- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൈവറ്റ് ബിരുദ വിദ്യാർത്ഥികളോട് ചിറ്റമ്മ നയം തുടർന്ന് എംജി യൂണിവേഴ്സിറ്റി; സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റിന് അവസരമില്ല: പരാതിയും പരിഭവവും ഗൗനിക്കാതെ യൂണിവേഴ്സിറ്റി അധികൃതർ; എണ്ണായിരത്തോളം കുട്ടികളുടെ ഭാവി തുലാസിൽ
പത്തനംതിട്ട: എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള് പ്രൈവറ്റ് ബിരുദ വിദ്യാർത്ഥികളുടെ ഇംപ്രൂവ്മെന്റ് അവസരം നഷ്ടമാകുന്നു. 2020 ലെ അഡ്മിഷൻ ബിരുദ പ്രൈവറ്റ് വിദ്യാർത്ഥികൾ ഇംപ്രൂവ്മെന്റ് അവസരം ലഭിക്കുന്നില്ലെന്നാണ് പരാതി. ഇവർക്ക് ഒന്നു മുതൽ അഞ്ചു വരെയുള്ള സെമസ്റ്ററുകളുടെ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് പരീക്ഷാ അവസരമാണ് നഷ്ടപ്പെടുത്തിയത്. ആദ്യ അവസരത്തിൽ ഏതെങ്കിലും വിഷയങ്ങൾക്ക് പരാജയപ്പെടുന്നവർക്ക് അവരുടെ അക്കാദമിക വർഷം നഷ്ടപ്പെടാത്ത വിധത്തിൽ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് അവസരം ലഭിക്കാറുണ്ട്.
ആറിന് ഒഴികെ ബാക്കി എല്ലാ സെമസ്റ്ററുകൾക്കും ഈ അവസരം ലഭിക്കും. ഒന്നു മുതൽ നാലു വരെയുള്ള സെമസ്റ്റർ പരീക്ഷകൾക്ക് തങ്ങളുടെ ജൂനിയർ ബാച്ചുകൾക്കൊപ്പവും അഞ്ചാം സെമസ്റ്ററിന് മാത്രമായി സ്പെഷൽ സപ്ലിമെന്ററി എന്ന പേരിലും ആണ് അവസരം കൊടുക്കാറുള്ളത്.
2020 അഡ്മിഷൻ റെഗുലർ വിദ്യാർത്ഥികളുടെയും പ്രൈവറ്റ് വിദ്യാർത്ഥികളുടെയും ഒന്നുമുതൽ ആറു വരെയുള്ള എല്ലാ സെമസ്റ്ററിന്റെയും പരീക്ഷകൾ കഴിഞ്ഞു. രണ്ടാം സെമസ്റ്റർ മുതൽ റെഗുലറിനും പ്രൈവറ്റിനും ഒരേ ബിരുദ പരീക്ഷകളാണ് നടത്തിയത്. ആറാം സെമസ്റ്റർ ഒഴികെയുള്ളതിന്റെ ഫലവും വന്നു. എന്നാൽ റെഗുലർ കോളജിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഒന്നു മുതൽ അഞ്ചു വരെയുള്ള എല്ലാ സെമസ്റ്ററുകൾക്കും ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി അവസരം ലഭിച്ചപ്പോൾ പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് ഒറ്റ സെമസ്റ്ററിനും അവസരം കൊടുത്തില്ല.
പ്രൈവറ്റ് വിഭാഗത്തിൽ ആദ്യ അവസരത്തിൽ പാസായ വളരെ കുറച്ചു വിദ്യാർത്ഥികൾക്ക് മാത്രമേ അക്കാദമിക വർഷം നഷ്ടപ്പെടാതെ ബിരുദ യോഗ്യത നേടാൻ കഴിയു. എന്നാൽ റെഗുലർ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് അവസരം കൂടി ലഭിച്ചതിനാൽ താരതമ്യേന മെച്ചപ്പെട്ട റിസൾട്ട് ലഭിക്കും. പ്രൈവറ്റ് വിദ്യാഭ്യാസ മേഖല തകർക്കുന്ന സർവകലാശാലയുടെ ഇത്തരം നടപടികൾ മുൻ വർഷങ്ങളിലും ഉണ്ടായിരുന്നു. പരാതി കൊടുത്തിട്ടും ഫലമുണ്ടാകാത്തതിനാൽ പാരലൽ കോളേജ് അസോസിയേഷന്റെ നേതൃത്വത്തിൽ 2020 ൽ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പെറ്റിഷൻ സമർപ്പിച്ചിരുന്നു. പരാതി കണക്കിലെടുക്കണമെന്ന് കോടതി സർവകലാശാലയോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കോടതി നിർദ്ദേശം വിദ്യാർത്ഥി പക്ഷത്തു നിന്ന് ഉൾക്കൊള്ളുവാൻ സർവകലാശാല തയാറായിട്ടില്ല. 2020ൽ അഡ്മിഷൻ എടുത്ത 8000 ത്തോളം വിദ്യാർത്ഥികൾക്കും അവരുടെ സീനിയേഴ്സ് വിഭാഗത്തിലെ തോറ്റവർക്കും സർവകലാശാലയുടെ ഈ വേർതിരിവ് നടപടി മൂലം അക്കാദമിക വർഷം നഷ്ടപ്പെടും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്