തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ജര്‍മ്മന്‍ പൗരയായ ലിസ വീസിന്റെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ട്വിസ്റ്റ്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെ പോലീസ് ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ലിസ കേരളത്തില്‍ എത്തിയ യുകെ പൗരനായ മുഹമ്മദ് അലിയുടെ താമസ സ്ഥലം ഇന്റര്‍പോള്‍ കണ്ടെത്തി. നേരത്തെ മുഹമ്മദലിയുടെ പ്രതികരണം തേടി ഇന്റര്‍പോളിലേക്ക് ഒരു ചോദ്യാവലി പോലീസ് അയച്ചിരുന്നു. എന്നാല്‍ അലിയെ കണ്ടെത്താനായില്ല. ആറു കൊല്ലത്തിന് ശേഷമാണ് ഇയാളെ കുറിച്ചുള്ള സൂചന കിട്ടിയത്.

2019 മാര്‍ച്ചില്‍ കേരളത്തിലെത്തിയ ജര്‍മ്മന്‍ യുവതി ലിസ വീസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള മുഹമ്മദ് അലിക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയത്. ലിസ വീസിനൊപ്പം കേരളത്തിലെത്തിയ ശേഷം ഒറ്റയ്ക്ക് മടങ്ങിയ ഇയാള്‍ യുകെയിലാണ് ഉള്ളത്. ഇന്ത്യ - യുകെ കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം യുകെയില്‍ നിന്ന് മുഹമ്മദ് അലിയെ കേരളത്തിലെത്തിക്കാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇന്ത്യ-യുകെ കരാര്‍ പ്രകാരം പ്രതിയെ യുകെയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. ലിസ വീസിന്റെ തിരോധാനത്തില്‍ മുഹമ്മദ് അലിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

മാര്‍ച്ച് ഏഴിന് ലിസ വെയ്‌സ് തിരുവനന്തപുരത്തെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ തിരികെ പോയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളിലെ അന്വേഷണത്തിനായി കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയതും അവര്‍ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചതും. ഇനി ലിസയുടെ ഫോട്ടോയടക്കമുള്ള വിവരങ്ങള്‍ ഇന്റര്‍പോളുമായി ബന്ധമുള്ള മുഴുവന്‍ രാജ്യങ്ങളിലെ പ്രധാന അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരുന്നു. ഇതോടെ ലോകവ്യാപക തിരച്ചിലിന് അവസരമൊരുങ്ങുകയും ചെയ്തു. ലിസയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ മാര്‍ച്ച് 9ന് വര്‍ക്കല ക്ലിഫില്‍ എത്തിയതായി സ്ഥിരീകരിച്ചു. അതിനുശേഷം മൊബൈല്‍ സിഗ്‌നല്‍ ലഭിച്ചിരുന്നില്ല. ലിസയും സുഹൃത്തും മുസ്ലിം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനാല്‍ തീവ്രവാദബന്ധത്തേക്കുറിച്ചും അന്വേഷിച്ചിരുന്നു.

2019 മാര്‍ച്ച് 7 ന് മുഹമ്മദ് അലിക്കൊപ്പം കേരളത്തിലെ തിരുവനന്തപുരത്ത് എത്തിയതിന് ശേഷം ഒരു തുമ്പും അവശേഷിപ്പിക്കാതെ ലിസയെ കാണാതായി. 2019 മാര്‍ച്ച് 15 ന് കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ ദുബായ് വഴി ലണ്ടനിലേക്ക് അലി മടങ്ങി. 2019 മാര്‍ച്ച് 10 ന് ലിസയുടെ ജര്‍മ്മനിയിലുള്ള ബന്ധുക്കള്‍ക്ക് ഒരു കോള്‍ ലഭിച്ചു, പിന്നീട് അവരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ലിസ തന്റെ സഹോദരി കരോലിനിനോട് അലിക്കൊപ്പം ഇന്ത്യയിലേക്ക് പോകുകയാണെന്ന് പറഞ്ഞിരുന്നു. ഇന്ത്യയില്‍ കുറച്ചു ഏകാന്തത ആസ്വദിക്കാന്‍ ലിസ ആഗ്രഹിച്ചിരുന്നുവെന്ന് കരോലിന്‍ പറഞ്ഞിരുന്നു. ആ സമയത്ത് ലിസയ്ക്ക് കടുത്ത മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. കോവിഡും ഈ തിരോധാന കേസിനെ ബാധിച്ചിരുന്നു. അതിനുശേഷം, ലിസയുടെ കുടുംബം കേരള പോലീസിനെയോ ജര്‍മ്മന്‍ കോണ്‍സുലേറ്റിനെയോ ബന്ധപ്പെട്ടിട്ടില്ല.

കേരള പോലീസ് ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച്, ലിസ ഇസ്ലാമിലേക്ക് ആകൃഷ്ടയായി ആ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. പിന്നീട്, ഈജിപ്തിലെ കെയ്റോയില്‍ വച്ച് കണ്ടുമുട്ടിയ ഒരാളെ ലിസ വിവാഹം കഴിക്കുകയും അദ്ദേഹത്തോടൊപ്പം യുഎസില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ലിസയ്ക്കും ആ പുരുഷനും യുഎസില്‍ രണ്ട് കുട്ടികളുണ്ടായിരുന്നു. എന്നാല്‍, ആ പുരുഷനുമായുള്ള ലിസയുടെ ബന്ധം വഷളാവുകയും രണ്ട് കുട്ടികളെ അമ്മായിയമ്മയുടെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു ജര്‍മ്മനിയിലേക്ക് മടങ്ങി. ജര്‍മ്മനിയിലുള്ള ലിസയുടെ കുടുംബാംഗങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചത് അംഗീകരിക്കാത്തതിനാല്‍, അവര്‍ അവളുമായി അടുത്ത ബന്ധം പുലര്‍ത്തിയില്ല.

2019 ല്‍ കേരള പോലീസ് ലിസയെ അന്വേഷിച്ചു തുടങ്ങിയപ്പോള്‍, തൃശൂരിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ കണ്ടതായി പറയുന്ന ഒരു ഫോണ്‍ കോള്‍ ലഭിച്ചു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് തെറ്റായ സൂചനയാണെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ ഒരു എടിഎം കൗണ്ടറിന് മുന്നില്‍ ലിസയെക്കുറിച്ച് സമാനമായ ഒരു തെറ്റിദ്ധരിപ്പിക്കുന്ന സൂചന ഉണ്ടായിരുന്നു. എന്നാല്‍ ലിസ വര്‍ക്കല സന്ദര്‍ശിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ലിസ തിരുവനന്തപുരത്തെത്തി എന്നതിനപ്പുറം മറ്റൊന്നും പൊലീസിന് അറിയില്ല. യാത്രാരേഖകളില്‍ കൊല്ലം അമൃതപുരി ആശ്രമം എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും അതിഥിയെന്ന നിലയില്‍ അവിടെയെത്തിയിട്ടില്ലന്നാണ് കണ്ടത്തല്‍. ആശ്രമഭാഗത്ത് പോലും ലിസ എത്തിയിട്ടില്ലെന്ന് പോലീസും സ്ഥിരീകരിച്ചിരുന്നു. സിസിടിവിയും രേഖകളും പരിശോധിച്ചാണ് ഇങ്ങനെ കണ്ടെത്തിയത്. കരുനാഗപ്പള്ളി ഭാഗത്തും വന്നില്ലെന്നാണ് പോലീസ് അന്വേഷണം തെളിയിച്ചത്.

സമാധാനം തേടി എത്തിയ ലിസ

'അവളുടെ പിറന്നാളിന് പോലും വിളിക്കാതായപ്പോള്‍ ഞങ്ങള്‍ പേടിച്ചു'- കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിന്റെ സഹോദരി കരോലിന്‍ ഹെലിങ്, കോവളത്ത് ഏതാനും മാസം മുമ്പു കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയോടു പറഞ്ഞതിങ്ങനെ. കേരളത്തിലേക്കുള്ള യാത്ര സമാധാനം തേടിയായിരുന്നുവെന്നും ലിസയുടെ ഒപ്പം കേരളത്തില്‍ വന്ന യുകെ സ്വദേശിയായ സുഹൃത്തിനെക്കുറിച്ചു വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും കരോലിന്‍ പറഞ്ഞു.

ലാത്വിയന്‍ യുവതിയുടെ സഹോദരിയുമായി വിഡിയോ കോളിലായിരുന്നു സംഭാഷണം. കരോലിന് ഇംഗ്ലീഷ് വശമില്ലാത്തതിനാല്‍ ജര്‍മന്‍ ഭാഷ സംസാരിക്കുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് അവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. 'മാനസികമായി തകര്‍ന്നിരുന്നു അവള്‍' ഏകദേശം 8 വര്‍ഷം മുമ്പാണ് ലിസ വെയ്സ് ഇസ്‌ലാം ആശയങ്ങളില്‍ ആകൃഷ്ടയായി മതം മാറിയത്. തുടര്‍ന്ന് മുസ്‌ലിം വിശുദ്ധ കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളിലൊന്നില്‍ ഈജിപ്റ്റിലെ കയ്റോയില്‍ വെച്ചാണ് ലിസ ജീവിത പങ്കാളിയെ കണ്ടുമുട്ടിയതും വിവാഹം കഴിക്കുന്നതും.

അദ്ദേഹത്തോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. പിന്നീട് ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ഇക്കാലമത്രയും ലിസ കുടുംബാംഗങ്ങളുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. മതം മാറിയതിനോട് കുടുംബാംഗങ്ങള്‍ക്ക് അനുകൂലമായ നിലപാടായിരുന്നില്ല. അമേരിക്കയില്‍നിന്ന് തിരികെയെത്തിയ ശേഷം രണ്ടു വര്‍ഷത്തോളം ബെര്‍ലിനിലും സ്വീഡനിലുമായാണ് ലിസ കഴിഞ്ഞത്. ഇതിനിടെ കുട്ടികളെ ഭര്‍തൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയയ്‌ക്കേണ്ടതായും വന്നു. ഇതൊക്കെ ലിസയെ മാനസികമായി തകര്‍ത്തിരുന്നുവെന്നു കരോലിന്‍ പറഞ്ഞു. താന്‍ തിരഞ്ഞെടുത്ത വഴികളെല്ലാം തെറ്റെന്ന് ചിന്തയുണ്ടായതോടെ ലിസ മാനസികമായ തകര്‍ന്ന അവസ്ഥയിലായിരുന്നു. സമാധാനം തേടിയാണ് ഇന്ത്യയിലേക്കു യാത്രതിരിച്ചത്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്കു പോകാന്‍ തീരുമാനിച്ചതും ഇങ്ങനെയാണ്.

ലിസയില്‍ നിന്ന് അവസാനമായി ഒരു കോള്‍ ലഭിക്കുന്നത് മാര്‍ച്ച് 10നാണ്. അതിനു ശേഷം ഒരു വിവരവുമില്ല. യുകെ സ്വദേശിക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി കരോലിനോടു ലിസ പറഞ്ഞിരുന്നു. മാര്‍ച്ച് അഞ്ചിന് ലിസ അമേരിക്കയിലുള്ള മക്കളോട് വിഡിയോ കോളില്‍ സംസാരിച്ചിരുന്നു. യാത്രയില്‍ യുകെ സ്വദേശിക്കു പുറമേ സുഹൃത്തായ സ്വീഡിഷ് സ്വദേശിയും കൂടിയാണ് യാത്ര തീരുമാനിച്ചത്. എന്നാല്‍ ഇയാള്‍ കേരളത്തിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നോ എന്നു വ്യക്തമല്ല.