കൊച്ചി: നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു നടി ശീതള്‍ തമ്പി. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണം ഉന്നയിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് ഫൂട്ടേജ് സിനിമയുടെ നിര്‍മാതാവ്. ചിത്രത്തില്‍ ശീതള്‍ അഭിനയിച്ചിരുന്നു.

നടി മഞ്ജുവാര്യര്‍ 5 കോടി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാല്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കേയാണ് ആരോപണങ്ങള്‍ ഉയരുന്നതെന്നും ശ്രദ്ധേയമാണ്.

'ഫൂട്ടേജ്' സിനിമയില്‍ മെഡിക്കല്‍ ഓഫീസറുടെ വേഷത്തില്‍ ശീതള്‍ അഭിനയിക്കുന്നുണ്ട്. ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഇതില്‍ അപകടം പിടിച്ച ഒരു സീന്‍ ഉണ്ടായിരുന്നു. ഇത് ചെയ്യാന്‍ മതിയായ സുരക്ഷ ഒരുക്കിയില്ല. ഒന്നിലേറെ തവണ ഈ സീന്‍ ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതുമൂലം പരിക്കേറ്റെന്നാണ് നോട്ടീസില്‍ പറയുന്നത്.

ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നെന്നും നോട്ടീസില്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ വലിയ തുക ചെലവായി. പല ഘട്ടങ്ങളിലായി 1,80000 രൂപ മാത്രമാണ് നിര്‍മാണ കമ്പനി നല്‍കിയത്. ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ അഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് നോട്ടീസിലുള്ളത്.

നേരിട്ട് നിര്‍മാതാക്കളെ സമീപിച്ചിട്ടും അനുകൂല നിലപാടുണ്ടാകാതെ വന്നതോടെയാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് ശീതളിന്റെ അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ പ്രതികരിച്ചു. മഞ്ജു വാര്യരെക്കൂടാതെ നടിയുടെ നിര്‍മാണ കമ്പനിയായ മൂവി ബക്കറ്റിലെ പാര്‍ട്ണര്‍ ബിനീഷ് ചന്ദ്രനും നോട്ടീസ് അയച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയാണ് ശീതള്‍ തമ്പി. അതേസമയം, ഇന്നാണ് 'ഫൂട്ടേജ്' സിനിമ തീയേറ്ററിലെത്തുന്നത്.

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേജ്. ചിത്രം ഇന്ന് തീയറ്ററുകളില്‍ എത്തും. മഞ്ജു വാര്യര്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 2നാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

അതിനിടെ കഴിഞ്ഞ ദിവസം സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രസ്താവനക്കുറിപ്പ് പുറത്തിറക്കിയ ഡബ്ല്യൂസിസി നടപടിയില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയിരുന്നു. 'അനിവാര്യമായ വിശദീകരണം' എന്ന് കുറിച്ചാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്താവനയിലൂടെ അറിയിച്ചു.

ഡബ്ല്യുസിസിയുടെ പ്രസ്താവന

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തില്‍ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകള്‍ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയും ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുവാന്‍ മുന്‍കൈ എടുക്കുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെ ഹൈലൈറ്റുകളില്‍ 'ഡബ്ല്യുസിസി മുന്‍ സ്ഥാപക അംഗത്തിന്റേത്' എന്ന് പറയുന്ന മൊഴികള്‍ക്ക് പിറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി.
അതിജീവിതയ്‌ക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് ഡബ്ല്യുസിസി കരുതുന്നു. മറിച്ച് പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണ്. ഒരു സിവില്‍ സമൂഹം, സ്ത്രീകള്‍ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാന്‍ ആവില്ല. ഈ വ്യവസായത്തില്‍ സ്ത്രീകളോട് പൊതുവേ നിലനില്‍ക്കുന്ന പിന്തിരിപ്പന്‍ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകള്‍ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങള്‍ക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവമാണ് വേണ്ടത്.