കൊച്ചി: പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണ ലൈംഗികമായി പീഡിപ്പിച്ചെന്ന് അരോപിച്ച നടി വീണ്ടും വെളിപ്പെടുത്തലുമായി രംഗത്ത്. തനിക്ക് സംവിധായകനില്‍ നിന്ന് നേരിട്ട ക്രൂരതയാണ് അവര്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്. 2022-ല്‍ ഇവര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്ന് ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ വെളിപ്പെടുത്തല്‍.

വലിയ ക്രൂരതയ്ക്കിരയായി ഇപ്പോഴും കിടപ്പിലാണെന്ന് അതിജീവിത പറഞ്ഞു. പുറത്തേക്കിറങ്ങാന്‍ ഇപ്പോഴും ആയിട്ടില്ലെന്നതാണ് സത്യം. 26-ാമത്തെ വയസിലാണ് ഇത് സംഭവിച്ചത്. ആ സമയത്ത് പഠനം കഴിഞ്ഞ് ജോലി നേടിയിരുന്നു. ഭീകരമായൊരു ഓര്‍മയാണത്. എന്താണതിനെ വിളിക്കേണ്ടതെന്നും അറിയില്ല. ഇപ്പോഴാണ് തെറാപ്പി മറ്റൊരു തലത്തിലെത്തിയത്. തന്റെ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളുമെല്ലാം സ്ത്രീകളാണെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. വര്‍ഷങ്ങളായുള്ള തന്റെ സുഹൃത്തും എല്ലാമായ ഒരു വ്യക്തി നിഴല്‍പോലെ കൂടെയുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം കുടുംബവും എല്ലാവരും ചേര്‍ന്ന് ആ ബന്ധം നിയമപരമാക്കിയെന്നും അവര്‍ പറഞ്ഞു.

'നോക്കൂ ഒരു പെണ്‍കുട്ടി അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്യുന്നതു പോലും ട്രോമയിലിരുന്നുകൊണ്ടാണ്. അത്രയും പൊളിറ്റിക്കലായതുകൊണ്ടാണ് ആ വ്യക്തി ഇത്രയുംകാലം എനിക്കൊപ്പം നിന്നത്. മറ്റൊരു അതിജീവിതയായിരുന്നെങ്കില്‍ അവര്‍ക്ക് ഇതേപോലെ സംഭവിക്കുമായിരുന്നില്ല. സ്ത്രീക്ക് ഒരപകടം പറ്റിയാല്‍പ്പോലും ഉപേക്ഷിച്ചുപോവുന്നവരുണ്ട് നമ്മുടെ സമൂഹത്തില്‍. അതുവെച്ച് നോക്കുമ്പോള്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. റേപ്പിസ്റ്റുകള്‍ക്ക് ഈ ധൈര്യം കിട്ടുന്നത് സിനിമാ ഇന്‍ഡസ്ട്രി ആയതുകൊണ്ട് മാത്രമാണ്.

കഴിഞ്ഞദിവസം ഒരു സൂപ്പര്‍താരം ഇവിടെവന്ന് ചോദിക്കുന്നത് ഞങ്ങളെ നിങ്ങള്‍ക്കറിയില്ലേ എന്നാണ്. അവരെ നമ്മള്‍ കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും ഇത് നടക്കുന്നില്ലേയെന്നാണ് താരതമ്യം ചെയ്യുന്നത്. എങ്ങനെയാണ് എല്ലാ മേഖലയും സിനിമാ മേഖലയും ഒന്നാവുന്നത് എല്ലാ മേഖലയും പോലെയാണ് സിനിമാ ഇന്‍ഡസ്ട്രി കോടികള്‍ മറിയുന്ന മേഖലയാണിത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടുന്നതുപോലെയുള്ള സൗഭാഗ്യങ്ങളോ പ്രതിഫലമോ മറ്റേതെങ്കിലും ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് കിട്ടുന്നുണ്ടോ സാധാരണക്കാര്‍ അവരെ കാണുന്നതിനെ ആരാധനയെന്നല്ല വിളിക്കേണ്ടത്. നിങ്ങള്‍ ഞങ്ങളെ ഇങ്ങനെ കണ്ടാല്‍ മതിയെന്ന് സിനിമാക്കാര്‍ തീരുമാനിച്ചതാണ്.' അവര്‍ അഭിപ്രായപ്പെട്ടു.

കോവിഡ് സമയത്താണ് ദുരനുഭവമുണ്ടായത്. തന്നെ ബലാത്സംഗം ചെയ്തതാണെന്ന് അവര്‍ക്ക് മനസിലായി. ജീവനോടെ പുറത്തുവിട്ടാല്‍ താനിത് വെളിപ്പെടുത്തുമെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് രണ്ടുവര്‍ഷം എന്നെ അടിച്ചമര്‍ത്തിവെച്ചു. 64 കിലോയില്‍നിന്ന് 28 കിലോ ശരീരഭാരത്തിലെത്തി ഞാന്‍. അവരെന്നെ പലരീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്നും പണം തരാമെന്നും പറഞ്ഞു. ലിജു കൃഷ്ണയ്ക്കുവേണ്ടി പലരും ഇടപെട്ടെന്നും അതിജീവിത വെളിപ്പെടുത്തി.

ലിജു കൃഷ്ണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം ഇങ്ങനെ

"2020 ഫെബ്രുവരി മുതല്‍ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദം ഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാന്‍ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 2020 ജൂണ്‍ 21ന്, സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ അയാള്‍ സംവിധാനം ചെയ്യുന്ന ഭപടവെട്ട്' എന്ന സിനിമയുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്ത വീട്ടില്‍ എന്നെ നിര്‍ബന്ധപൂര്‍വം കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ സിനിമയുടെ നിര്‍മ്മാണം സംബന്ധിച്ച് അയാള്‍ കടുത്തമാനസിക സമ്മര്‍ദ്ദത്തിലാണെന്നും അതില്‍ നിന്ന് ആശ്വാസം കിട്ടാന്‍ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറില്‍ എന്നെ ആ സിനിമയുടെ പ്രൊഡക്ഷന്‍ ഫ്ളാറ്റില്‍കൊണ്ടുപോയത്", യുവതി വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് പേജില്‍ എഴുതിയത് ഇങ്ങനെയാണ്.

"അവിടെ എത്തിയ ഉടന്‍ എന്റെ കണ്‍സെന്റെ ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ആദ്യം എന്റെ യോനിയിലൂടെയും പിന്നീട് മലദ്വാരത്തിലൂടെയും അയാളുടെ ലിംഗം കടത്തി. ആര്‍ത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിര്‍ത്ത് നില്‍ക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത് വകവെക്കാതെയാണ് എന്റെ മേല്‍ അയാള്‍ ബലപ്രയോഗം നടത്തിയത്. മലദ്വാരത്തിലൂടെയുള്ള ബലപ്രയോഗത്തിനിടയില്‍ എന്റെ നടുവിന് ക്ഷതം സംഭവിച്ചു. എന്നോടുള്ള സ്‌നേഹബന്ധം കൊണ്ടാണ് അയാള്‍ എന്റെ ശരീരം ആഗ്രഹിക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാല്‍ എന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനു തയ്യാറായില്ല.

പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ല. തന്നെയുമല്ല, എന്റെ ജീവിതത്തില്‍ ആദ്യമായി നടന്ന ലൈംഗികബന്ധം ആയിരുന്നത് കൊണ്ട് എനിക്ക് ട്രോമതാങ്ങാനായില്ല. അനുദിനം വഷളായി കൊണ്ടിരുന്ന എന്റെ ശാരീരിക-മാനസിക അവസ്ഥ അയാളെ അറിയിക്കാന്‍ നിരന്തരമായി ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. 2020 ഒക്ടോബറില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാന്‍ പുതിയ സ്ഥലം കണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാളെന്നെ ബന്ധപ്പെട്ടു. അയാളുടെ ജീവിത പ്രാരാബ്ധങ്ങളും സിനിമയുടെ പ്രശ്‌നങ്ങളും മൂലമാണ് മുന്‍പ് നടന്ന ആ സംഭവത്തിന് ശേഷം ബന്ധപ്പെടാന്‍ കഴിയാഞ്ഞതെന്നും അയാള്‍ക്കെന്നെ പിരിയാന്‍ കഴിയില്ല എന്നും അറിയിച്ചു. മുമ്പുനടന്ന കാര്യങ്ങള്‍ ആരോടെങ്കിലും അറിയിച്ചാല്‍ അതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂര്‍ണമാകുന്നതോടെ ശരിയാകുമെന്നും ഉറപ്പ് നല്‍കി.

അയാളുടെ ആവശ്യപ്രകാരം ഞാന്‍ പ്രൊഡക്ഷനുവേണ്ടി പുതിയൊരു വീടു കണ്ടുപിടിച്ച് കൊടുത്തു. സിനമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ ഞാന്‍ സജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ് തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു. ആ കാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തി. 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും അബോര്‍ഷന്‍ നടക്കുകയും നിര്‍ത്താതെയുള്ള ബ്ലീഡിങ് കാരണം എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തു. ആദ്യത്തെ പീഡനത്തിന്റെ മാനസിക ആഘാതം ഉള്‍പ്പടെ ഞാന്‍ അയാളുടെ അധികാരത്തോടും പ്രിവിലേജിനോടും ഒരു ട്രോമാ ബോണ്ടിലായിക്കഴിഞ്ഞിരുന്നു.

അയാളുടെ സിനിമക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളും അയാളുടെ ആരോഗ്യ പ്രശ്‌നങ്ങളും അവതരിപ്പിച്ച് എന്റെ സഹതാപം വീണ്ടും പിടിച്ചുപറ്റുകയും 2021 ജൂണില്‍ അയാളുടെ സിനിമയുടെ ഷൂട്ടിങ്‌നടക്കുന്ന കണ്ണൂരിലെ കാഞ്ഞിലേരി എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ അയാളുടെകുടുംബത്തോടൊപ്പം താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ സമയം വീട്ടിലുള്ളവരോട് ഞാന്‍ അയാളുടെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആണെന്ന് അയാള്‍ ധരിപ്പിച്ചുവെച്ചിരുന്നു. ഒരു ദിവസം രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ ഞാന്‍ കിടക്കുന്ന മുറിയിലെത്തി അയാള്‍ എന്റെ ശരീരത്തില്‍ ബലപ്രയോഗം നടത്തി. ഞാന്‍ ബഹളമുണ്ടാക്കുന്നത് കണ്ട് അയാള്‍ പെട്ടെന്ന് മുറിയില്‍ നിന്നിറങ്ങി. പേടിച്ച്, ആരോടും ഈ വിഷയം സംസാരിക്കാതെ പിറ്റേദിവസം തന്നെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. എന്റെ ജീവിതം ദുസ്സഹമാകുന്നത് കൊണ്ട് അയാളുമായി ബന്ധപ്പെടാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.