ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തലും ആവശ്യപ്പെട്ട് നടക്കുന്ന യുവജന പ്രതിഷേധം അക്രമാസക്തമായി. സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 70 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ലേയിലെ ബിജെപി ഓഫീസ് അക്രമികള്‍ തീകൊളുത്തി. സിആര്‍പിഎഫിന്റെ ഒരു വാഹനത്തിനും തീയിട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഭവത്തെത്തുടര്‍ന്ന് ലേയില്‍ പ്രക്ഷോഭങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും യൂണിയന്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

ലേ അപെക്‌സ് ബോഡിയുടെ (LAB) യുവജന വിഭാഗമാണ് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തലും ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്. 2019 ഓഗസ്റ്റ് 5ന് 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ നിരാഹാര സമരം നടത്തിവന്ന 15 പേരില്‍ രണ്ടുപേരെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തത്. പ്രതിഷേധം അക്രമാസക്തമായതോടെ നിരാഹാര സമരം നയിച്ച കാലാവസ്ഥാ പ്രവര്‍ത്തകനായ സോനം വാങ്ചുക് തന്റെ ഉപവാസം അവസാനിപ്പിച്ചു. അക്രമങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഒരു സംഘം യുവാക്കള്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് നടപടിയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് ബിജെപി ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു പോലീസ് വാഹനത്തിന് അക്രമികള്‍ തീയിട്ടു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനും കൂടുതല്‍ അസ്വസ്ഥതകള്‍ തടയാനും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ലേ അപെക്‌സ് ബോഡി (LAB), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (KDA) പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ ഒക്ടോബര്‍ 6ന് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, നിരാഹാര സമരം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നേരത്തെയാക്കാന്‍ പ്രക്ഷോഭകര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍, പൊലീസ് വാന്‍ അഗ്‌നിക്കിരയാക്കി. സംസ്ഥാനത്ത് നേരത്തെ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് ഈ നിലയില്‍ അക്രമാസക്തമാകുന്നത്. നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാര്‍, പണിമുടക്കിനും ആഹ്വാനം ചെയ്ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്.

ഇന്ന് ലേ നഗരത്തിലെ ബിജെപി ഓഫീസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഓഫീസിന് തീവെച്ച സമരക്കാര്‍ പൊലീസിനെതിരെയും ആക്രമണം നടത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടത്തി. ലഡാക്കില്‍ ഇത്തരമൊരു ഏറ്റുമുട്ടല്‍ ഇതാദ്യമാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കില്‍ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്സ് ബോഡിയുടെ (എല്‍.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പദവിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലാണ്. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധം അക്രമാസക്തമായതോടെ സോനം വാങ്ചുക്ക് നിരാഹാര സമരത്തില്‍ നിന്നും പിന്മാറി. എന്നാല്‍ പ്രക്ഷോഭകര്‍ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു.

കാര്‍ഗില്‍ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാര്‍ഗിലി, ലേയിലെ സംഭവവികാസങ്ങളെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. സര്‍ക്കാരിന്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരുകാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയ്ക്കും നിരാശയ്ക്കും കാരണമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ചര്‍ച്ചകള്‍ പുനരാരംഭിച്ച് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂള്‍ എന്നീ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ ലേ അപെക്സ് ബോഡി (എല്‍.എ.ബി.), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെ.ഡി.എ.) എന്നിവയുടെ നേതൃത്വത്തില്‍ ദീര്‍ഘനാളായി തുടരുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന്, 2023 ജനുവരി 2-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ഉന്നതാധികാര സമിതിയെ രൂപീകരിച്ചിരുന്നു. ലഡാക്കിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.

സമിതിയും എല്‍.എ.ബി., കെ.ഡി.എ. എന്നിവയുടെ സംയുക്ത നേതൃത്വവും തമ്മിലുള്ള അവസാനഘട്ട ചര്‍ച്ച മെയ് 27-ന് നടന്നിരുന്നു. അതിനുശേഷം ചര്‍ച്ചകള്‍ നടന്നിരുന്നില്ല. എന്നാല്‍, സെപ്റ്റംബര്‍ 20-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്ക് നേതൃത്വവുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും അടുത്ത ഘട്ട ചര്‍ച്ച ഒക്ടോബര്‍ 6-ന് ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.