- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിഫ്റ്റ് ബസ് തട്ടിയെന്ന് ആരോപിച്ച് ബസിന്റെ കണ്ണാടി അഴിച്ചെടുത്ത് ലോറി ജീവനക്കാർ; കൈയുംകെട്ടി കാഴ്ചക്കാരായി ബസ് ഡ്രൈവറും കണ്ടക്ടറും; വീഡിയോ കണ്ട് അത്ഭുതപ്പെട്ടെങ്കിലും മന്ത്രി ഗണേശൻ ഇടപെടില്ല; കെ എസ് ആർ ടി സിയെ ഞെട്ടിച്ച് 'മല്ലു ട്രക്ക് ലൈഫ്' പുറത്തു വിട്ട മോഷണം!
തിരുവനന്തപുരം: വാഹനം തട്ടി സൈഡ് മിറർ പൊട്ടിയെന്ന് ആരോപിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ കണ്ണാടി അഴിച്ചെടുത്ത് ലോറി ജീവനക്കാർ പോയ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടി വരും. സ്വിഫ്റ്റ് ജീവനക്കാർ നോക്കി നിൽക്കെയാണ് ബസിൽ നിന്നും സൈഡ് മിറൽ അഴിച്ചെടുത്ത് ലോറിയിൽ ഘടിപ്പിച്ചത്. ലോറി ജീവനക്കാർ സംഭവം ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ വിഷയം വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി നടപടിക്കൊരുങ്ങുന്നത്.
കണ്ണാടി അഴിച്ചെടുത്തവർക്കെതിരെ കേസ് കൊടുക്കാനും സാധ്യതയുണ്ട്. വിഷയം ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തെ ബ്സ് വിവാദത്തെ തുടർന്ന് കെ എസ് ആർ ടി സി വിഷയത്തിൽ ഗണേശ് ഇടപെടുന്നില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ നിർദ്ദേശമൊന്നും മന്ത്രിയുടെ ഓഫീസ് നൽകിയിട്ടില്ല. വിഷയത്തിൽ വിശദ അന്വേഷണം നടന്നേക്കും. മൂകാംബിക ബസിലാണ് മോഷണം നടന്നത്.
ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ മല്ലു ട്രക്ക് ലൈഫ് എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പുറത്തുവിട്ടത്. കോട്ടയം മൂകാംബിക റൂട്ടിൽ ഓടുന്ന സ്വിഫ്റ്റ് സീറ്റർ ബസ് ഉടുപ്പിയിൽ വെച്ച് ലോറിയുടെ സൈഡ് മിററിൽ തട്ടിയെന്നാണ് വീഡിയോയിൽ പറയുന്നത്. പൊട്ടിയ കണ്ണാടിക്ക് പകരമായി സ്വിഫ്റ്റിന്റെ ഇടതുവശത്തെ കണ്ണാടി അഴിച്ചെടുക്കുകയായിരുന്നു. ലോറിജീവനക്കാർ കണ്ണാടി അഴിച്ചെടുക്കുന്നതും സ്വിഫ്റ്റ് ജീവനക്കാർ ഇത് നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
ഡിപ്പോയിൽ വിളിച്ചപ്പോൾ ഗ്ലാസ് അഴിച്ചെടുക്കാൻ അനുവാദം ലഭിച്ചുവെന്നാണ് കമെന്റ് ബോക്സിൽ വീഡിയോ പ്രചരിപ്പിച്ചയാൾ പറയുന്നത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെ ഒരു നടപടി ക്രമം ഇല്ലെന്നും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അധികൃതർ വ്യക്തമാക്കി. ബസിലെ ജിവനക്കാരെ വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് വിശദീകരണം തേടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും സ്വിഫ്റ്റ് മാനേജ്മെന്റ് വ്യക്തമാക്കി. സംഭവത്തെ ഗൗരവത്തോടെ കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകറും എടുത്തിട്ടുണ്ട്.
അനാവശ്യമായി ബസ് സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുകയും ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത കെഎസ്ആർടിസി താൽക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടത് ഏറെ ചർച്ചയായിരുന്നു. അത് മന്ത്രി കെബി ഗണേശ് കുമാർ ഗതാഗത മന്ത്രിയായതിന്റെ മാറ്റമായി വിലയിരുത്തി. ആ സംഭവത്തിൽ രണ്ടു സ്ഥിരം ജീവനക്കാരെ സസ്പെൻഡും ചെയ്തു. പാറശാല ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ പി.ബൈജുവിനെയാണ് പിരിച്ചുവിട്ടത്. ഇതേ ഡിപ്പോയിലെ കണ്ടക്ടർ ശ്രീജിത്ത് രവി, പാറശാല യൂണിറ്റിൽ അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ ചുമതല വഹിക്കുന്ന ചാർജ്മാൻ കെ.സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഈ നടപടിക്ക് കാരണമായ സംഭവം ജനുവരി 9ന് ആയിരുന്നു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സിഎംഡി എത്തിയപ്പോഴാണ് നെയ്യാറ്റിൻകര - കളിയിക്കാവിള ബസ് ബേയിൽ യാത്രക്കാരെ കയറ്റുന്നതിനായി പാർക്ക് ചെയ്തിരുന്ന സിഎസ് 88 (ജെഎൻ 548) നമ്പർ ബസ്, ഡ്രൈവറോ കണ്ടക്ടറോ ഇല്ലാതെ സ്റ്റാർട്ട് ചെയ്ത് നിർത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബസ് സ്റ്റാർട്ടിങ്ങിൽ നിർത്തിയിരിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ സെൽഫ് എടുക്കാത്തതു കൊണ്ടാണെന്ന് ഡ്രൈവർ പരുഷമായി മറുപടി നൽകി. ഒരു തുള്ളി ഡീസൽ പോലും പാഴാക്കരുതെന്ന നിർദ്ദേശം നിലനിൽക്കെ അനാവശ്യമായി ബസ് സ്റ്റാർട്ടിങ്ങിൽ നിർത്തിയിടുകയും ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത താൽക്കാലിക ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ 20 മിനിറ്റോളം എൻജിൻ ഓഫാക്കാതെ ബസ് സ്റ്റാർട്ട് ചെയ്ത നിലയിലായിരുന്നുവെന്നും കണ്ടെത്തി.
വരുമാനത്തിന്റെ 50 ശതമാനത്തോളം തുക ഡീസലിനായി ചെലവാകുന്ന നിലവിലെ സാഹചര്യത്തിൽ, 20 മിനിറ്റോളം ബസ് സ്റ്റാർട്ട് ചെയ്ത് ഡീസൽ ദുരുപയോഗം ചെയ്തത് നിരുത്തരവാദപരമായ പ്രവൃത്തിയായതു കൊണ്ടാണ് താൽക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടത്. കോർപറേഷന്റെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ ശ്രീജിത്ത് രവി, തന്റെയൊപ്പം ജോലി ചെയ്ത താൽക്കാലിക ഡ്രൈവർ ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അതു തടഞ്ഞില്ല. ഇതിനാണു കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. ബസിന്റെ തകരാർ സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോർട്ടുകൾ ഉണ്ടായിട്ടും യഥാസമയം പരിഹരിക്കാതിരുന്നതിനാണ് കെ.സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. മൂന്ന് പേരും ഒരേ തെറ്റാണ് ചെയ്തതെന്നായിരുന്നു വിലയിരുത്തൽ. ഇതിന് സമാനമാണ് സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് അഴിച്ചു മാറ്റലും.
ഇത് എങ്ങനെയാണ് ഡ്രൈവറും കണ്ടക്ടറും സമ്മതിച്ചതെന്നാണ് ഉയരുന്ന ചോദ്യം. അപകടമുണ്ടായാൽ അതിന് നഷ്ടപരിഹാരം ഈടാക്കാൻ നിയമപരമായ വഴികളുണ്ട്. അല്ലാതെ ബസിൽ അതിക്രമം കാട്ടാൻ ആർക്കും ആകില്ല. പൊലീസിനെ അപ്പോൾ അറിയിച്ച് ഗ്ലാസ് അഴിച്ചെടുക്കൽ തടയാത്തതും ചോദ്യമായി അവശേഷിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ