിപിഎം നേതാക്കളും തമ്മിലായിരന്നു ഉന്തും തള്ളും ഉണ്ടായത്. എട്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് റോഡ് പണി പൂര്‍ത്തിയായത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏകദേശം 23 കോടി ചെലവഴിച്ചാണ് റോഡ് യാഥാര്‍ഥ്യമായത്.

വിളംബര ജാഥയുമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജനകീയ വേദിപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയായത്. പിന്നീട് പൊലീസ് നിര്‍ദേശമനുസരിച്ച് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു. എട്ട് കിലോമീറ്റര്‍ എട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്.

ജനകീയ വേദി നടത്തിയ സമരങ്ങളുടെ ഭാഗമായാണ് റോഡ് നവീകരിച്ചതെന്നാണ് ജനകീയ വേദിയുടെ അവകാശവാദം. അതേസമയം നാളെ ഉച്ചയ്ക്ക് 12 ന് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍ പങ്കെടുക്കും.