- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലഡാക്കിന് സംസ്ഥാന പദവിയും ഗോത്ര പദവിയും നല്‍കണമെന്ന് ആവശ്യം; സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ജെന്‍ സീ'യെ രംഗത്തിറക്കി പ്രതിഷേധം; സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; പോലീസ് വാന്‍ അഗ്നിക്കിരയാക്കി; ബിജെപി ഓഫീസും തീയിട്ടു
ലഡാക്കില്‍ പ്രതിഷേധം ആളിക്കത്തുന്നു
ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും ഗോത്ര പദവിയും ആവശ്യപ്പെട്ട് ലഡാക്കില്‍ വന്‍ പ്രതിഷേധം. പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ നടന്ന നിരാഹാര സമരം അക്രമാസക്തമായി. സംസ്ഥാന പദവിക്കും ഗോത്ര പദവിക്കുമായി ലഡാക്കില്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 15 ദിവസമായി നിരാഹാര സമരം നടന്നുവരികയായിരുന്നു. വാങ്ചുക്കിനൊപ്പം നിരാഹാരം കിടന്ന രണ്ടുപേരെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ലേ മേഖലയില്‍ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകര്‍ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും പോലീസുമായി ഏറ്റുമുട്ടുകയും പോലീസ് വാന്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പ്രതിഷേധത്തിനായി രംഗത്തിറങ്ങിയ പുതുതലമുറയില്‍പ്പെട്ട യുവാക്കള്‍ സിആര്‍പിഎഫ് വാഹനത്തിനും തീയിട്ടു. ഇതിന് പിന്നാലെ ബിജെപി ഓഫീസിന് പ്രതിഷേധക്കാര്‍ തീയിടുകയും ചെയ്തു.
ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന കാലാവസ്ഥാ പ്രവര്‍ത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയില്‍ ഇന്ന് പുതുതലമുറയുടെ പ്രതിഷേധ പ്രകടനം നടന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ചില യുവാക്കള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി. സിആര്‍പിഎഫ് വാഹനം കത്തിച്ചതോടെ മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീര്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീര്‍ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാര്‍ഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോള്‍ പൂര്‍ണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി ചില ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കില്‍ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്സ് ബോഡിയുടെ (എല്‍.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പദവിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലാണ്. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങള്‍ തെരുവിലിറങ്ങിയത്.
കാര്‍ഗില്‍ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാര്‍ഗിലി, ലേയിലെ സംഭവവികാസങ്ങളെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. സര്‍ക്കാരിന്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരുകാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയ്ക്കും നിരാശയ്ക്കും കാരണമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ചര്‍ച്ചകള്‍ പുനരാരംഭിച്ച് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂള്‍ എന്നീ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു
ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ ലേ അപെക്സ് ബോഡി (എല്‍.എ.ബി.), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെ.ഡി.എ.) എന്നിവയുടെ നേതൃത്വത്തില്‍ ദീര്‍ഘനാളായി തുടരുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന്, 2023 ജനുവരി 2-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ഉന്നതാധികാര സമിതിയെ രൂപീകരിച്ചിരുന്നു. ലഡാക്കിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.
സമിതിയും എല്‍.എ.ബി., കെ.ഡി.എ. എന്നിവയുടെ സംയുക്ത നേതൃത്വവും തമ്മിലുള്ള അവസാനഘട്ട ചര്‍ച്ച മെയ് 27-ന് നടന്നിരുന്നു. അതിനുശേഷം ചര്‍ച്ചകള്‍ നടന്നിരുന്നില്ല. എന്നാല്‍, സെപ്റ്റംബര്‍ 20-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്ക് നേതൃത്വവുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും അടുത്ത ഘട്ട ചര്‍ച്ച ഒക്ടോബര്‍ 6-ന് ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.