കാസര്‍കോട്: ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് നീങ്ങുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രചരണങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷം നടത്തുന്നത്. ഇന്ന് കാസര്‍കോട്ട് നിന്നാണ് ഈ വാര്‍ഷിക ആഘോഷത്തിന് തുടക്കമാകുന്നത്. രാവിലെ പത്തിന് കാസര്‍കോട് കാലിക്കടവ് മൈതാനത്താണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും. രാവിലെ പതിനൊന്നിന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സംവാദവും ഉണ്ട്. അഞ്ഞൂറോളം പേര്‍ക്കാണ് ക്ഷണമുള്ളത്.

മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യമിട്ടാണ് വിപുലമായ പ്രചാരണപരിപാടികള്‍. വിഴിഞ്ഞവും ദേശീയപാത വികസനവും നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു.നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ, മൂന്നാം തവണയ്ക്കുള്ള മുന്നൊരുക്കം കൂടിയാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം. തുടര്‍ഭരണത്താല്‍ ഒമ്പതാം വര്‍ഷവും പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ തന്നെയുണ്ട്. നവകേരളത്തിന്റെ വിജയമുദ്രകള്‍ പുറത്തിറക്കിയാണ് ഭരണനേട്ടം പറഞ്ഞ് പത്താംവര്‍ഷത്തിലേക്ക് കടക്കുന്നത്. നാലാംവാര്‍ഷിക ആഘോഷത്തിന് പൊടിക്കുന്നത് കോടികളാണ്. പിണറായി തുടരും എന്നു സൂചന നല്‍കുന്ന പരസ്യ വാചകങ്ങളുമായാണ് ഫ്‌ലക്‌സുകള്‍.

ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ ചെലവിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും. വാര്‍ഷികാഘോഷത്തിന്റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകള്‍ സംസ്ഥാന വ്യാപകമായി ഉയര്‍ത്തും. 15 കോടിയിലേറെയാണ് ഇതിന് മാത്രം ചെലവ് കണക്കാക്കുന്നത്.

ഇവയുടെ ഡിസൈനിങ്ങിന് മാത്രം പത്ത് ലക്ഷം രൂപയാണ് ചെലവ്. ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മൂന്ന് കോടി മുപ്പത് ലക്ഷം രൂപയാണ് ചെലവ്. റെയില്‍വെ, കെ.എസ്.ആര്‍ടി.സി എന്നിവിടങ്ങളില്‍ പരസ്യം നല്‍കാന്‍ ഒരു കോടി. വാര്‍ഷികാഘോഷത്തിന്റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലകള്‍ തോറും ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ മൂന്ന് കോടിയോളം രൂപയാണ് ചെലവാക്കുന്നത്.

എന്നാല്‍, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സര്‍ക്കാര്‍ ആഘോഷങ്ങളിലേക്ക് കടക്കുന്നത്. ഭരണത്തുടര്‍ച്ച നേടി ഇടതു സര്‍ക്കാര്‍ നേട്ടങ്ങളുടെ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നുവെന്ന ഓര്‍മപ്പെടുത്തലുമായി 'നവകേരളത്തിന്റെ വിജയമുദ്രകള്‍' എന്ന കൈപ്പുസ്തകം പുറത്തിറക്കി. 'വിജയപാതയില്‍ നവകേരളത്തിലേക്ക്' എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പോടെയാണ് വിവിധ മേഖലകളിലെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന 108 പേജ് കൈപ്പുസ്തകം.

സുസ്ഥിരവും സമത്വപൂര്‍ണവുമായ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കേരള ജനതയാകെ സര്‍ക്കാറിനൊപ്പമുണ്ടെന്ന് സര്‍ക്കാര്‍ വാര്‍ഷികത്തോടനുബന്ധിച്ച ഫേസ്ബുക് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളില്‍ കരുത്തായും ഉപദേശനിര്‍ദേശങ്ങള്‍ പകര്‍ന്നും നാട് സര്‍ക്കാറിന്റെ കൂടെയുണ്ട്. ആ കരുത്താണ് നവകേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രചോദനവും നിശ്ചയദാര്‍ഢ്യവും പകരുന്നത്.

വര്‍ഗീയ ശക്തികളും അവര്‍ക്കു പിന്തുണ നല്‍കുന്ന കുത്തക മുതലാളിത്തവും ഭരണഘടനയുടെ മൂല്യങ്ങളോരോന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന കാലത്ത് കേരളമുയര്‍ത്തുന്ന ജനകീയ ജനാധിപത്യ ബദലിന്റെ ആഘോഷം കൂടിയായി സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം മാറും. സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസനത്തിന്റെയും സമത്വവും സാഹോദര്യവും അന്വര്‍ഥമാക്കുന്ന സാമൂഹികപുരോഗതിയുടെയും സന്ദേശമാണ് കേരളം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

സാമ്പത്തിക പുരോഗതിയും സാമൂഹിക നീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങള്‍ക്ക് സമാനമായ നിലയിലേക്ക് കേരളത്തെ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നു കുറിപ്പില്‍ പറയുന്നു.