ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരുതലോടെ പ്രതികരിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അപവാദങ്ങളും കിംവദന്തികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് സ്റ്റാലിന്റെ അഭ്യര്‍ഥന.

ഒരു രാഷ്ട്രീയ നേതാവും തന്റെ അനുയായികളോ മറ്റു ജനങ്ങളോ മരിക്കാന്‍ ആഗ്രഹിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. വിജയിനെ കുറ്റപ്പെടുത്താതെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. 'കരൂരില്‍ സംഭവിച്ചത് ഒരു വലിയ ദുരന്തമാണ്, ഭയാനകമായ ദുരന്തം. മുമ്പൊരിക്കലും സംഭവിക്കാത്തതും ഇനി ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായ ഒരു ദുരന്തം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും അവരെല്ലാം നമ്മുടെ തമിഴ് സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും പൊതു സംഘടനകളുമായും കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളും പൊതു സംഘടനകളും ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ എങ്ങനെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്ന് വ്യക്തമാക്കുന്നതിന് നിയമങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങളും വ്യക്തിപരമായ തര്‍ക്കങ്ങളും ശത്രുതയും മാറ്റിവെച്ച് ജനങ്ങളുടെ ക്ഷേമത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കരൂര്‍ ദുരന്തത്തില്‍ പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ വിജയ്ക്കെതിരേയും ഗുരുതര പരാമര്‍ശങ്ങളുള്ളതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂര്‍വം വൈകിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. നാമക്കലില്‍ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകള്‍ വൈകിയാണ് വിജയ് എത്തിച്ചേര്‍ന്നത്. ഇത് കൂടുതല്‍ ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ കാരണമായെന്നും എഫ്‌ഐആറില്‍ പറയുന്നു.

സ്വന്തം പാര്‍ട്ടിയുടെ ശക്തി പ്രകടനമാണ് വിജയ് കരൂരില്‍ ലക്ഷ്യമിട്ടത്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനും, കൂടുതല്‍ ആളെ എത്തിക്കുന്നതിനും വേണ്ടി വൈകുകയും റോഡ് ഷോ നടത്തുകയും ചെയ്തു. അനുമതിയില്ലാതെ പലയിടത്തും വിജയ് റോഡില്‍ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥലത്തെത്തിയത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തമിഴക വെട്രി കഴകം സംസ്ഥാന ഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ കൂട്ടാക്കിയില്ല.

ആള്‍ക്കൂട്ടം വളരെ മണിക്കൂറുകളായി കാത്തിരിക്കുന്നു, ഇനിയും അനിയന്ത്രിതമായി ആളുകളെത്തിച്ചേരുന്ന സ്ഥിതിയാണ്. അതിനാല്‍ പരിപാടി ഇനിയും വൈകരുതെന്ന് നിര്‍ദേശിച്ചു. അനുമതിയില്ലാതെ വിജയ് റോഡില്‍ ഇറങ്ങുന്നതും പ്രശ്നമാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതാണ് ഇത്രയേറെ മരണത്തിന് കാരണമായെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ എഫ്ഐആറില്‍ വിജയിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിടുക്കപ്പെട്ട് വിജയിനെ പ്രതി ചേര്‍ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എം കെ സ്റ്റാലിന്‍ സര്‍ക്കാരുള്ളത്.

ശനിയാഴ്ച കരൂരില്‍നടന്ന, വിജയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പോരാണ് മരിച്ചത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താന്‍ ആറേഴ് മണിക്കൂര്‍ വൈകിയെന്നാണ് റിപ്പോര്‍ട്ട്.