- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാചകവാതക ക്ഷാമത്തിനിടെ സിലിണ്ടര്‍ മോഷണം; തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്നുള്ള കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹോട്ടലുടമ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി; പാചകവാതക ക്ഷാമം നേരിടാന്‍ മുന്‍ഗണന ക്രമവുമായി സംസ്ഥാന സര്‍ക്കാര്‍; കൊച്ചിയില്‍ ഇതുവരെ പൂട്ടിയത് 2500ഓളം ഹോട്ടലുകള്‍
പാചകവാതക ക്ഷാമത്തിനിടെ സിലിണ്ടര്‍ മോഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. ഇതിനിടെ പ്രതിസന്ധി രൂക്ഷമാകവേ ആശങ്കപ്പെടുത്തുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തിരുവനന്തപുരത്ത് സിലിണ്ടര്‍ മോഷണം. ചാലയിലെ ആര്യശാലയിലെ വിഎസ് ഹോട്ടലില്‍ നിന്നാണ് സിലിണ്ടര്‍ കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മോഷണം. സംഭവത്തില്‍ ഹോട്ടലുടമ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഗാര്‍ഹിക പാചക വാതക വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ ഇടപെടേണ്ടത് കേന്ദ്രമാണ്. സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവര്‍ കണ്ണു തുറക്കണമെന്നും ജി.ആര്‍. അനില്‍ പറഞ്ഞു. പാചകവാതക ക്ഷാമം രൂക്ഷമായതോടെ കൊച്ചിയില്‍ ഇതുവരെ 2500ഓളം ഹോട്ടലുകളാണ് പൂട്ടിയത്.
എല്‍പിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാചകത്തിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കുമെന്നും കേന്ദ്രം സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഗ്രാമീണമേഖലയില്‍ സിലിന്‍ഡര്‍ ബുക്കിങ്ങിനുള്ള ഇടവേള 25ല്‍ നിന്ന് 45 ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം പാചകവാതക ക്ഷാമം നേരിടാന്‍ വിതരണത്തില്‍ മുന്‍ഗണന ക്രമം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമാണ് പ്രഥമ പരിഗണന. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന് അനുവദിച്ച ഗാര്‍ഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. പാചക വാതക സിലണ്ടറുകളുടെ ഉപഭോഗം നിരീക്ഷിക്കാന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് കമ്മറ്റി സജ്ജീകരിക്കും.
ഗാര്‍ഹികേതര വിതരണത്തിനും മുന്‍ഗണനാക്രമം നിശ്ചയിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാന്‍ എന്‍ഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു. എന്നാല്‍ എല്‍പിജി പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആളുകള്‍ തിരക്ക് കൂട്ടി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് തെറ്റിദ്ധാരണയും വ്യാജ വിവരങ്ങളും മൂലമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചു.
എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 40,000 ലിറ്റര്‍ അധിക മണ്ണെണ്ണ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എല്‍പിജിയുടെ ക്ഷാമത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. അതേസമയം രാജ്യത്തെ ക്രൂഡ് ഓയില്‍ വിതരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഒരു ലക്ഷം പെട്രോള്‍ പമ്പുകളിലും ക്ഷാമമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് അടച്ചത് പാചകവാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചെന്നും രാജ്യം മുന്‍പെങ്ങും കാണാത്ത സാഹചര്യമാണിതെന്നുമാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യത്തെവിടെയും എല്‍പിജി ലഭ്യത ഇല്ലാതായിട്ടില്ലെന്നും ബുക്കിങ് പലമടങ്ങ് വര്‍ധിച്ചത് പരിഭ്രാന്തിയെത്തുടര്‍ന്നാണെന്നുമാണ് മന്ത്രാലയം വിശദീകരിക്കുന്നത്.


