- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ ചുമതലയില്‍ നിന്ന് മാറ്റി; അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് പകരം ചുമതല; കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്ത് സര്‍ക്കാര്‍ ഉത്തരവ്; ബി അശോക ഐഎഎസിനെ അപ്രധാന വകുപ്പുകളിലേക്കും മാറ്റി സര്‍ക്കാറിന്റെ പകപോക്കല്‍
എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടര്‍ന്ന് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് ഭരണനിര്‍വഹണ ചുമതല നല്‍കി. ഐഎഎസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാവൂ എന്ന കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്താണ് സര്‍ക്കാരിന്‍െ നടപടി. അതേസമയം സര്‍ക്കാര്‍ താല്‍പ്പര്യത്തിന് വിരുദ്ധമായ ഇത്തരമൊരു ഉത്തരവിന് കാരണമായ ഹര്‍ജി നല്‍കിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി അശോകിനെതിരെ സര്‍ക്കാര്‍ പകപോക്കലും തുടങ്ങിയിട്ടുണ്ട്.
അശോകിനെ അപ്രധാന വകുപ്പുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. സൈനിക ക്ഷേമം, സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് അശോകിനെ സ്ഥലം മാറ്റിയത്. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ അല്ലാത്തവരെ നിയമിച്ചത് ചോദ്യം ചെയ്താണ് ഐഎഎസ് ഓഫീസേഴ്‌സ് അസോസിയഷനും ബി അശോകും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചത്. കേഡര്‍ തസ്തികകളില്‍ നിലവില്‍ തുടരുന്ന ഐഎഎസ് ഇല്ലാത്തവര്‍ സ്ഥാനമൊഴിയണമെന്നും ട്രിബ്യൂണലിന്റെ ഉത്തരവിലുണ്ട്.
ഇതോടെയാണ് എം ആര്‍ അജിത് കുമാറിന് സ്ഥാനം നഷ്ടപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉത്തരവ് വന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഈ ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല. ഈ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമോയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ ചുമതലയില്‍ നിന്ന് മാറ്റിയത്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.
2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ബി. അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്കളും കോടതി റദ്ദാക്കിയിരുന്നു. ഐഎഎസ് കേഡര്‍ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി.
ഇതോടെ എക്‌സൈസ് കമ്മീഷണറായ എം.ആര്‍ അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് നീക്കിയത്. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഒരു ഐഎഎസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും സിഎടി നിരീക്ഷിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ ഈ സ്ഥാനത്ത് നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് കോടതിയുടെ കണ്ടെത്തിയിരുന്നു.


