- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ വിവാഹത്തിനായി സഹകരണബാങ്കില്‍നിന്നും എടുത്ത ആറുലക്ഷം രൂപ വായ്പയുടെ കുടിശിക 18.75 ലക്ഷമായി; ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ജപ്തി ഭീഷണിയില്‍ ഒരു എംഎല്‍എ; വീടിനുള്ളില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ തെന്നിവീണ് പരിക്കേറ്റ സി.സി മുകുന്ദനെ കാണാന്‍ നേരിട്ടെത്തി മന്ത്രി കെ.രാജനും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും
ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ജപ്തി ഭീഷണിയില്‍ ഒരു എംഎല്‍എ
തൃശ്ശൂര്‍: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ചികിത്സയില്‍ തുടരുന്ന നാട്ടിക എം.എല്‍.എ സി.സി മുകുന്ദനെ കാണാന്‍ ഒടുവില്‍ നേരിട്ടെത്തി മന്ത്രി കെ.രാജനും വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയും. വീടിന്റെ ദയനീയാവസ്ഥയും ജപ്തി ഭീഷണിയുമൊന്നും സ്വന്തം പാര്‍ട്ടിക്കാരെയടക്കം ആരെയും സി സി മുകുന്ദന്‍ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിവരം അറിഞ്ഞത്. വിവരം അറിഞ്ഞ് മന്ത്രി കെ. രാജന്‍ എം.എല്‍.എയെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. പിന്നാലെയാണ് വീട്ടിലെത്തി സന്ദര്‍ശിച്ചത്.
സി.സി മുകുന്ദന്‍ എം.എല്‍.എയുടെ വീട് ജപ്തിയായതും വീട്ടിനുള്ളിലേക്ക് വീണ മഴവെള്ളത്തില്‍ തെന്നിവീണ് എം.എല്‍.എക്ക് പരിക്കേറ്റതും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ വിവരങ്ങള്‍ അന്വേഷിക്കാനായി പലരുമെത്തി. വീടിന്റെ ദയനീയാവസ്ഥയും ജപ്തിക്കാര്യവും വീണ് പരിക്കേറ്റതും അറിയാന്‍ നേരിട്ടെത്തിയത് ഒട്ടേറെപ്പേരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച രാവിലെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു.
വീടിന്റെ ജപ്തിയുടെ കാര്യത്തില്‍ പേടി വേണ്ടെന്നും ആവശ്യമായത് ചെയ്യാമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ നേരിട്ടെത്തി എം.എല്‍.എക്ക് ഉറപ്പ് നല്‍കിയിരുന്നു. നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോര്‍കുമാര്‍, അസി. സെക്രട്ടറി എ.കെ. അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവാനന്ദന്‍ എത്തിയത്.
അന്തിക്കാട് കവലയില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയാണ് മുകുന്ദന്റെ വീട്. മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കില്‍നിന്ന് പത്തുവര്‍ഷം മുന്‍പ് ആറുലക്ഷം രൂപ വായ്പയെടുത്തു. ഇപ്പോള്‍ കുടിശിക 18.75 ലക്ഷമായി. ബാങ്കുകാര്‍ പലതവണ കത്തയച്ചു. എം.എല്‍.എയായതിനാല്‍ ജപ്തി നടപടിക്ക് പരിമിതികളുണ്ടെന്നതിനാലാണ് ഇറക്കിവിടാത്തത്.
അതിനിടെയാണ് വീടിനുള്ളില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ തെന്നിവീണ് എം.എല്‍.എയുടെ വലതുകാലിന് പരിക്കേറ്റത്. വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് തിരിച്ചെത്തി ഹാളിലേക്കുകടന്നതും തെന്നിവീഴുകയായിരുന്നു. അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തില്‍ അറ്റന്‍ഡറായിരുന്ന മുകുന്ദന് ഈയിനത്തിലുള്ള തുച്ഛമായ പെന്‍ഷനും എം.എല്‍.എ എന്നനിലയിലുള്ള ഓണറേറിയവുമാണ് വരുമാനം. കടംവീട്ടാന്‍ ഇത് മതിയാകുന്നില്ല. കാര്‍ വാങ്ങാനായി സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷത്തിന്റെ തിരിച്ചടവായി മാസംതോറും 28,000 അടക്കണം. മറ്റ് ബാധ്യതകളുമുണ്ട്. ഭാര്യ രാധികക്ക് വരുമാനമൊന്നുമില്ല. രണ്ടുപെണ്‍മക്കളും താത്കാലികജീവനക്കാരാണ്.
ഹാളും കിടപ്പുമുറികളും മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. പണ്ടൊരു കുടിലായിരുന്നെങ്കിലും പിന്നീട് ഓട് മേഞ്ഞു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ മുന്നിലെ വരാന്തയുടെയും അടുക്കളയുടെയും മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റ് ചെയ്തതിനാല്‍ അവിടം ചോരില്ല. 2015ല്‍ മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി കാരമുക്ക് സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ വായ്പ പുതുക്കിയതോടെ എല്ലാം കൂടി 18 ലക്ഷം രൂപയായി. അതാണ് ഇപ്പോള്‍ ജപ്തിയുടെ വക്കില്‍ എത്തിയത്.
എംഎല്‍എയായപ്പോള്‍ വീടൊന്ന് പുതുക്കണമെന്ന് കരുതിയെങ്കിലും വാങ്ങിയ കാറിന്റെ തിരിച്ചടവ് കഴിഞ്ഞേ എംഎല്‍എ ഓണറേറിയം ലഭിക്കൂ. അന്ന് കാര്‍ വാങ്ങാതെ വീട് പുതുക്കിയാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അന്തിക്കാട് ചെത്ത് തൊഴിലാളി സഹകരണസംഘത്തിലെ ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു സി.സി.മുകുന്ദന്‍. സമരങ്ങള്‍ക്കും യോഗങ്ങള്‍ക്കും അവധിയെടുത്തെടുത്ത് ഹാജര്‍ കുറഞ്ഞതിനാല്‍ പിരിഞ്ഞുപോരുമ്പോള്‍ ആനുകൂല്യമായി ആകെ കിട്ടിയത് 65,000 രൂപ മാത്രമായിരുന്നെന്നും എംഎല്‍എ ഓര്‍മിക്കുന്നു.