- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷ്ടാക്കള്‍ നടത്തിയത് ഹോളിവുഡ് സിനിമയെ പോലും വെല്ലും വിധത്തിലുള്ള ഓപ്പറേഷന്; നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ സമര്‍ത്ഥമായ പ്ലാനിംഗോടെ നടത്തിയ മോഷണം; പുറത്തുവന്നത് മോഷ്ടാക്കള്‍ ചില്ലുകൂട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍; നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ആഭരണങ്ങള്‍ എന്നന്നേക്കുമായി നഷ്ടമാകുമോ?
നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ആഭരണങ്ങള്‍ എന്നന്നേക്കുമായി നഷ്ടമാകുമോ?
പാരിസ്: ലോകത്തെ നടുക്കുന്ന മോഷണമാണ് ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ ഉണ്ടായത്. വിലമതിക്കാന്‍ കഴിയാത്ത അമൂല്യ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ സമര്‍ത്ഥമായി കൈക്കലാക്കിയത്. ഇതിനായി ഹോളിവുഡ് സിനിമകളിലെ രംഗങ്ങളെ പോലും വെല്ലുന്ന പ്ലാനിംഗാണ് നടത്തിയത്. ഇത് നടപ്പിലാക്കുന്ന ദൃശ്യങ്ങളില്‍ നിന്നും ഇത് വ്യക്തമാണ്. ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. ഇത് വീണ്ടെടുക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
മോഷണത്തിന്റെ ചില ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മോഷ്ടാക്കളിലൊരാള്‍ വിലമതിക്കാനാവത്ത വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ചില്ലുകൂട് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മ്യൂസിയത്തിന്റെ ഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇത് മുതലാക്കിയാണ് മോഷണസംഘം മ്യൂസിയത്തിനുള്ളിലേക്ക് കടന്നത്. ഇവിടെനിന്ന് ബാസ്‌കറ്റ് ലിഫ്റ്റ് ഉപയോഗിച്ച് മൂന്നോ നാലോ മോഷ്ടാക്കള്‍ ഗാലറിയിലെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. മോഷണത്തിന് പിന്നാലെ ഇതേവഴി പുറത്തെത്തി മോട്ടോര്‍ സൈക്കിളില്‍ രക്ഷപെടുകയും ചെയ്തു. മോഷണം നടന്നതിനെത്തുടര്‍ന്ന് മ്യൂസിയം അടച്ചു. മോഷ്ടാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.
സഞ്ചാരികളുടെ മാത്രമല്ല, കവര്‍ച്ചക്കാരുടെയും പ്രിയ മ്യൂസിയമാണ് പാരിസിലെ ലൂവ്ര്. ലിയനാര്‍ദോ ഡാവിഞ്ചിയുടെ മാസ്റ്റര്‍പീസ് സൃഷ്ടിയായ മൊണലിസയെ മോഷ്ടിച്ചതുള്‍പ്പെടെ പല കവര്‍ച്ചകളുടെ വലിയ ചരിത്രമുള്ള മ്യൂസിയം കൂടിയാണിത്. 1911ല്‍ മ്യൂസിയം ജീവനക്കാരിലൊരാളാണ് മുറിക്കുള്ളില്‍ ഒളിച്ചിരുന്ന് ആ ലോകപ്രശസ്ത പെയ്ന്റിങ് കൈക്കലാക്കി പുറത്തുകടത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം ഫ്‌ലോറന്‍സില്‍നിന്ന് മോണലിസയെ തിരികെക്കിട്ടി. പെയ്ന്റിങ് വിശ്വപ്രസിദ്ധമായത് ഈ മോഷണത്തിനുശേഷമാണ്.
12-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫിലിപ്പ് രണ്ടാമന്‍ രാജാവ് പാരിസ് നഗരത്തെ സംരക്ഷിക്കാന്‍ നിര്‍മിച്ച ഒരു കോട്ടയായിരുന്നു ലൂവ്ര്. പിന്നീട് ഫ്രാന്‍സിസ് ഒന്നാമന്‍ രാജാവിന്റെ കാലത്ത് (16ാം നൂറ്റാണ്ട്) ഇത് രാജാക്കന്മാരുടെ കൊട്ടാരമായി രൂപാന്തരപ്പെട്ടു. ലൂയി പതിനാലാമന്‍ രാജാവ് വേഴ്‌സായിലെ കൊട്ടാരത്തിലേക്ക് താമസം മാറിയതോടെ ലൂവ്ര് ഒരു കലാശേഖരണ കേന്ദ്രമായി മാറി.
ഫ്രഞ്ച് വിപ്ലവകാലത്ത് രാജ്യത്തിന്റെ കലാസൃഷ്ടികള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി 1793 ആഗസ്റ്റ് 10ന് ലൂവ്ര് ഔദ്യോഗികമായി ഒരു പൊതു മ്യൂസിയമായി തുറന്നു. മെസപ്പൊട്ടേമിയ, ഈജിപ്ത്, ഗ്രീസ്, റോം എന്നിവിടങ്ങളിലെ പുരാവസ്തുക്കള്‍, ചിത്രകലകള്‍, ശില്പങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി പ്രീ-ഹിസ്റ്ററി കാലഘട്ടം മുതല്‍ 21-ാം നൂറ്റാണ്ടുവരെയുള്ള 380,000ത്തിലധികം വസ്തുക്കളുടെ വലിയ ശേഖരം ലൂവ്ര് മ്യൂസിയത്തിലുണ്ട്. ഇതില്‍ 35,000ഓളം സൃഷ്ടികള്‍ പൊതുപ്രദര്‍ശനത്തിനായി വെച്ചിട്ടുണ്ട്.
ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായി കിരീടധാരണം ചെയ്ത ശേഷം നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ജോസഫൈന്റെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. ഇവയില്‍ മാരീ ലൂയിസ് ചക്രവര്‍ത്തിനിയുടെ ഒന്ന് മരതകങ്ങളാല്‍ നിര്‍മ്മിച്ച ഒരു ആഭരണ സെറ്റാണ്. ചതുരം, പിയര്‍, ഓവല്‍ ആകൃതിയിലുള്ള 32 മരതകങ്ങള്‍ ഉപയോഗിച്ചുള്ള അലങ്കരിച്ച മാലയും കമ്മലുകളുമാണ് ഇവയിലുള്ളത്. അവയില്‍ ഓരോന്നും വജ്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.
മറ്റൊന്ന് 1852 മുതല്‍ 1870 വരെ ഫ്രാന്‍സ് ഭരിച്ചിരുന്ന നെപ്പോളിയന്‍ മൂന്നാമന്റെ ഭാര്യ യൂജീനി ചക്രവര്‍ത്തിനിയുടെ ചരിത്രപ്രസിദ്ധമായ യൂജീനി കിരീടമാണ് (ടിയാര). മോഷ്ടാക്കള്‍ രക്ഷപ്പെടുന്നതിനിടെ ഇത് മ്യൂസിയത്തിന് പുറത്ത് ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ ഇത് കണ്ടെടുത്തിട്ടുണ്ടെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായതായും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണത്തില്‍ നിര്‍മ്മിച്ച കിരീടത്തില്‍ പക്ഷികളുടെ രൂപങ്ങള്‍, ഡസന്‍ കണക്കിന് മരതകങ്ങള്‍, എണ്ണമറ്റ വജ്രങ്ങള്‍ എന്നിവയുണ്ടെന്നാണ് ലൂവ്രിന്റെ വെബ്‌സൈറ്റ് പറയുന്നത്. 1980 കള്‍ മുതല്‍ ഇത് ലൂവ്ര് മ്യൂസിയത്തിലുണ്ട്.
മറ്റൊന്ന് 1800 കളുടെ അവസാനത്തില്‍ നിര്‍മ്മിച്ച ഒരു ബ്രൂച്ച് ആണ്. തൊങ്ങലുകള്‍, റിബണ്‍, രത്‌നക്കല്ലുകള്‍ എന്നിവ അടങ്ങിയ അമൂല്യമായ ബ്രൂച്ചാണിത്. ക്വീന്‍ മേരി-അമെലി, ക്വീന്‍ ഹോര്‍ട്ടെന്‍സ് എന്നിവരുടെ ഇന്ദ്രനീല സെറ്റിലെ ഒരു ടിയാര, മാല, കമ്മല്‍ എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ട മറ്റ് വസുതുക്കള്‍.
കവര്‍ച്ച ചെയ്യപ്പെട്ട ഈ ആഭരണങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കുന്നത് തീര്‍ത്തും അസാധ്യമാണ്. കാരണം അതിന്റെ ചരിത്രപരമായ പ്രാധാന്യം വിലമതിക്കാനാവാത്തതാണ്. ഫ്രാന്‍സിന്റെ രാജവാഴ്ചയുടേയും ചരിത്രത്തിന്റെയും ഭാഗമാണിവ. അധികാരത്തിന്റെയും പദവിയുടെയും ആത്യന്തിക ചിഹ്നങ്ങള്‍. മാത്രമല്ല അസാധാരണവും അപൂര്‍വവും വിലയേറിയതുമായ രത്‌നക്കല്ലുകളുടെ സംയോജനവും അഭൂതപൂര്‍വ്വമായ കരകൗശല വൈദഗ്ധ്യവും രൂപകല്‍പ്പനയും ഈ ആഭരണങ്ങളുടെ മുഖമുദ്രയാണ്.