ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സ് കാട്ടുതീയ്ക്ക് ഇനിയും അറുതിവന്നില്ല. കൂടുതല്‍ ഭാഗങ്ങളിലേക്ക് കത്തിപ്പടരുകയാണ് കാട്ടുതീ. ഫയര്‍ഫൈറ്റേഴ്‌സ് തീവ്രശ്രമം തുടരുമ്പോഴും ഹോളിവുഡിനെ ഭയപ്പെടുത്തി തീ ആളിപ്പടരുന്ന അവസ്ഥയാണ്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16 മരണങ്ങളും പതിനായിരം വീടുകളുടെ നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ ഇടങ്ങളിലേക്ക് പടരുകയാണ് കാട്ടുതീ.

1,000 ഏക്കറിലേക്കു കൂടി വ്യാപിച്ച് ഇപ്പോള്‍ ബ്രെന്റ്വുഡിനെ ഭീഷണിപ്പെടുത്തുന്ന തീപിടിത്തത്തെ തടയാന്‍ ഹെലികോപ്ടറില്‍ വെള്ളം അടിക്കല്‍ തുടരുകയാണ്. എന്നാല്‍, ജ്വലിക്കുന്ന കുന്നുകളില്‍ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന. ഹോളിവുഡ് സൂപ്പര്‍ സ്റ്റാറും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍, ഡിസ്നി ചീഫ് എക്സിക്യൂട്ടിവ് ബോബ് ഇഗര്‍, എന്‍.ബി.എ താരം ലെബ്രോണ്‍ ജെയിംസ് എന്നിവരുടെ വീടുകള്‍ ബ്രെന്റ്‌വുഡിലാണുള്ളത്. ഇവിടെയുള്ളവരോട് പലായനം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഷ്വാസ്നെഗറിന്റെ 'ടെര്‍മിനേറ്റര്‍: ഡാര്‍ക്ക് ഫേറ്റ്' എന്ന ഹോളിവുഡ് പ്രീമിയര്‍ പ്രദേശത്ത് തീ പടര്‍ന്നതിനാല്‍ റദ്ദാക്കി.

'ഈ തീകള്‍ തമാശയല്ലെന്ന്' ലെബ്രോണ്‍ ജെയിംസ് ട്വീറ്റ് ചെയ്തു. തന്റെ വീട് അടിയന്തരമായി ഒഴിയേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒഴിപ്പിക്കല്‍ മേഖലയില്‍ സ്വന്തമായി വീടുള്ളവരില്‍ സെനറ്റര്‍ കമലാ ഹാരിസും ഉള്‍പ്പെടുന്നു. വാന്‍ ഗോഗ്, റെംബ്രാന്‍ഡ്, റൂബന്‍സ്, മോനെറ്റ്, ഡെഗാസ് എന്നിവരുടെ മാസ്റ്റര്‍പീസുകള്‍ ഉള്‍പ്പെടെ 125,000ലധികം കലാസൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന ഹില്‍ടോപ്പ് മ്യൂസിയമായ 'ഗെറ്റി സെന്ററും' ഒഴിപ്പിക്കല്‍ മേഖലയിലാണ്. കെട്ടിടത്തിന് ഇതുവരെ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

കാട്ടുതീ ഒറ്റരാത്രികൊണ്ട് വീണ്ടും ശക്തമാകുമെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു. ഈറ്റണ്‍, പാലിസേഡ്‌സ് എന്നീ തീപിടിത്തങ്ങള്‍ മൂലമാണ് മരണങ്ങളില്‍ 11 ഉം. രണ്ടാമത്തെ വലിയ തീപിടുത്തമായ ഈറ്റണ്‍, 14000 ഏക്കറിലധികം നശിപ്പിക്കുകയും 15ശതമാനം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. എന്നാല്‍, തുടക്കത്തില്‍ തീ ആളിപ്പടര്‍ത്തിയ വരണ്ട കാറ്റ് ഞായറാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ സര്‍വിസ് മുന്നറിയിപ്പ് നല്‍കി.

സങ്കല്‍പ്പിക്കാനാവാത്ത ഭീകരതയുടെയും ഹൃദയ ദ്രവീകരണത്തിന്റെയും മറ്റൊരു രാത്രിക്ക് ലോസ് ആഞ്ചല്‍സ് സാക്ഷ്യം വാഹിച്ചുവെന്ന് കൗണ്ടി സൂപ്പര്‍വൈസര്‍ ലിന്‍ഡ്‌സെ ഹോര്‍വാത്ത് ശനിയാഴ്ച പറഞ്ഞു. രണ്ട് വലിയ തീകള്‍ ചേര്‍ന്ന് മാന്‍ഹട്ടന്റെ ഇരട്ടിയിലധികം വലിപ്പമുള്ള ഒരു പ്രദേശം നശിപ്പിച്ചു. തീപിടിത്തത്തിന്റെ ആഘാതത്തെ വന്‍ നാശ നഷ്ടം എന്നാണ് മാലിബു പസഫിക് പാലിസേഡ്സ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മേധാവി ബാര്‍ബറ ബ്രൂഡര്‍ലിന്‍ വിശേഷിപ്പിച്ചത്. 'എല്ലാം പോയ പ്രദേശങ്ങളുണ്ട്. ഒരു തടി പോലും ബാക്കിയില്ലെ'ന്നും ബ്രൂഡര്‍ലിന്‍ പറഞ്ഞു.

അതിനിടെ, അഗ്‌നിശമന വിഭാഗത്തിനുള്ള ബജറ്റ് വെട്ടിക്കുറച്ച നടപടിക്കെതിരെ രോഷമുയര്‍ന്നിട്ടുണ്ട്. ലോസ് ആഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനായി പ്രതിവര്‍ഷം കോടിക്കണക്കിന് തുക നല്‍കുന്നതിനായി മറ്റ് നഗര പരിപാലന സംവിധാനങ്ങള്‍ക്ക് സ്ഥിരമായ പണം മുടക്കുന്നത് അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പീപ്പിള്‍സ് സിറ്റി കൗണ്‍സില്‍ അഭിഭാഷകനും സംഘാടകനുമായ റിക്കി സെര്‍ജിങ്കോ കുറ്റപ്പെടുത്തി. തന്റെ വകുപ്പിനുള്ള17 ദശലക്ഷം ഫണ്ട് വെട്ടിക്കുറച്ചതും പാലിസേഡുകളിലെ ഹൈഡ്രന്റുകളിലെ ജലവിതരണത്തിലെ പ്രശ്നങ്ങളും അഗ്‌നിശമന സേനാംഗങ്ങളുടെ തീപിടിത്തത്തെ നേരിടാനുള്ള ശേഷിയെ ക്ഷയിപ്പിച്ചതായി ലോസ് ഏഞ്ചല്‍സ് അഗ്‌നിശമനസേനാ മേധാവി ക്രിസ്റ്റിന്‍ ക്രൗലിയും പറഞ്ഞു.

ഏഴ് അയല്‍ സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്‍മെന്റും കാനഡയും മെക്‌സിക്കോയും കാലിഫോര്‍ണിയയിലേക്ക് വിഭവങ്ങള്‍ എത്തിക്കുന്നുണ്ട്. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഏറ്റവും വലിയ കാട്ടുതീ പടര്‍ന്ന പാലിസെയ്ഡില്‍ 11 ശതമാനവും ഈറ്റണില്‍ 15 ശതമാനവും മാത്രമാണ് തീയണയ്ക്കാനായത്. കെന്നെത് എണ്‍പതും ഹര്‍സ്റ്റ് 76 ശതമാനവും ശമിച്ചിട്ടുണ്ട്. ലിഡിയ ഫയര്‍ പൂര്‍മായും അണഞ്ഞിട്ടുണ്ടെന്നും കലിഫോര്‍ണിയ അധികൃതര്‍ വ്യക്തമാക്കി.

37000 ഏക്കര്‍ സ്ഥലമാണ് അഞ്ച് ദിനംകൊണ്ട് കത്തിച്ചാമ്പലായത്. 12000 കെട്ടിടങ്ങള്‍ നശിച്ചു. 15,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. തീപിടിത്തത്തെ വന്‍ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡന്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സഹായം നല്‍കുമെന്ന് വ്യക്തമാക്കി. ദുരന്തബാധിതരുടെ വായ്പകളുടെ തിരിച്ചടിവിന് സാവകാശം നല്‍കാനും തീരുമാനമായിട്ടുണ്ട്.