- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയ്ക്ക് വേണ്ടി തെരുവിലിറങ്ങി സമരതീക്ഷ്ണമായ ജീവിതം നയിച്ച തന്റേടി; 600 ല്‍ അധികം കേസുകള്‍ വന്നിട്ടും പിന്നോട്ട് ഒരുചുവട് വയ്ക്കാത്ത നേതാവ്; അടിയുറച്ച ദൈവഭക്തിയും എളിമയും കാക്കുന്നതിനൊപ്പം പ്രായോഗിക രാഷ്ട്രീയ കൗശലവും; ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ജീവിതം
ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ജീവിതം
കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്ക കേസുകളില്‍ വലിയ വെല്ലുവിളികള്‍ നേരിട്ടപ്പോഴും കെട്ടുറപ്പും അംഗബലവുമുളള സഭയായി വളര്‍ത്തിയ മുന്നണി പോരാളിയായിരുന്നു യാക്കോബായ സഭാ അധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ.
പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയുടെ വളര്‍ച്ചയ്ക്ക് കുതിപ്പ് നല്‍കി. പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. 1974 ഫെബ്രുവരി 24ന് അങ്കമാലി മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുമ്പോള്‍ 3 മെത്രാന്‍മാരും ഏതാനും വൈദികരും മാത്രമുണ്ടായിരുന്ന സഭയെ 7 ലക്ഷം വിശ്വാസികളുടെ കൂട്ടമായി വളര്‍ത്തി. 20 ഭദ്രാസനങ്ങളും 30 മെത്രാപ്പൊലീത്തമാരും 1000 വൈദികരും ഇന്ന് ഈ സഭയിലുണ്ട്. എല്ലാവിഭാഗത്തില്‍ പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠബാവയ്ക്ക് രാഷ്ട്രീയരംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു. സഭാ തര്‍ക്കം രൂക്ഷമായപ്പോള്‍ കോലഞ്ചേരി പള്ളിക്ക് വേണ്ടി ഉപവാസം അനുഷ്ഠിച്ച ബാവയെ വിശ്വാസികള്‍ ഓര്‍ക്കുന്നു.
സഭാതര്‍ക്ക കാലഘട്ടത്തില്‍ സഭയെ നയിക്കാന്‍ ലഭിച്ച അവസരത്തെ ദൈവ നിയോഗമെന്നാണ് എന്നും ബാവ അനുസ്മരിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ലഭിച്ചിട്ടില്ലെങ്കിലും അനുഭവ സമ്പത്തിലും സഭാ വിശ്വാസികളുടെ പിന്തുണയിലും യാക്കോബായ വിഭാഗത്തെ പതിറ്റാണ്ടുകളോളം നയിക്കാന്‍ തോമസ് പ്രഥമന്‍ ബാവയ്ക്ക് കഴിഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തിന്റെ കൗശലവും സഭാ ആചാര്യന്റെ ദീര്‍ഘവീക്ഷണവും ഒരേപോലെ സമന്വയിച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. തെരുവിലിറങ്ങി സഭയ്ക്ക് വേണ്ടി സമരം നടത്തിയതിന് 600ലധികം കേസുകള്‍ വന്നിട്ടും പിന്നോട്ടില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ച നേതാവ് കൂടിയായിരുന്നു തോമസ് പ്രഥമന്‍ കാതോലിക്ക ബാവ
രോഗ പീഡകളെ അതിജീവിച്ചത് വിശ്വാസബലത്താല്‍
അപസ്മാരബാധ അലട്ടിയ ബാല്യമായിരുന്നു പുത്തന്‍കുരിശ് വടയമ്പാട് ചെറുവിള്ളില്‍ കുഞ്ഞൂഞ്ഞ് എന്ന് സി എം തോമസിന്റേത്.
മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളില്‍ ആറാമനായി 1929 ജൂലൈ 22 നായിരുന്നു ജനനം. ദാരിദ്ര്യവും രോഗവും കുഞ്ഞൂഞ്ഞിന്റെ പഠനം നാലാം ക്ലാസില്‍ മുടക്കി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അഞ്ചലോട്ടക്കാരന്‍ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്‌ക്കൊപ്പം പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായില്‍ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകര്‍ഷിച്ചത്.
1958ല്‍ മഞ്ഞനിക്കര ദയറായില്‍ ഏലിയാസ് മാര്‍ യൂലിയോസില്‍ നിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. തോമസിനെ 1973 ഡിസംബര്‍ 8ന് ആണ് അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം മെത്രാന്‍സ്ഥാനത്തേക്കു തിരഞ്ഞെടുത്തത്. 74 ഫെബ്രുവരി 24നു ഡമാസ്‌കസില്‍ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2000 ഡിസംബര്‍ 27നു നിയുക്ത കാതോലിക്കയായി. 2002ല്‍ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി. 17 വര്‍ഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമന്‍ എന്ന പേരില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്‌ക്കസില്‍ വെച്ച് അദ്ദേഹം അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാല്‍ 2019 മെയ് 1 ന് ഭരണച്ചുമതലകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.
30 വര്‍ഷമായി പ്രമേഹബാധിതനെങ്കിലും 6വര്‍ഷം മുന്‍പു മാത്രമാണു കാര്യമായ ആശുപത്രിവാസം ശ്രേഷ്ഠ ബാവായ്ക്കു വേണ്ടിവന്നത്. ഏറെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് അന്നു തിരിച്ചുവന്നു. ചിക്കന്‍പോക്‌സ് പിടിപെട്ട് അതിഗുരുതരാവസ്ഥയിലെത്തി. തലച്ചോറില്‍ രക്തസ്രാവമുണ്ടായി മരണത്തിന്റെ വക്കിലെത്തി. കോവിഡ് ബാധിച്ചു. 90 വയസ്സിനു ശേഷമുണ്ടായ ഈ പരീക്ഷണങ്ങളില്‍ നിന്നെല്ലാം ദൈവം ജീവിതത്തിലേക്കു തിരികെ നടത്തിയത് സഭയ്ക്കു വേണ്ടിയാവണം. 91 വയസായെന്ന് തോന്നുന്നില്ലെന്നും ദൈവത്തിന് തന്നെക്കൊണ്ട് ഭൂമിയില്‍ ഒരു പാട് ആവശ്യങ്ങള്‍ ഉണ്ടെന്നും ബാവ 91 ാം ജന്മനാളില്‍ അദ്ദേഹം പറഞ്ഞിരുന്നു. ദൈവഭക്തിക്കൊപ്പം ജീവിതകാലം മുഴുവന്‍ എളിമ കാത്ത് സൂക്ഷിച്ചതും ശ്രേഷ്ഠബാവയുടെ സവിശേഷതയായിരുന്നു.