പാരീസ്: ലോകമെമ്പാടുമുള്ള കലാസ്വാദകരുടെ പ്രധാന ആകര്‍ഷണകേന്ദ്രമായ പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. സ്‌കൂട്ടറുകളിലെത്തിയ അക്രമികള്‍ ജനാലകള്‍ തകര്‍ത്ത് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ശേഖരത്തില്‍ ഉള്‍പ്പെട്ട വിലപ്പെട്ട ഒമ്പതിനം ആഭരണങ്ങള്‍ കവര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മ്യൂസിയം താല്‍ക്കാലികമായി അടച്ചിട്ടു.

പുലര്‍ച്ചെയോടെയാണ് സംഭവം. പ്രതികള്‍ സ്‌കൂട്ടറുകളില്‍ അതിവേഗം ലൂവ്ര് മ്യൂസിയത്തിലേക്ക് എത്തുകയും ചെയിന്‍സോ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുകയുമായിരുന്നു. ലക്ഷ്യം വെച്ചത് നെപ്പോളിയന്റെ ചരിത്രപ്രധാനമായ ആഭരണശേഖരമായിരുന്നു.

ആഭരണങ്ങളടക്കം ഒമ്പത് അമൂല്യ വസ്തുക്കള്‍ മോഷ്ടിച്ചതായാണ് പ്രാഥമിക വിവരം. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മറയാക്കിയാണ് മോഷ്ടാക്കള്‍ മ്യൂസിയത്തില്‍ കടന്നുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സമീപം സ്ഥാപിച്ച ലിഫ്റ്റ് വഴിയാണ് സംഘം അകത്തേക്ക് പ്രവേശിച്ചത്. മോഷ്ടാക്കള്‍ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം സ്‌കൂട്ടറിലാണ് രക്ഷപ്പെട്ടത്.




മുഖംമൂടി ധരിച്ചെത്തിയ സംഘം ആയുധങ്ങളുമായി കെട്ടിടത്തിനകത്ത് പ്രവേശിച്ച് സീന്‍ നദിയുടെ സമീപത്തുള്ള അപ്പോളോ ഗാലറി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. നഷ്ടപ്പെട്ട വസ്തുക്കളുടെ മൂല്യം ഇതുവരെ വിലയിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാച്ചിദ ദാതി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയതും കൂടുതല്‍ സന്ദര്‍ശകരെത്തുന്നതുമായ ലൂവ്രെ മ്യൂസിയം ഫ്രഞ്ച് രാജാക്കന്‍മാരുടെ മുന്‍ കൊട്ടാരമായിരുന്നു. പുരാതനകാലം മുതല്‍ ആധുനിക കാലം വരെയുള്ള നിരവധി അമൂല്യ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

കവര്‍ച്ചയുടെ ദീര്‍ഘകാല ചരിത്രം

ലോക പ്രശസ്തമായ മ്യൂസിയത്തിന്റെ ചരിത്രത്തില്‍ നിരവധി കവര്‍ച്ചകളും കവര്‍ച്ചാശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. 1911 ല്‍ മോണാലിസയുടെ ചിത്രം ഫ്രെയിമില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. വിന്‍സെന്‍സോ പെറുഗിയ എന്ന കളളന്‍ മ്യൂസിയത്തില്‍ ഒളിച്ചിരുന്ന ശേഷം കോട്ടിനുള്ളില്‍ ഒളിപ്പിച്ച് പെയിന്റിങ്ങുമായി കടക്കുകയായിരുന്നു.

രണ്ടുവര്‍ഷത്തിന് ശേഷം ഫ്‌ളോറന്‍സില്‍ നിന്ന് ചിത്രം കണ്ടെടുത്തു. 1983 ല്‍, സമാനസംഭവത്തില്‍, നവോത്ഥാന കാലത്തെ പടച്ചട്ടകളാണ് മോഷണം പോയത്. നാലുപതിറ്റാണ്ടുകള്‍്ക്ക് ശേഷമാണ് ഇവ കണ്ടെത്തിയത്.

ദിവസവും 30,000 സന്ദര്‍ശകര്‍

ലൂവ്രെ മ്യൂസിയത്തില്‍ ദിവസവും 30,000 സന്ദര്‍ശകരെങ്കിലും എത്താറുണ്ട്. അമൂല്യമായ 33,000 ലേറെ പുരാവസ്തുക്കളും, ശില്‍പങ്ങളും പെയിന്റിങ്ങുകളും ഇവിടെ കാണാം. ലിയനാഡോ ഡാവിഞ്ചിയുടെ മോണാലിസയെ കൂടാതെ വീനസ് ഡി മിലോ, വിങ്ഡ് വിക്ടറി ഓഫ് സാമോത്രേസ് എന്നിവ ആകര്‍ഷണ കേന്ദ്രങ്ങളാണ്.